വികസനത്തിന്റെ പുതുയുഗപ്പുലരിയിലേക്ക് തുടർച്ചയായിവന്ന എല്ലാ പ്രതികൂല ഘടകങ്ങളെയും മറികടന്ന് കേരളം മുന്നേറിയ ഘട്ടം. വർഗീയകലാപങ്ങളില്ലാത്ത അഞ്ചുവർഷങ്ങളാണ് കടന്നുപോകുന്നത്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ലോകംതന്നെ ഉറ്റുനോക്കുന്ന മാതൃക. പുറത്തുനിന്നുള്ള പ്രലോഭനങ്ങൾക്കോ പ്രകോപനങ്ങൾക്കോ തെറ്റിദ്ധരിപ്പിക്കലുകൾക്കോ വഴിപ്പെടാത്ത ഇവിടത്തെ ജനതയുടെ സമുന്നതമായ ജനാധിപത്യപ്രബുദ്ധതയിൽ അചഞ്ചലമായ വിശ്വാസമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്. വെല്ലുവിളികളെ തരണംചെയ്ത് മുന്നോട്ട് എന്തെല്ലാം വൈഷമ്യങ്ങളെയായിരുന്നു നമുക്ക് നേരിടേണ്ടിയിരുന്നത്: നമ്മുടെ തീരത്തെ അഗാധദുഃഖത്തിലാഴ്ത്തിയ ഓഖി, ഒരു നൂറ്റാണ്ടുകാലത്തെ ഏറ്റവുംവലിയ പ്രളയം, തുടർച്ചയായിവന്ന അഭൂതപൂർവമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, നിപ പോലുള്ള പകർച്ചവ്യാധികൾ, ഏറ്റവുമൊടുവിൽ ഇപ്പോഴും നാം പൊരുതിക്കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരി. ഒരു ജനസമൂഹത്തെ മരവിപ്പിലേക്കും തകർച്ചയിലേക്കും എത്തിക്കാൻ ഇതെല്ലാം വേണമെന്നില്ല. ആപത്തുകൾ ഒന്നിനുപിറകെ ഒന്നായിവന്നിട്ടും നമ്മൾ ഒറ്റക്കെട്ടായിനിന്നു പൊരുതി അതിജീവിച്ചു. ഇതെല്ലാം ചെയ്തുകൊണ്ടുതന്നെ വികസന-ക്ഷേമ നടപടികളെ കൈവിടാതെ കാത്തു. ലോകത്തിന്റെ ചിലഭാഗങ്ങളെങ്കിലും പട്ടിണിയിലാണ് ഇക്കാലത്ത്. എല്ലാ വരുമാനസ്രോതസ്സുകളും അടഞ്ഞ ഘട്ടത്തിൽപോലും കേരളത്തിലെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാവാതെ നാംകാത്തു. ഇതൊക്കെ ചെയ്തുകൊണ്ടുതന്നെ കേരള പുനർനിർമാണവും രോഗപ്പകർച്ചാനിയന്ത്രണവും സാധ്യമാക്കി. അതും ലോകം മാതൃകയാക്കും വിധത്തിൽ. ഇതാ കേരളത്തിന്റെ മുദ്രകൾ ഓരോ മേഖലയിലും അതിന്റേതായ അടയാളമുദ്ര പതിപ്പിച്ചാണ് ഇടതുപക്ഷ സർക്കാരുകൾ കടന്നുപോയത്. ഭൂപരിഷ്കരണംമുതൽ ജനകീയാസൂത്രണംവരെ. വിദ്യാഭ്യാസപരിഷ്കാരം മുതൽ പൊതുജനാരോഗ്യംവരെ. ഭരണപരിഷ്കാരംമുതൽ അധികാരവികേന്ദ്രീകരണംവരെ. ആ പരമ്പരയിൽ ഓരോ എൽ.ഡി.എഫ്. സർക്കാരിനും മുമ്പത്തെ എൽ.ഡി.എഫ്. സർക്കാരുമായേ മത്സരിക്കാൻ കഴിയുമായിരുന്നുള്ളു. അങ്ങനെയാണ് പെൻഷൻ 1600 രൂപയായി വർധിച്ചതും 61 ലക്ഷംപേർക്ക് പെൻഷൻ വിതരണംചെയ്യുന്ന നിലയിലേക്ക് എത്തിയതും. 20 രൂപയ്ക്ക് ഊണുനൽകുന്ന 876 ജനകീയ ഹോട്ടലുകൾ ആരംഭിച്ചതും അങ്ങനെയാണ്. ദുരിതാശ്വാസനിധിയിലൂടെ 5432 കോടിരൂപ വിതരണംചെയ്തതും 2,57,000 പേർക്ക് ലൈഫ് മിഷനിലൂടെ വീട് നിർമിച്ചുനൽകിയതും 1.76 ലക്ഷംപേർക്ക് പട്ടയം വിതരണംചെയ്തതും ഇത്തരത്തിൽ മുൻ ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങളുമായി മത്സരിച്ചതുകൊണ്ടാണ്. 