കൊച്ചി/മംഗളൂരു: കളമശ്ശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹനായി കർണാടകയിൽ വ്യാപക പരിശോധന. കൊല്ലൂർ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. സനുമോഹൻ കഴിഞ്ഞ ആറ് ദിവസം മൂകാംബികയിലെ ലോഡ്ജിൽ തങ്ങിയിരുന്നതായി വിവരം ലഭിച്ചതോടെയാണ് പോലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചത്. ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകുന്നവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു. ഏപ്രിൽ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തിൽ പോകാൻ സനു മോഹൻ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടൽ മാനേജർ ടാക്സി ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജിൽ തിരികെവന്നില്ല. ഇയാൾ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാൾ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയിൽ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല. സനു ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തിൽ പോലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നൽകാതെ മുങ്ങിയതെന്ന് മനസിലായത്. മാർച്ച് 21-നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. Content Highlights:kochi vyga death and sanu mohan missing police search in mookambika
from mathrubhumi.latestnews.rssfeed https://ift.tt/3tsNSu3
via
IFTTT
No comments:
Post a Comment