തിരുവനന്തപുരം: ബന്ധുനിയമനത്തിനൊപ്പം പി.എസ്.സി. റാങ്ക്പട്ടികയിൽനിന്നുള്ളവർക്ക് നിയമനംകിട്ടാത്ത സ്ഥിതികൂടിവന്നതോടെ സർക്കാരിനെതിരേ യുവജനങ്ങളുടെ പ്രതിഷേധം. രാഷ്ട്രീയപ്പാർട്ടികളുടെ ബാനറിലല്ലാതെ റാങ്ക് ഹോൾഡേഴ്സ് സമരത്തിനിറങ്ങുന്നത് ഇടതുമുന്നണിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. പി.എസ്.സി. നിയമനത്തിന്റെ കണക്കുനിരത്തി ഇതിനെ മറികടക്കാൻ മുഖ്യമന്ത്രിതന്നെ രംഗത്തുവന്നെങ്കിലും നിയമനം മുടക്കിയതിന്റെ കണക്കുമായാണ് യുവാക്കൾ എത്തുന്നത്. സി.പി.എം. നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ച നിയമനം രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയ സാഹചര്യത്തിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഉണ്ടാക്കുന്ന ആഘാതം വലുതാണ്. കാലടി സർവകലാശാല നിയമനത്തിന് ശുപാർശയായി നൽകിയ പാർട്ടിക്കത്ത് പുറത്തുവന്നതും നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ആരോപണത്തിന് ബലം നൽകുന്നുണ്ട്. 'പേഴ്സണൽ'എണ്ണം കൂടുമ്പോൾ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്താൻ സി.പി.എം. തീരുമാനിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം മന്ത്രിമാരും പാലിച്ചിട്ടില്ല. 30 പേരെയാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിക്കാനാകുന്നത്. 37 പേരെ നിയമിക്കാൻ ചട്ടം ഭേദഗതി ചെയ്തത് മുഖ്യമന്ത്രിക്കുവേണ്ടിയാണ്. ഇതിനുപുറമേയാണ് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തലും പാർട്ടിനേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റലുമെന്ന ആരോപണങ്ങൾ. അവകാശവാദത്തിന്റെ വലുപ്പം തൊഴിലവസരം സൃഷ്ടിക്കുകയും പി.എസ്.സി. നിയമനം കാര്യക്ഷമമാക്കുകയും ചെയ്ത സർക്കാരാണിതെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. 2020 ഡിസംബർ 31 വരെ 1,51,513 പേർക്ക് പി.എസ്.സി. അഡ്വൈസ് മെമ്മോ നൽകി. സ്റ്റാർട്ടപ്പുകളിലൂടെ 30,000 പേർക്ക് തൊഴിലവസരമുണ്ടാക്കി. ചെറുകിട ഇടത്തരം സംരംഭങ്ങളിലൂടെ 82,000 പേർക്ക് തൊഴിൽലഭിച്ചു. 100 ദിന കർമപരിപാടി പ്രഖ്യാപിച്ച് 1,16,440 തൊഴിലവസരം തീർത്തു. ഇതാണ് അവകാശവാദം. തങ്ങളുടെ കാലത്ത് 1,54,355 പേർക്ക് അഡ്വൈസ് മെമ്മോ നൽകിയെന്നാണ് യു.ഡി.എഫ്. അവകാശപ്പെടുന്നത്. സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും തുടങ്ങാൻ ഭൗതികസാഹചര്യം ഒരുക്കുന്നത് സർക്കാരിന്റെ കടമയാണ്. അതിലൂടെ ജീവിക്കുന്നവരുടെ കണക്കെടുത്ത് സർക്കാർ ജോലികൊടുത്തുവെന്ന് അവകാശപ്പെടുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നാണ് വിമർശനം. കേരള ബാങ്കിന്റെ പേരിലും മരവിപ്പിക്കൽ കേരള ബാങ്ക് രൂപവത്കരിക്കുന്നതിന്റെ പേരിൽ 7000 പേരുടെ റാങ്ക് പട്ടികയാണ് മരവിപ്പിച്ചത്. ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല. അവിടെയാണ് നിയമനച്ചട്ടംപോലും അംഗീകരിക്കുന്നതിന് മുമ്പ് 1800 പേരെ പി.എസ്.സി. വഴിയല്ലാതെ നിയമിക്കുന്നത്. പി.എസ്.സി.ക്ക് വിട്ട പൊതുമേഖലാസ്ഥാപനങ്ങളിലും അപ്പക്സ് സ്ഥാപനങ്ങളിലും കരാർനിയമനം തുടരുന്നു. 700 ഒഴിവുകളുള്ള കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തത് 150 എണ്ണം മാത്രം. ഇങ്ങനെ നീളുന്നു ഉദ്യോഗാർഥികളുടെ കണക്ക്. Content Highlights;Appointment Controversy
from mathrubhumi.latestnews.rssfeed https://ift.tt/3ruwEuE
via
IFTTT
No comments:
Post a Comment