കൊൽക്കത്ത : പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാമത്തെ പട്ടിക ബിജെപി പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്റെ അനുമതിയില്ലാതെയാണ് പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയതെന്ന് ആരോപിച്ച് നാമനിർദേശം ചെയ്യപ്പെട്ട ശിഖ മിത്ര രംഗത്തെത്തി. ചൗരിംഘി മണ്ഡലത്തിലെ സ്ഥാനാർഥിയായാണ് ശിഖ മിത്രയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അന്തരിച്ച കോൺഗ്രസ് നേതാവ് സോമൻ മിത്രയുടെ ഭാര്യയാണ് ശിഖ മിത്ര. താനെവിടെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും തന്റെ അനുവാദമില്ലാതെയാണ് സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും ശിഖ മിത്ര വ്യക്തമാക്കി. ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ശിഖ മിത്ര നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ പാർട്ടിയിൽ ചേരുന്നതായി അഭ്യൂഹം പരന്നിരുന്നു. തൃണമുൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാനുള്ള തത്രപ്പാടിനിടെ ശിഖ മിത്രയിൽ നിന്ന് ആരോപണം ഉയർന്നത് ബിജെപിയ്ക്ക് ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. അവസരം നഷ്ടപ്പെടുത്താതെ ബിജെപിയെ പരിഹസിച്ച് തൃണമുൽ നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ഒടുവിൽ രണ്ടാഴ്ചയ്ക്ക് ശേഷം ബിജെപി ബംഗാളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പക്ഷെ പട്ടികയിലുള്ള പലരും തങ്ങൾ ബിജെപിക്കാരല്ലെന്നും മത്സരിക്കാനില്ലെന്നും പറയുന്നു. അമിത് ഷാ കുറച്ചു കൂടി നന്നായി തയ്യാറെടുക്കുന്നത് നല്ലതാണ്-തൃണമുൽ എംപി മഹുവ മൊയ്ത്ര പരിഹാസപൂർവം ട്വീറ്റ് ചെയ്തു. 2021 ലെ തിരഞ്ഞെടുപ്പിനായി ബിജെപി ഓരോതവണ സ്ഥാനാർഥിപ്പട്ടിക പുറത്തു വിടുമ്പോഴും ബിജെപിയുടെ മുഖത്ത് വീഴുന്ന മുട്ടകളിൽനിന്ന് ഓംലറ്റുണ്ടാക്കാമെന്നാണ് തൃണമുൽ നേതാവ് ഡെറിക് ഒ ബ്രയാന്റെ പരിഹാസം. Every time BJP announce a list of candidates for #BengalElections2021 you can make an omelette🤪so much egg on their face — Derek OBrien | ডেরেক ওব্রায়েন (@derekobrienmp) March 18, 2021 അഞ്ച്, ആറ്, ഏഴ്, എട്ട് ഘട്ടങ്ങളിലേക്കായി വ്യാഴാഴ്ച പുറത്തിറക്കിയ ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ 157 പേരാണുള്ളത്. ഇതിൽ ഒമ്പതെണ്ണം തൃണമൂൽ വിട്ടുവന്ന എംഎൽഎമാർക്ക് നീക്കിവെച്ചത് പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് വഴിതെളിച്ചു. കഴിഞ്ഞ ആഴ്ച കേരളത്തിലെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെട്ട മണിക്കുട്ടൻ എന്ന യുവാവും തന്റെ സ്ഥാനാർഥിത്വം നിഷേധിക്കുകയും ബിജെപിയിലേക്കില്ലെന്ന്പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. Content Highlights: Name Announced Without Consent, Says BJPs Bengal Candidate
from mathrubhumi.latestnews.rssfeed https://ift.tt/38W4Zft
via
IFTTT
No comments:
Post a Comment