തൃശ്ശൂർ, വടക്കാഞ്ചേരി, ഗുരുവായൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, ചാലക്കുടി എന്നിവയാണ് ജില്ലയിൽ തീവ്രമത്സരം നടക്കുന്ന ആറ് മണ്ഡലങ്ങൾ. ഇവിടങ്ങളിലെ ഒഴുക്ക് എങ്ങോട്ടാണെന്ന് ഒരു അന്വേഷണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോൾ തൃശ്ശൂർ ജില്ലയിൽ ഏറ്റവും കടുത്ത മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ അടിയൊഴുക്കുകൾ നിശ്ചയിക്കുന്ന കാര്യങ്ങൾ എന്തെല്ലാം? പൂരത്തിന്റെ നാടെന്ന പോലെ പുഴകളുടെയും നാടാണ് തൃശ്ശൂർ. തിരഞ്ഞെടുപ്പിന്റെ ശക്തമായ ഓളത്തിലാണിപ്പോൾ ജില്ലയിലെ ആറ് മണ്ഡലങ്ങൾ. ആരെല്ലാം നീന്തിക്കയറുമെന്നും ആരെല്ലാം മുങ്ങിപ്പോകുമെന്നും പറയാനാവാത്ത സ്ഥിതി തൃശ്ശൂരിൽ ഒരു ചെറിയ കാറ്റ് മതി ജില്ലയിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലം എന്ന സ്ഥാനം തൃശ്ശൂരിന് നൽകാൻ കാരണം ഇവിടത്തെ ത്രികോണ മത്സരമാണ്. എൽ.ഡി.എഫ്. സ്ഥാനാർഥി പി.ബാലചന്ദ്രനും യു.ഡി.എഫ്. സ്ഥാനാർഥി പദ്മജ വേണുഗോപാലും എൻ.ഡി.എയുടെ സുരേഷ് ഗോപിയും ഏത് അടിയൊഴുക്കിനേയും നേരിട്ട് നീന്തിക്കയറാൻ കഴിയുന്നവർ തന്നെ. ബാലചന്ദ്രനും പദ്മജയും ഓരോ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ടവരാണ്. അന്നു തോറ്റ പദ്മജയല്ല ഇപ്പോൾ കളത്തിലുള്ളത്. ബാലചന്ദ്രൻ പഴയ ബാലചന്ദ്രനുമല്ല. പ്രചാരണ രീതികൾ അടിമുടി മാറ്റിയാണ് ഇരുവരും ഇത്തവണ തുഴയാനിറങ്ങിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരയിളക്കം ഉണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയും. മണ്ഡലത്തിലെ എല്ലായിടത്തും ജനപ്രീതിയുടെ കൈയ്യൊപ്പിട്ട മന്ത്രി സുനിൽകുമാറിന്റെ കൈയും പിടിച്ചുള്ള ബാലചന്ദ്രന്റെ വരവ് എൽ.ഡി.എഫിന് വലിയ മുന്നേറ്റം തന്നെ നൽകിയിട്ടുണ്ട്. മന്ത്രിയുടെ ജനകീയതയും സ്വീകാര്യതയും, തന്നിലേക്ക് പ്രസരിപ്പിച്ചുള്ള ബാലചന്ദ്രന്റെ പ്രചാരണ ശൈലിതന്നെ ഇതിനടിസ്ഥാനം. സിറ്റിങ് മണ്ഡലം എന്ന മേലങ്കി ഇതിന് ശക്തി പകരുകയും ചെയ്യുന്നു. വേറിട്ട പ്രസംഗ ശൈലി ഇടതു സ്ഥാനാർഥിയെ പെട്ടെന്ന് ശ്രദ്ധേയനാക്കുന്നു. കഴിഞ്ഞ തവണ മത്സരിക്കാനായി മാത്രം തൃശ്ശൂരിലെത്തി എന്ന ദുഷ്പേര് മാറ്റിയാണ് പദ്മജയുടെ വരവ്. കഴിഞ്ഞ അഞ്ചു കൊല്ലവും കോൺഗ്രസിന്റെ പരിപാടികളിൽ നിറഞ്ഞു നിന്നാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. അപ്പോൾ കിട്ടാതെ പോയ കരുണാകരന്റെ മകൾ എന്ന വികാരം ഇക്കുറി ഉറപ്പിക്കാൻ പദ്മജക്ക് കഴിഞ്ഞിട്ടുണ്ട്. ഇരു ചേരികളിൽ നിന്നും എത്ര ശക്തമായ ഓളങ്ങൾ ഉണ്ടായാലും സുരേഷ് ഗോപിയുടെ സ്റ്റാർ വാല്യൂ അന്തിമ ജയത്തെ നിർണയിക്കുമെന്ന് വിലയിരുത്തലുമുണ്ട്. സുരേഷ് ഗോപിയുടെ വരവ് അനുകൂലമാവുമെന്ന് എൽ.