കോഴിക്കോട്: കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊപ്പം മാതൃഭൂമിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃഭൂമി മാനേജ്മെന്റ് 10 ലക്ഷം രൂപ നൽകും. ഇതിനുപുറമേ മാതൃഭൂമി ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. മഹാമാരിയിൽനിന്ന് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും തിരിച്ചുവരവിന് ഏവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. ജീവൻ കാക്കാനുള്ള കരുതലും അതിജീവനത്തിനുള്ള കൂട്ടായ്മയും വേണ്ട സമയമാണിത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കൊപ്പം ഏറ്റവും പ്രധാനമാണ് വാക്സിനേഷനെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോൾ അതിലും ഭീകരമായൊരു അവസ്ഥയിലേക്കെത്തുന്നത് തടയാനുള്ള വഴിയും പ്രതിരോധകുത്തിവെപ്പാണ്. വികസിതരാജ്യങ്ങൾ ഈ നിലയിലാണ് കാര്യങ്ങൾ നീക്കുന്നതും. ആരോഗ്യരംഗത്ത് ഏറെ നേട്ടങ്ങളോടെ രാജ്യത്തും ലോകത്തുതന്നെയും ശ്രദ്ധനേടിയിട്ടുള്ള കേരളത്തിന് കോവിഡ് പ്രതിരോധത്തിലും ആ നേട്ടം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പണം ഒരു തടസ്സമാവാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആ പ്രയത്നത്തിൽ മാതൃഭൂമിയും ഒരു കൈത്താങ്ങാവുകയാണ്. പരസ്പരസഹായത്തിലൂടെ പ്രളയകാലത്തെ അതിജീവിച്ചവരാണ് മലയാളികൾ. ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നതും അതേ ഐക്യമാണ്. പ്രതിസന്ധിയെ നേരിടാൻ സംസ്ഥാനത്തിന്റെ സാന്പത്തികാടിത്തറ ശക്തിപ്പെടുത്താനുള്ള പിന്തുണയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന. പ്രളയകാലത്തും മാതൃഭൂമി മാനേജ്മെന്റും ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. വായനക്കാരും മാതൃഭൂമി വഴി തുക കൈമാറിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3eroa2J
via
IFTTT
No comments:
Post a Comment