45,000 ക്ലാസ്മുറികൾ ഹൈടെക്കാക്കിയും 1,20,000-ത്തോളം ലാപ്ടോപ്പുകൾ വിതരണംചെയ്തും പാഠപുസ്തകവിതരണം അധ്യയനവർഷം തുടങ്ങുന്നതിനുമുമ്പ് പൂർത്തിയാക്കിയും 20,800 കോടിരൂപ സ്കൂൾവിദ്യാഭ്യാസത്തിനായി വകയിരുത്തിയുമാണ് 6.8 ലക്ഷം കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അധികമായി എത്തിച്ചത്. വൈദ്യുതിയുടെ ഉത്പാദനശേഷിയിൽ 236 മെഗാവാട്ടിന്റെ വർധന ഉണ്ടായതും കുടിവെള്ളകണക്ഷനുകളുടെ കാര്യത്തിൽ 11.33 ലക്ഷത്തിന്റെ വർധന ഉണ്ടായതും 11,580 കിലോമീറ്റർ റോഡുകൾ നവീകരിച്ചതും ആകെ റോഡുകളുടെ ദൈർഘ്യം 3,31,904 കിലോമീറ്ററായി വർധിപ്പിച്ചതും ഒക്കെ ഇത്തരത്തിൽ മുൻ ഇടതുസർക്കാരുകളുടെ നേട്ടങ്ങളോട് മത്സരിച്ചതുകൊണ്ടാണ്. 500-ലധികം കുടുംബാരോഗ്യകേന്ദ്രങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞു. 7263 തസ്തികകൾ ആരോഗ്യമേഖലയിൽ പുതുതായി ആരംഭിച്ചു. 1,58,000 ആളുകൾക്ക് പി.എസ്.സി.യിലൂടെ നിയമനം നൽകിയതും 3900 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ അവസരമൊരുക്കിയതും 30,000-ലധികം തൊഴിൽസംരംഭങ്ങൾക്ക് ജീവൻ നൽകിയതും നമ്മുടെ നാടും നാട്ടുകാരും മെച്ചപ്പെടണം എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. മുടങ്ങിക്കിടന്ന ഗെയ്ൽ പൈപ്പ്ലൈൻ, എടമൺ-കൊച്ചി വൈദ്യുതലൈൻ, റെയിൽവേ വികസനം എന്നിവയൊക്കെ യാഥാർഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയജലപാത, ദേശീയപാതാ വികസനം, പുഗലൂർ-മാടത്തറ എച്ച്.വി.ഡി.സി. ലൈൻ എന്നിവ ഏറ്റെടുത്തതും കണ്ണൂർ വിമാനത്താവളം, കൊച്ചി വാട്ടർമെട്രോ എന്നിവയുടെ പ്രവർത്തനം ആരംഭിച്ചതും കൊച്ചി മെട്രോയുടെ വികസനം സാധ്യമാക്കിയതും എൽ.ഡി.എഫ്. സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. പരമ്പരാഗത ശൈലിയിൽനിന്നുമാറി ചിന്തിച്ചവരാണ് നമ്മൾ. അങ്ങനെയാണ് കിഫ്ബിയും അതിലൂടെയുള്ള വികസനങ്ങളും വന്നത്. ഇതൊക്കെ കാണുന്നവർ, കിഫ്ബി നിർത്തും, കേരള ബാങ്ക് പൂട്ടിക്കും, കുടുംബശ്രീ പിരിച്ചുവിടും, ലൈഫ് ഇല്ലാതാക്കും എന്നൊക്കെയുള്ള ആക്രോശങ്ങൾ എങ്ങൊേെക്കയാനിന്നു കേൾക്കുമ്പോൾ ഉള്ളിൽ ഞെട്ടുകയാണ്. എല്ലാംതകർക്കാൻ നിൽക്കുന്നവർക്കല്ല, എല്ലാംനിർമിക്കാൻ നിൽക്കുന്നവർക്കാണ് തങ്ങളുടെ വോട്ട് എന്ന് പ്രതിജ്ഞയെടുക്കുകയാണ്. അതാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകം. ഉറപ്പാണ് എന്ന മുദ്രാവാക്യത്തിനു വിശ്വാസ്യതയുണ്ടാക്കുന്ന ഘടകം. ജനതയെ ചേർത്തുപിടിച്ച് സർക്കാർ എന്ന സംവിധാനം ജനതാത്പര്യങ്ങൾക്കു വിരുദ്ധമായി നീങ്ങുന്ന അടിച്ചമർത്തൽ സംവിധാനമാണെന്ന ധാരണയെ, ജനതയെ ചേർത്തുപിടിച്ച് ഒപ്പംനിർത്തുന്ന ജനകീയ സംവിധാനമാണ് സർക്കാർ എന്ന നിലയിലേക്കു തിരുത്തിയ അഞ്ചുവർഷങ്ങമാണ് കടന്നുപോയത്. ചെയ്യാമെന്നു പറഞ്ഞത് എത്രത്തോളം ചെയ്തു എന്നു പരിശോധിച്ച് ജനങ്ങൾക്കുമുമ്പിൽ പ്രോഗ്രസ് റിപ്പോർട്ടായി അവതരിപ്പിച്ച സർക്കാർ, ജനങ്ങളോടുള്ള ഭരണത്തിന്റെ ഉത്തരവാദിത്വത്തിന് അടിവരയിട്ടുകൊണ്ട് ജനാധിപത്യസങ്കല്പംതന്നെ പുരോഗമനപരമായി പൊളിച്ചെഴുതുകയായിരുന്നു. വോട്ടവകാശമുള്ള എല്ലാവരും തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/3fByRC1
via
IFTTT
No comments:
Post a Comment