ഡി.എഫും എതിരാവുമെന്ന് യുഡിഎഫും എന്ന് തുടക്കത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ, സുരേഷ്ഗോപി ശബരിമല വിഷയമാണ് ഇളക്കിവിടുന്നതെങ്കിൽ, അത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്ന പോലെ യു.ഡി.എഫിന് അനുകൂലമാവാനാണ് സാധ്യത. എൽ.ഡി.എഫിനും യുഡിഎഫിനും തുല്യബലമാണ് തൃശ്ശൂരിൽ ഉള്ളത്. അതു കൊണ്ട് തന്നെ ചെറിയൊരു ചാഞ്ചാട്ടം ജയം നിശ്ചയിക്കും. ഒല്ലൂരും കലങ്ങി മറിയുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് സിറ്റിങ് എം.എൽ.എ.യും ചീഫ് വിപ്പുമായ കെ. രാജന് എളുപ്പത്തിൽ ജയം പ്രവചിച്ച മണ്ഡലമാണ് ഒല്ലൂർ. എന്നാൽ, ജോസ് വള്ളൂർ വന്നതോടെ സ്ഥിതി മാറി. മത്സരത്തിന് ശക്തി കൂടി. പക്ഷേ, പ്രചാരണത്തിൽ ലഭിച്ച മേൽക്കൈ, സ്ഥാനാർഥിയുടെ ജനകീയതയും സ്വീകാര്യതയും വികസനനേട്ടങ്ങളും വിജയത്തിന് അടിത്തറയാവുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ജോസ് വന്നപ്പോൾ ചിത്രം മാറിയെ ന്ന് യു.ഡി.എഫ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ പറയുന്നു. രാജനെ അട്ടിമറിക്കാൻ കഴിയുമെന്ന ഉറപ്പ് അവർക്കുണ്ട്. എൻ.ഡി.എ. ആവട്ടെ സംസ്ഥാനവക്താവും സുപരിചിതനുമായ ഗോപാലകൃഷ്ണനെ മത്സരിക്കാൻ കിട്ടിയതിൽ ആശ്വസിക്കുകയാണ്. ഇദ്ദേഹം പിടിക്കുന്ന വോട്ട് ജയത്തെ നിർണയിക്കും. ഒല്ലൂരിന്റെ രാഷ്ട്രീയപാരമ്പര്യം യു.ഡി.എഫിന് അനുകൂലമാണെന്നതും നിർണായകമാണ്. രാജനല്ലായിരുന്നെങ്കിൽ ജയം കൈവിട്ടേനെയെന്നാണ് ഇടതുപ്രവർത്തകർ വിശ്വസിക്കുന്നത്. ഒല്ലൂരിനുവേണ്ടി കോൺഗ്രസിലെ പലരും രംഗത്തുണ്ടായിരുന്നുവെങ്കിലും ജോസ് വള്ളൂർ വന്നതു നന്നായി എന്നുപോലും ഇപ്പോൾ പറയാൻ തുടങ്ങിയിരിക്കുന്നു പ്രവർത്തകർ. ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷം എന്നതാണ് വോട്ടർമാരുടെ നിരീക്ഷണം. ചാലക്കുടിപ്പുഴയിലെ പുത്തൻ ഓളങ്ങൾ ചാലക്കുടി മണ്ഡലത്തിലെ ഇപ്പോഴത്തെ ചർച്ച സ്ഥാനാർഥികളെക്കുറിച്ചാണ്. ഇടപഴകലിന്റെ കാര്യത്തിൽ ഡെന്നിസ് ആന്റണിക്ക്് മേൽക്കൈ ഉണ്ടെന്നത് നിഷേധിക്കാനാവില്ല. പഴയ എതിരാളി ആണെന്ന തോന്നൽ ഒട്ടും ഉണ്ടാക്കാത്ത വിധത്തിലാണ് സിറ്റിങ് എം.എൽ.എ. ബി.