ഈരാറ്റുപേട്ട : യൂട്യൂബ് വ്ളോഗർമാരുടെ വേഷത്തിൽ റിസോർട്ടിൽ മുറിയെടുത്ത് എക്‌സൈസ് ഷാഡോ സംഘം ചാരായവിൽപ്പനക്കാരനെ ‘ഇന്റർവ്യൂ നടത്തി’ കുടുക്കി. ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്റ്റേകളിലെയും റിസോർട്ടുകളിലെയും വിനോദസഞ്ചാരികൾക്ക് വാറ്റുചാരായം വിൽക്കുന്ന മൂന്നിലവ് മേച്ചാൽ തൊട്ടിയിൽ പോൾ ജോർജിനെയാണ്(43) ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖ് വി.പിള്ളയുടെ നേതൃത്വത്തിൽ പിടികൂടിയത്.ഷാഡോ എക്‌സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂർ, കെ.വി.വിശാഖ്, നൗഫൽ കരിം എന്നിവർ വിനോദസഞ്ചാരികളായി ഇല്ലിക്കൽക്കല്ലിലെ ഒരു സ്വകാര്യ റിസോർട്ടിൽ മുറിയെടുത്തു. തുടർന്ന് പോളുമായി ബന്ധപ്പെട്ടു. തങ്ങൾ യൂട്യൂബ് വ്ളോഗർമാരാണെന്നും പോളിന്റെ തെങ്ങിൻപൂക്കുല ഇട്ട് വാറ്റുന്ന നാടൻ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും പോളിനെ വിശ്വസിപ്പിച്ചു. ചാരായത്തിന്റെ വിശേഷങ്ങൾ അറിയാൻ താൽപ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു. തുടർന്ന് ചാരായവുമായി എത്തിയ പോളിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.‘കിടിലം പോൾ’ എന്നറിയപ്പെടുന്ന പോൾ ജോർജ് നിരവധി ചാരായകേസുകളിൽ പ്രതിയാണ്. എക്‌സൈസ് പാർട്ടിയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. പോൾ മൂന്നിലവ്, മേച്ചാൽ, പഴുകക്കാനം മേഖലയിലെ ചാരായം വിൽപ്പനക്കാരനായിരുന്നു. പോളിന്റെ വീട്ടിൽനിന്ന് 16 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഒരു ലിറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലിറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവെച്ചിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ബിനീഷ് സുകുമാരൻ, എബി ചെറിയാൻ, കെ.ടി.അജിമോൻ, പ്രദീഷ് ജോസഫ്, ജസ്റ്റിൻ തോമസ്, പ്രിയ കെ.ദിവാകരൻ, ഷാനവാസ് എന്നിവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3v74Ora
via
IFTTT
No comments:
Post a Comment