കുനിശ്ശേരി : കുറുമ്പും കളികളുമായി എല്ലാവരുടെയും കണ്ണിലുണ്ണികളായിരുന്ന കുരുന്നുകൾ, പൊന്നോമനകളെ ഇനി തിരിച്ചുകിട്ടാത്ത മാതാപിതാക്കൾ...കൊറ്റിയോടിനും കരിയങ്കാടിനും ദുഃഖം ഘനീഭവിച്ച കറുത്ത ഞായറാഴ്ച. സംഭവം കേട്ട് ഓടിയെത്തിയവർക്കെല്ലാം പ്രതീക്ഷയുണ്ടായിരുന്നു, കുരുന്നുകൾക്ക് ഒന്നും സംഭവിക്കില്ലെന്ന്. സംഭവസമയം കൂടെയുണ്ടായിരുന്ന കൂട്ടുകാരി കുട്ടികളുടെ വീടുവരെ ഓടിപ്പോയി വീട്ടുകാരെ വിളിച്ചുകൊണ്ടുവന്ന സമയത്തിനുള്ളിൽ എല്ലാം കഴിഞ്ഞു. നെല്ലിയാമ്പാടത്തെ ഗഫൂർ, കുതിരപ്പാറയിലെ തമി, കൊറ്റിയോട് യാക്കൂബ്, കൊറ്റിയോട് ഷാജഹാൻ എന്നിവരാണ് കുളത്തിലിറങ്ങി കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്. ഇളയ കുട്ടിക്ക് മാത്രമേ ചെളിയിൽനിന്ന് പുറത്തെടുക്കുമ്പോൾ ചെറിയ അനക്കമുണ്ടായിരുന്നുള്ളൂവെന്ന് ഇവർ പറഞ്ഞു. ബാക്കിയായത് കുളക്കരയിലെ മാങ്ങ കൊറ്റിയോട് കുളം കാഴ്ചയിൽ അത്ര വലുതൊന്നുമല്ല. നെൽപ്പാടത്തെ ചെറിയ കുളം. ആളുകൾ കുളിക്കാൻ ഉപയോഗിക്കുന്ന ഈ കുളത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പാറയാണ്. വേനൽക്കാലത്ത് ജലസേചനത്തിനായി മോട്ടോർ ഷെഡ്ഡുണ്ട്. കുളത്തിലേക്ക് ഇറങ്ങിയാലുടൻ ഒരാൾ താഴ്ചയുള്ള കുഴിയും വെള്ളവുമാണ്. കുട്ടികളെ അപകടത്തിലാക്കിയത് ഇതാണ്. ജിൻഷാദാണ് തൊടിയിലെ മാവിൽ കയറി മാങ്ങ പറിച്ചത്. മാങ്ങ നിലത്ത് വീണപ്പോൾ പറ്റിയ ചെളി കഴുകിക്കളഞ്ഞിട്ട് തിന്നാമെന്ന് പറഞ്ഞാണ് കുളത്തിലിറങ്ങിയത്. കുളത്തിലിറങ്ങുമ്പോൾ പാറപ്പുറത്ത് വെച്ച ആ മാങ്ങകൾ അവിടെത്തന്നെയുണ്ട്, എല്ലാത്തിനും സാക്ഷിയായി. അവകാശികളില്ലാതെ കുഞ്ഞുടുപ്പുകളും കുട്ടിസൈക്കിളും പള്ളിമേട്ടിലെ വാടകവീടിന്റെ മുറ്റത്തെ അയയിൽ നിറയെ അലക്കിയിട്ട കുട്ടിയുടുപ്പുകളുമാണ്. കളി കഴിഞ്ഞെത്തുമ്പോൾ മക്കൾക്ക് മുഷിഞ്ഞ ഉടുപ്പ് മാറ്റി ധരിക്കാൻ ഉമ്മ അലക്കിയിട്ടതാണ്, അതൊക്കെ. മൂന്നുപേരുടെയും പ്രായത്തിനനുസരിച്ചുള്ള മൂന്ന് സൈക്കിളുകൾ മുറ്റത്തിരിപ്പുണ്ട്. കളിപ്പാട്ടങ്ങളും അവിടവിടെ കിടപ്പുണ്ട്. ഇനി അതൊക്കെയെടുത്ത് കളിക്കാൻ അവകാശികൾ മാത്രമില്ല. Content Highlights: Three brothers drown to death in Keralas Palakkad district
from mathrubhumi.latestnews.rssfeed https://ift.tt/3jN4qsH
via
IFTTT
No comments:
Post a Comment