കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങാൻ നടിയും സമാജ് വാദി പാർട്ടി എംപിയുമായ ജയാബച്ചൻ. ബംഗാളിന് വേണ്ടത് സ്വന്തം മകൾ എന്ന മുദ്രാവാക്യമുയർത്തിയാകും ജയാ ബച്ചൻ പ്രചാരണത്തിനിറങ്ങുക. തൃണമൂൽ കോൺഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെട്ട ജയാ ബച്ചൻ ഞായറാഴ്ച വൈകീട്ടോടെ കൊൽക്കത്തയിലെത്തി. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോയ്ക്കെതിരെ മത്സരിക്കുന്ന ടോളിഗഞ്ജ് എംഎൽഎ അരൂപ് ബിശ്വാസിന്റെ പ്രചാരണത്തിനാണ് ജയ ആദ്യം ഇറങ്ങുക. ടോളിഗഞ്ജ് തുടർച്ചയായി മൂന്ന് തവണ ജയിച്ചിട്ടുള്ള അരൂപ് ബിശ്വാസിനെ തറപ്പറ്റിക്കാൻ ബിജെപി ഇത്തവണ എംപിയും പ്രമുഖ ഗായകനുമായി ബാബുൽ സുപ്രിയോയെ ആണ് രംഗത്തിറക്കിയിട്ടുള്ളത്. കൊൽക്കത്തയിലെ സിനിമ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ടോളിഗഞ്ജ്. നിരവധി സിനിമ സ്റ്റുഡിയോകളുള്ളതിനാലാണ് അങ്ങനെയൊരു പേര്. അതിനാൽ തന്നെ താരത്തിളക്കം പ്രചാരണത്തിന് കൊഴുപ്പേകുമെന്നാണ് ഇരുപാർട്ടികളുടെയും വിശ്വാസം. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബംഗാളിൽ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു. ഇതാണ് ജയ ബച്ചനെ തൃണമൂലിനായി പ്രചാരണത്തിനിറക്കാൻ കാരണം. അഖിലേഷ് യാദവിനൊപ്പം ആർ.ജെ.ഡി നേതാവ്? തേജസ്വി യാദവും മമതക്ക് പിന്തുണയുമായെത്തി. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ നടക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2OpHu7A
via
IFTTT
No comments:
Post a Comment