ഡി. ദേവസി ചുക്കാൻപിടിക്കുന്നത്. എടുത്തു പറയാൻ ദേവസി നടത്തിയ വികസനപ്രവർത്തനങ്ങളുമുണ്ട്്. സ്ഥാനാർഥിപ്രഖ്യാപനം കഴിഞ്ഞപ്പോൾ ചാലക്കുടിയിൽ കോൺഗ്രസ് മൊത്തം കലങ്ങുമെന്നാണ് പലരും വിചാരിച്ചത്. എന്നാൽ, സനീഷ്കുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ വെള്ളം തെളിഞ്ഞത് വേഗത്തിലായിരുന്നു. സ്ഥാനാർഥി കൂറേക്കൂടി ചടുലമാവണമെന്ന അഭിപ്രായം യു.ഡി.എഫ്. അണികളിലുണ്ട്. ഡെന്നിസ് ആന്റണിയുടെ ഓട്ടത്തിനൊപ്പം എത്തണമെങ്കിൽ അത് കൂടിയേത്തീരൂ എന്നാണ് ഉപദേശം. തങ്ങൾക്കിടയിൽനിന്നു പോയ ആൾ എതിർപാർട്ടിയിൽ എം.എൽ.എ. ആയാൽ ഉണ്ടാവുന്ന നാണക്കേടോർത്ത് പ്രവർത്തനം മികച്ചതാക്കണമെന്ന ഉപദേശം കോൺഗ്രസിന്റെ തലപ്പത്തുനിന്നുതന്നെ താഴേത്തട്ടിലേക്ക്് പോയിട്ടുണ്ട്്. ബി.ഡി.ജെ.എസിലെ കെ.എ. ഉണ്ണികൃഷ്ണനാണ് എൻ.ഡി.എ. സ്ഥാനാർഥി. മണ്ഡലത്തിൽ പരിചിതനായ അദ്ദേഹം പിടിക്കുന്ന വോട്ടുകൾ പ്രത്യേകിച്ച് ഒരു മുന്നണിക്കും ഭീഷണിയാവില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇരിങ്ങാലക്കുടയിൽ തെളിവെള്ളമാണ് പക്ഷേ, നല്ല ഒഴുക്കുണ്ട് പലതവണ ജയിച്ച തോമസ് ഉണ്ണിയാടനിൽനിന്ന് കഴിഞ്ഞ തവണ കെ.യു. അരുണൻ പിടിച്ചെടുത്ത മണ്ഡലമാണ് ഇരിങ്ങാലക്കുട. തന്റെ കാലത്താണ് മണ്ഡലത്തിൽ ഏറ്റവും നല്ല വികസനം നടന്നതെന്ന് ഉണ്ണിയാടൻ അവകാശപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നീന്തിയെത്തിയപ്പോൾ ഉന്തിത്തള്ളി വീണ്ടും വെള്ളത്തിലേക്കിട്ട പോലുള്ള സ്ഥിതി ഇക്കുറി മുന്നണിയിലില്ല എന്ന ആശ്വാസം ഉണ്ണിയാടനുണ്ട്. ഇവിടെ സീറ്റിനായി ശ്രമിച്ചുകൊണ്ടിരുന്ന കെ.പി.സി.സി. സെക്രട്ടറി എം.പി. ജാക്സൺ മറ്റൊരു മണ്ഡലത്തിലേക്ക് സ്ഥാനാർഥിയായി പോയപ്പോൾ ഉണ്ണിയാടന്റെ മനസ്സിൽ തെളിനീരാണ് ഉണ്ടായത്. പക്ഷേ, ഒരു പ്രശ്നം ഇപ്പോഴും നിൽക്കുന്നു. ഉണ്ണിയാടനൊപ്പം ഇപ്പോഴും പ്രാദേശിക കോൺഗ്രസുകാർ മാത്രം. ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർഥിയായതിനാൽ ചിഹ്നം കിട്ടാത്തതിന്റെ പ്രതിസന്ധി വേറേയും. മണ്ഡലത്തിന്റെ വലിയ വികസന നേട്ടങ്ങളൊന്നും എൽ.ഡി.എഫ്. സ്ഥാനാർഥി ആർ.ബിന്ദുവിന് എടുത്തു കാട്ടാൻ ആവുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ, അതിനെ അവർ മറികടക്കുന്നത് പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളിലൂടെയാണ്. ആവേശത്തോടെ ഇടതുമുന്നണി സംവിധാനം ബിന്ദുവിനൊപ്പം ഉണ്ട്. ബിന്ദുവിന്റെ മണ്ഡലത്തിലെ ബന്ധുബലവും ഗുണം ചെയ്തേക്കാം. എതിരായിട്ടൊന്നും പറയാനില്ലെന്നത് ബിന്ദുവിന് ഒരു മേന്മയാണ്. സ്ത്രീ വോട്ടർമാരിലും ബിന്ദു ചലനമുണ്ടാക്കിയേക്കാം. ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫും യു.ഡി.എഫും തുല്യ ശക്തികളെന്ന്്് വിശേഷിപ്പിക്കാം. അത് രണ്ട് ശൈലിയിലാണെന്നു മാത്രം. ബി.ജെ.പി. സ്ഥാനാർഥി ജേക്കബ് തോമസിനൊപ്പം പാർട്ടി ശക്തമായി നിൽക്കുന്നുണ്ട്. സമുദായ വോട്ടുകളും ജേക്കബ് തോമസ് ഉന്നം വയ്ക്കുന്നുണ്ട്. അത് യുഡിഎഫിന് എതിരാവുമോ എന്ന് സംശയം ചിലകോണുകളിൽ നിന്ന് ഉയരുന്നുമുണ്ട്. ചുഴികൾ നിറഞ്ഞ് ഗുരുവായൂർ പ്രാദേശിക എതിർപ്പ് ഉയർത്തിയിരുന്ന ലീഗ് അണികളെപ്പോലും വിസ്മയിപ്പിക്കുന്ന ആവേശമാണ് അവരുടെ ക്യാമ്പുകളിൽ. ഗുരുവായൂർ മണ്ഡലത്തിന് യു.ഡി.എഫിന് കൊടുക്കാൻ കഴിയാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയാണ് ലീഗിലെ കെ.എൻ.എ. ഖാദർ. മതത്തിനും പാർട്ടിക്കും അതീതമായി വോട്ട്് സമാഹരിക്കാൻ കഴിയുന്നയാൾ എന്ന ഇമേജ് ഖാദറിനുണ്ട്. അതുതന്നെയാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ടും. എന്നാൽ, ഏറെക്കാലമായി തങ്ങളോടൊപ്പംനിന്ന മണ്ഡലം ഇത്തണയും പിടിച്ചുനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. അടിത്തട്ടുമുതൽ പ്രവർത്തിച്ച് ചാവക്കാട് നഗരസഭയുടെ തലപ്പത്തുവരെ എത്തിയ സ്ഥാനാർഥി എന്ന മികവുണ്ട് എൻ.കെ. അക്ബറിന്. ഒന്നാംഘട്ടം പൂർത്തിയാക്കിയപ്പോൾ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പൊരുതുകയാണ്. എന്നാൽ, ശനിയാഴ്ച എൻ.ഡി.എ. സ്ഥാനാർഥി നിവേദിതയുടെ പത്രിക തള്ളിപ്പോയത് മണ്ഡലത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. എൻ.ഡി.എ.യ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25,000 വോട്ടുണ്ടായിരുന്നതാണ് ഇവിടെ. സ്ഥാനാർഥിയില്ലാത്ത സ്ഥിതിക്ക് എൻ.ഡി.എ. വോട്ടുകൾ ഖാദറിലേക്ക് പോകുമെന്ന ചർച്ചകൾ ഇപ്പോൾത്തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാൽ, സുപ്രീംകോടതിയിൽനിന്നു വരുന്ന വിധിക്ക് അനുസരിച്ചായിരിക്കും ബി.ജെ.പി.യുടെ നിലപാട്. എൽ.ഡി.എഫിന്റെ തീരക്കാറ്റിനും യു.ഡി.എഫിന്റെ തീക്കാറ്റിനും ഇനി കുറച്ചുകൂടി ശക്തി കൂടുമെന്ന് വ്യക്തം. പത്രിക തള്ളലിൽ ഉണ്ടാക്കുന്ന അടിയൊഴുക്കുകൂടി ഇനി മണ്ഡലത്തിലെ ഫലത്തെ നിശ്ചയിക്കുന്ന സ്ഥിതിയുണ്ടാവും. Content Highlights: Kerala Assembly Election 2021,Thrissur disrictConstituency
from mathrubhumi.latestnews.rssfeed https://ift.tt/3cT2rQn
via
IFTTT
No comments:
Post a Comment