താൻ മുമ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ. ചാരിറ്റി പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഫിറോസ് ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തവനൂരിൽ മന്ത്രി കെ.ടി.ജലീലിനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി വരുന്നത്. തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾ കുറിച്ചും സ്ഥാനാർഥിയായി എങ്ങനെ വന്നു എന്നത് സംബന്ധിച്ചു മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഫിറോസ്.... രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ ഫിറോസ് എങ്ങനെ സ്ഥാനാർഥിയായി... ചാരിറ്റിയുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു തീരുമാനം. ഞാനൊരു ലീഗ് കാരനാണെന്ന് മുമ്പ് പറഞ്ഞതിന്റെ പേരിൽ എനിക്കെതിരെ തുടർച്ചയായി സൈബർ ആക്രമണങ്ങൾ നടന്നു. എന്നെ അക്രമിക്കുന്നവരുടെ ലക്ഷ്യം ഫിറോസ് കുന്നംപറമ്പിൽ ചാരിറ്റി പ്രവർത്തനം നിർത്തണം എന്നാണ്. ഫണ്ടുകൾ വരരുത്. രോഗികൾ ബുദ്ധിമുട്ടണം എന്ന ചിന്താഗതിക്കാരാണ് ആക്രമണത്തിന് പിന്നിൽ. ഈ ഘട്ടത്തിൽ ഞാൻ രാഷ്ട്രീയത്തിലേക്കില്ല, നിഷ്പക്ഷനായി നിൽക്കുന്ന ആളാണെന്നൊക്കെ ഫെയ്സ്ബുക്കിലൂടെ വന്ന് പറയും. പാവപ്പെട്ട രോഗികളെ സംരക്ഷിക്കാൻ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞിരുന്നത്. എന്തു തന്നെ പറഞ്ഞാൽ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കാൻ പോകുന്നില്ല. എന്നാൽ എനിക്കെതിരായ ആക്രമണം പാവപ്പെട്ടവരെ ബാധിക്കാനും പാടില്ല. സോഷ്യൽ മീഡിയ ചാരിറ്റി എത്ര കാലം നിലനിൽക്കുമെന്ന് പറയാനാവില്ല. ഫെയ്സ്ബുക്കോ സർക്കാരോ ഇത്തരം അക്കൗണ്ടുകൾ വേണ്ടെന്ന് വച്ചാൽ ആ ചാരിറ്റി പ്രവർത്തനം അവസാനിക്കും. അതുകൊണ്ട് തന്നെ അതിന് ഒരു പരിഹാരം കണ്ടെത്തണം. അതിന്റെ ഭാഗമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.നിയമസഭയിലെത്തിയാൽ പാവപ്പെട്ടവർക്ക് വേണ്ടി കുറേ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. സ്ഥാനാർഥിയാകാൻ ഫിറോസിനെ സമീപിച്ചതാരാണ്...അതോ ഫിറോസ് അങ്ങോട്ടേക്ക് സമീപിക്കുകയായിരുന്നോ...? കോൺഗ്രസ് നേതൃത്വമാണ് എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. അതിന് ഞാൻ സമ്മതം അറിയിക്കുകയായിരുന്നു. മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു... എന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തവനൂർ മണ്ഡലത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. മത്സരിക്കാനില്ല എന്നല്ല ഞാൻ പറഞ്ഞത്. മറ്റാരെങ്കിലും ഈ സീറ്റിൽ പരിഗണനയിൽ വന്നിട്ടുണ്ടെങ്കിൽ അവരെ പരിഗണിക്കണം. ശേഷം മാത്രമേ എന്നിലേക്ക് വന്നാൽ മതി എന്നാണ് പറഞ്ഞത്. എന്നാൽ ആരും പരിഗണനയിൽ ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതോടെ സ്ഥാനാർഥിയാകാൻ തീരുമാനിക്കുകയായിരുന്നു. ഫിറോസ് കുന്നംപറമ്പിൽ പ്രചാരണത്തിനിടെ ചാരിറ്റി വിവാദങ്ങൾ വീണ്ടും ഉയർന്നിട്ടുണ്ട്... വിവാദങ്ങൾ ഞാൻ ശ്രദ്ധിക്കാറേയില്ല. ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി പറഞ്ഞ കാര്യങ്ങൾ തന്നെ പറഞ്ഞ് കൊണ്ട് ഒരു വിഭാഗം നടക്കുന്നുണ്ട്. സത്യത്തിൽ രോഗികളെ അപമാനിക്കുകയാണ് ഇവർ ചെയ്യുന്നത്. എന്നെ ആക്രമിക്കാൻ വേണ്ടി ഓരോ വിവാദങ്ങൾ സൃഷ്ടിച്ചെടുക്കുന്നതാണ്. അത് അതിന്റെ വഴിക്കോ പോകട്ടെ. ഫിറോസ് ഒരു നിഷ്പക്ഷനായത് കൊണ്ടാണ് സഹായങ്ങൾ നൽകിയത് എന്ന് പറയുന്നവരുണ്ട്... എല്ലാവർക്കും രാഷ്ട്രീയമുണ്ട്. എനിക്ക് എന്റേതായിട്ടുള്ളതും സഹായിക്കുന്നവർക്ക് അവരുടേതായതുമായ രാഷ്ട്രീയമുണ്ട്. ഫെയ്സ്ബുക്കിൽ കമന്റിടുന്നവർക്ക് അതിന് മറുപടി നൽകുന്നവർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. രോഗികളെ സഹായിക്കുന്നത് സ്വന്തം താത്പര്യത്തിനനുസരിച്ചാണ്. വേണമെങ്കിൽ സഹായിക്കാം അല്ലാത്തവർ സഹായിക്കേണ്ടതില്ല. എംഎൽഎ ആകാനോ എംപി ആകാനോ ഉദ്ദേശിക്കുന്നില്ലെന്ന് മുമ്പ് ഫിറോസ് തന്നെ പറഞ്ഞിരുന്നു... അതൊക്കെ ഓരോ സാഹചര്യമാണ്. അന്ന് പറഞ്ഞ സാഹചര്യമല്ല ഇപ്പോഴുള്ളത്. എൽഡിഎഫിന്റെ ശക്തികേന്ദ്രത്തിലാണ് മത്സരിക്കുന്നത്... അങ്ങനെ ആർക്കും ഒരു ശക്തി കേന്ദ്രമൊന്നും ഇല്ല. എൽഡിഎഫിന്റെ കുത്തക കേന്ദ്രങ്ങളാണ് പാലക്കാടും ആലത്തൂരും, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമ്യാഹരിദാസും വി.കെ.ശ്രീകണ്ഠനും ചരിത്ര വിജയം നേടി. ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നവരേയും അവരെ ചേർത്ത് പിടിക്കന്നവരേയുമാണ് ആളുകൾക്ക് വേണ്ടത്. ജനങ്ങൾ സ്ഥാനാർഥികളെ വിലയിരുത്തി തന്നെയാകും വോട്ട് ചെയ്യുക. രാഷ്ട്രീയത്തിനും പാർട്ടിക്കുമപ്പുറം ചിന്തിക്കുന്ന ആളുകളുണ്ട്. നല്ല സ്ഥാനാർഥികളെ ജനം ഏറ്റെടുക്കും. എതിർസ്ഥാനാർഥി മലപ്പുറത്തെ സിപിഎമ്മിന്റെ മുഖമായ കെ.ടി.ജലീലാണ്... വ്യക്തിപരമായിട്ട് ഒരാളെ ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ താത്പര്യമില്ല. അതിലേക്ക് കടക്കുകയുമില്ല.ജലീലിനെതിരാണെങ്കിലും ആരുടെ പേരിലാണെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാത്ത ആരോപണങ്ങളെ മുഖവിലയ്ക്കെടുക്കാറില്ല. അദ്ദേഹം ചെയ്ത കാര്യങ്ങളും ഞാൻ ചെയ്ത കാര്യങ്ങളും ജനം വിലയിരുത്തും. ലീഗിന്റെ നോമിനി ആയിട്ടാണോ യഥാർത്ഥത്തിൽ ഫിറോസ് എത്തുന്നത് അത് തെറ്റായ ആരോപണമാണ്. എന്തെങ്കിലും പറയാൻ വേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇതെല്ലാം. ഞാൻ ഒരു ലീഗ് അനുഭാവിയാണെന്ന് നേരത്തെ പറഞ്ഞതാണ്. ഇപ്പോൾ യുഡിഎഫിന്റെ ഭാഗമായിട്ടാണ് മത്സരിക്കുന്നത്. പ്രചാരണം വൈകിയോ..? സ്ഥാനാർഥി പ്രഖ്യാപനം കുറച്ച് വൈകി. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ. എന്നെ കുറിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല എന്നതാണ് പോസിറ്റീവായിട്ടുള്ള കാര്യം. മണ്ഡലത്തിലെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ ഇഷ്ടം കാണിക്കുന്നുണ്ട്. അത് ആദ്യ ദിവസങ്ങളിൽ തന്നെ വ്യക്തമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OE9ggN
via
IFTTT
No comments:
Post a Comment