ദുബായ്: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ യു.എ.ഇ. പ്രഖ്യാപിച്ച പ്രവേശന വിലക്ക് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികളെ ദുരിതത്തിലാക്കി. ഏപ്രിൽ 24 ശനിയാഴ്ച വൈകീട്ടു മുതൽ 10 ദിവസത്തേക്കാണ് യു.എ.ഇ. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയവർ വിമാനടിക്കറ്റിനായി നെട്ടോട്ടമായിരുന്നു. വിലക്ക് നീട്ടിയേക്കാമെന്ന ആശങ്കയുമുണ്ട്. ദുബായിലെത്താൻ 48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം ഹാജരാക്കണമെന്ന പുതിയ നിബന്ധനയും പ്രയാസമുണ്ടാക്കുന്നു. നാട്ടിലേക്ക് അവധിക്ക് പോയവരിൽ ഭൂരിഭാഗവും ചെറിയ പെരുന്നാൾ കഴിഞ്ഞ് മടങ്ങാനിരിക്കുന്നവരാണ്. വിവാഹം, ആശുപത്രി ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് കുറച്ചുദിവസത്തെ അവധിക്ക് പോയവരുമുണ്ട്. 10 ദിവസത്തിനുള്ളിൽ തൊഴിൽവിസ, താമസവിസ, പാർട്ണേഴ്സ് വിസ എന്നിവ തീരാനിരിക്കുന്നവരും കൂട്ടത്തിലുണ്ട്. തിരിച്ചെത്തിയില്ലെങ്കിൽ തൊഴിൽ പോകുമെന്ന അവസ്ഥയിലാണ് ചിലർ. യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരുന്ന പലർക്കും യാത്ര റദ്ദാക്കേണ്ടി വന്നു. ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ ദിർഹം (ഏകദേശം 20,404 രൂപ) മുടക്കി ടിക്കറ്റെടുത്തവരുമുണ്ട്. തുക തിരികെ നൽകാനോ വീണ്ടും ബുക്ക് ചെയ്യാനോ ഉള്ള ക്രമീകരണങ്ങൾ ഇത്തിഹാദ് എയർവേസ്, എമിറേറ്റ്സ്, ഫ്ളൈദുബായ് എന്നീ വിമാനക്കമ്പനികൾ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ എന്നിവരുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഖത്തറും ബഹ്റൈനും മാത്രമാണ് നിലവിൽ നിയന്ത്രണങ്ങളോടെ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നത്. കേരളത്തിൽ ടിക്കറ്റിനായി നെട്ടോട്ടം കൊച്ചി: കോഴിക്കോട് നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ബുക്കിങ് വ്യാഴാഴ്ച രാത്രിയോടെതന്നെ പൂർത്തിയായിരുന്നു. 10000 മുതൽ 13000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ 40,000 മുതൽ 50,000 രൂപ വരെ ആക്കി ഉയർത്തിയതായി ട്രാവൽ ഏജൻസികൾ പറഞ്ഞു. കോഴിക്കോട് നിന്നും കണ്ണൂരിൽനിന്നും സ്വകാര്യ ട്രാവൽ ഏജൻസികൾ വിമാനം ചാർട്ടർ ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്ന് റാസൽ ഖൈമയിലേക്കാണിത് കൊച്ചിയിൽ നിന്നും നേരിട്ട് ടിക്കറ്റ് കിട്ടാത്തവർ മറ്റു സംസ്ഥാനങ്ങൾ വഴി യു.എ.ഇ.യിലേക്കു പോകാൻ ശ്രമിക്കുന്നുണ്ട്. ഡൽഹി വഴി ദുബായിലേക്കു പോകുന്നതിന് 86,000 രൂപ വരെ നൽകേണ്ടി വരുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച ദുബായിലേക്ക് 22000, അബുദാബിയിലേക്ക് 32000, മസ്കറ്റിലേക്ക് 40000, ഷാർജയിലേക്ക് 27000 എന്നിങ്ങനെയായിരുന്നു നിരക്ക്. കഴിഞ്ഞമാസം ദുബായിലേക്കും ഷാർജയിലേക്കും 12000 രൂപമുതൽ ടിക്കറ്റ് ലഭിച്ചിരുന്നു. മസ്കറ്റിലേക്കും അബുദാബിയിലേക്കും 15000 രൂപമുതലായിരുന്നു ടിക്കറ്റ് നിരക്ക്. മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വെള്ളിയാഴ്ച യു.എ.ഇയിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തിയെങ്കിലും കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ പലർക്കും തിരിച്ചടിയായി. ഗോ എയറിന്റെ സർവീസാണ് വൈകീട്ട് ഷാർജയിലേക്ക് ഉണ്ടായിരുന്നത്. 180 സീറ്റുകളുള്ള വിമാനത്തിൽ പകുതിയോളം യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ഷാർജയിലേക്കുള്ള ടിക്കറ്റിന് 33000 രൂപ വരെയാണ് ഉയർന്നത്. ശനിയാഴ്ച അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്ക് 45000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദുബായിലേക്ക് ടിക്കറ്റ് കിട്ടാനുമില്ലെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2QNlgx3
via
IFTTT
No comments:
Post a Comment