പ്രതീകാത്മകചിത്രം തിരുവനന്തപുരം: മോഡൽഫോട്ടോഗ്രാഫി, പ്രൊഫൈൽ വീഡിയോ, ഡിജിറ്റൽ പ്രചാരണം...ഇതൊക്കെ സൈബർ പ്രചാരണരംഗത്തെ പഴങ്കഥകൾ. ഇത്തവണ സൈബറിടത്തിൽ പുതിയ 'ബിസിനസ്' രീതിക്കുകൂടി വഴിതുറന്നിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലെ കൂട്ടായ്മകളെയും ചെറിയ ഓൺലൈൻ മാധ്യമഗ്രൂപ്പുകളെയും വിലയ്ക്കെടുത്ത് വശത്താക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയപ്പാർട്ടികൾ. എന്നാൽ, സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷംമാത്രം പ്രചാരണം തുടങ്ങിയവർക്കുവേണ്ടിയാണ് സൈബർ ഏജൻസികൾ വിലയ്ക്കെടുക്കൽ ബിസിനസ് സാധ്യത പരിചയപ്പെടുത്തുന്നത്. കൂടുതൽപേർ അംഗങ്ങളായ സാമൂഹികമാധ്യമ കൂട്ടായ്മയിലേക്ക് സ്ഥാനാർഥിയുടെയും പാർട്ടിയുടെയും മുന്നണിയുടെയും പ്രചാരണവിഷയങ്ങൾ കടത്തിവിടുകയാണ് ഒരുരീതി. ഗ്രൂപ്പിലെ അംഗങ്ങൾ, അതിന്റെ പൊതുരീതി, രാഷ്ട്രീയപ്രാധാന്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഇതിന് പണം നിശ്ചയിക്കുന്നത്. രാഷ്ട്രീയപ്പാർട്ടികളുമായി സെറ്റിൽമെന്റ് നടത്തുന്നത് മുഴുവൻ സൈബർ ഏജൻസികളാണ്. ഔദ്യോഗികരീതിയിലല്ലാതെ പ്രവർത്തിക്കുന്ന ചെറിയ ഓൺലൈൻ മാധ്യമങ്ങൾക്ക് പണംനൽകി അനുകൂലവാർത്തകൾക്ക് പ്രാധാന്യം നേടിയെടുപ്പിക്കുകയെന്നതാണ് മറ്റൊരുരീതി. കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായതും നിർത്തിപ്പോയതുമായ ഓൺലൈൻ മാധ്യമങ്ങളെ ഫണ്ട് നൽകി ഇതിനായി പുനരുജീവിപ്പിച്ചിട്ടുണ്ട്. പാർട്ടികൾക്കോ സ്ഥാനാർഥികൾക്കോ ഗ്രൂപ്പ് അഡ്മിൻ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയുമായി നേരിട്ട് ബന്ധമില്ല. ഉന്നത-മധ്യവർഗ കുടുംബങ്ങളെ സ്വാധീനിക്കാൻ 'ഗാഡ്ജറ്റ് പ്രചാരണം' ആണ് അനിവാര്യമെന്നാണ് സൈബർ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. ഫോണിലേക്ക് പരമാവധി രാഷ്ട്രീയസന്ദേശം എത്തിക്കുകയാണ് ഇതിനുള്ള വഴി. അതിന് 'നിഷ്പക്ഷ' സംവിധാനം ഉപയോഗപ്പെടുത്താനാണ് സാമൂഹികമാധ്യമ കൂട്ടായ്മകളെയും വ്ളോഗ്, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയെയും സൈബർ ഏജൻസികൾ ആയുധമാക്കുന്നത്. ഔദ്യോഗിക ഗ്രൂപ്പുകൾക്ക് പെരുമാറ്റച്ചട്ടം രാഷ്ട്രീയപ്പാർട്ടികളുടെ ഔദ്യോഗിക സാമൂഹികമാധ്യമ ഗ്രൂപ്പുകൾക്കെല്ലാം നേതൃത്വം പെരുമാറ്റച്ചട്ടം നിശ്ചയിച്ചിട്ടുണ്ട്. കോൺഗ്രസ്, സി.പി.എം., ബി.ജെ.പി. എന്നിവയ്ക്കെല്ലാം താഴെതട്ടിൽവരെ സാമൂഹികമാധ്യമ ഇടപെടലിന് സംവിധാനവും, ഔദ്യോഗികഗ്രൂപ്പുകളുമുണ്ട്. ഇവയ്ക്കെല്ലാം സംസ്ഥാനതലത്തിൽ ഏകോപനസംവിധാനവും ചുമതലക്കാരുമുണ്ട്. വിവാദമാകുന്ന വാക്കുകളും പ്രയോഗങ്ങളും പാടില്ലെന്നതാണ് സൈബർ പോരാളികൾക്ക് രാഷ്ട്രീയപ്പാർട്ടികളെല്ലാം നൽകുന്ന പൊതുനിർദേശം. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചാരണ വിഷയങ്ങൾ നിശ്ചയിക്കുകയും അതിനായി കണ്ടന്റ് തയ്യാറാക്കുകയും ചെയ്യുന്നത് കേന്ദ്രീകൃതമായാണ്. ഇതിന് 'പെയ്ഡ് പ്രൊമോഷൻ' ഉറപ്പുവരുത്താൻ ഏജൻസികളെ നിശ്ചയിച്ചിട്ടുണ്ട്. എതിർപക്ഷത്തുള്ളവരുടെ സാമൂഹികമാധ്യമങ്ങളിലെ ലൈക്കും കമന്റും ചെയ്യരുത്, സ്വന്തം പാർട്ടിനേതാക്കളുടെയും, കേന്ദ്രീകൃതമായി തയ്യാറാക്കുന്ന കുറിപ്പുകൾക്കും പരമാവധി ഷെയറും ലൈക്കും കമന്റും ഉറപ്പുവരുത്തുക, മാറിമാറിയുള്ള സ്റ്റാറ്റസുകൾ, പ്രൊഫൈൽ പിക്ചറുകൾ എന്നിവ ഉപയോഗിക്കുക എന്നിങ്ങനെ നീളുന്നു പാർട്ടികളുടെ നിർദേശം. ഏജൻസികൾ ഏറ്റെടുക്കുന്നത് * സ്ഥാനാർഥികളുടെ പ്രചാരണസ്ഥലങ്ങളിൽ നേരത്തേ എത്തി പ്രശ്നങ്ങൾ മനസ്സിലാക്കി പ്രസംഗങ്ങളും സാമൂഹികമാധ്യമ കുറിപ്പുകളും തയ്യാറാക്കുക. * പോസ്റ്ററുകൾ, ഫോട്ടോ, ഡിസൈനിങ്, വീഡിയോചിത്രീകരണം എന്നിവയൊരുക്കുക * സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുക, ട്രോളുകൾ തയ്യാറാക്കുക * പ്രചാരണവിഷയങ്ങൾ വോട്ടർമാരിലെത്തിക്കാനായി വ്യക്തികൾ, വിഭാഗങ്ങൾ എന്നിങ്ങനെ ടാർജറ്റ് നിശ്ചയിച്ച് സാമൂഹികമാധ്യമ പ്രചാരണം നടത്തുക. content highlights:kerala assembly election campaigning and social media
from mathrubhumi.latestnews.rssfeed https://ift.tt/3tsbbnd
via
IFTTT
No comments:
Post a Comment