കോഴിക്കോട്: മന്ത്രി ജലീലിന് എതിരായ ലോകായുക്ത റിപ്പോർട്ടും അതിന് നിയമമന്ത്രി എ.കെ. ബാലൻ ശനിയാഴ്ച നൽകിയ വിശദീകരണവും സി.പി.എമ്മിനകത്ത് ധാർമികതയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വഴിതുറന്നു. നേരത്തേ ബന്ധുനിയമനത്തിന്റെ പേരിൽ പിണറായി മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ.പി. ജയരാജന്റെ രാജി ചോദിച്ചുവാങ്ങിയ പാർട്ടി നേതൃത്വത്തിന് ജലീലിന്റെ കാര്യത്തിൽ എന്തുകൊണ്ട് മൃദുസമീപനം എന്നതാണ് ചർച്ചകളുടെ കാതൽ. വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഭാര്യാസഹോദരിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചതായിരുന്നു ഇ.പി. ജയരാജന്റെ രാജിയിൽ കലാശിച്ചത്. 2016 ഒക്ടോബർ 14-നായിരുന്നു രാജി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നപ്പോഴാണ് മന്ത്രിസ്ഥാനത്ത് തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ് ജയരാജൻ സ്ഥാനമൊഴിഞ്ഞത്. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ജയരാജന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. നിയമനത്തിൽ ജയരാജന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി എന്നതായിരുന്നു പാർട്ടിയുടെ കണ്ടെത്തൽ. ഇതേ ആക്ഷേപംതന്നെയാണ് മന്ത്രി ജലീലിനെതിരേയും ഉയർന്നത്. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് ലോകായുക്ത ഉത്തരവ്. ജലീലിന്റെ അടുത്തബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവയും കണ്ടെത്തി. ശനിയാഴ്ച ചേർന്ന സി.പി.എം. അവയ്ലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഹൈക്കോടതിയെ സമീപിക്കാനുള്ള ജലീലിന്റെ നീക്കങ്ങൾക്ക് പിന്തുണനൽകി. ബന്ധുക്കളെ നിയമിക്കാൻ പാടില്ലെന്ന് നിയമത്തിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി ബാലൻ രംഗത്തെത്തിയതോടെയാണ് ധാർമികത ചർച്ചയായത്. ഇ.പി. ജയരാജനു കിട്ടാത്ത നീതിയും പാർട്ടി ഉയർത്തിപ്പിടിച്ച ധാർമികതയും ഇപ്പോൾ എവിടെയെന്നാണ് ചോദ്യം. ഉയർന്ന ശമ്പളത്തിൽ മറ്റു സ്ഥാപനങ്ങളിൽനിന്നുള്ളവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കരുതെന്ന കീഴ്വഴക്കമുള്ളപ്പോഴാണ് കെ.ടി. ജലീലിന്റെ പേരിൽ ബന്ധുനിയമനത്തിന്റെ ആരോപണം ഉയർന്നത്. പാർട്ടിയിലെയും സർക്കാരിലെയും ഉന്നതരിൽ ജലീലിനുള്ള സ്വാധീനമാണ് ഇതിനുപിന്നിലെന്നും മുസ്ലിം സമുദായത്തിലെ ചില സംഘടനകളിലേക്കുള്ള പാർട്ടിയുടെ പാലമാണ് ജലീൽ എന്നതും വിമർശകർ എടുത്തുപറയുന്നു. Content Highlights:KT Jaleel unfit to continue as minister- Lokayukta, discussion inCPM
from mathrubhumi.latestnews.rssfeed https://ift.tt/3dUm5w0
via
IFTTT
No comments:
Post a Comment