ആലപ്പുഴ: വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഹരിപ്പാട്, അരൂർ മണ്ഡലങ്ങൾ പരസ്പരം വെച്ചുമാറാൻ സി.പി.എമ്മിലും സി.പി.ഐ.യിലും അനൗദ്യോഗികചർച്ച തുടങ്ങി. പാർട്ടിതലത്തിലോ മുന്നണിതലത്തിലോ ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും നേതാക്കൾ പരസ്പരം സംസാരിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ഭാഗത്തുനിന്നാണ് ഇങ്ങനെയൊരു നിർദേശം വന്നത്. ഇപ്പോൾ ഹരിപ്പാട്ട് സി.പി.ഐ.യും അരൂരിൽ സി.പി.എമ്മുമാണ് മത്സരിക്കുന്നത്. എ.എം. ആരിഫ് രണ്ടുതവണ ജയിച്ച അരൂർ മണ്ഡലം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിനു നഷ്ടമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിനു നഷ്ടപ്പെട്ട ഏകസീറ്റ് ഹരിപ്പാടാണ്. 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു രമേശ് ചെന്നിത്തല തിരഞ്ഞെടുക്കപ്പെട്ടത്. ഹരിപ്പാട്ടുതന്നെ മത്സരിക്കുമെന്നു ചെന്നിത്തല വ്യക്തമാക്കിയിട്ടുമുണ്ട്. സി.പി.എമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് അരൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായതെന്നു വിലയിരുത്തലുണ്ട്. ആരിഫ് പാർലമെന്റിലേക്കുപോയ ഒഴിവിൽനടന്ന മത്സരത്തിൽ 2,079 വോട്ടിനാണു കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ ജയിച്ചത്. 38,519 വോട്ടിന് ആരിഫ് ജയിച്ച മണ്ഡലമാണിത്. ആഭ്യന്തരത്തർക്കങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിക്കാതിരിക്കാൻ പുറത്തുനിന്നുള്ള സ്ഥാനാർഥിയെ കൊണ്ടുവരുകയാണ് ഒരുമാർഗം. രണ്ടാമത്തേതാണു സീറ്റുവെച്ചുമാറൽ. പക്ഷേ, സി.പി.എമ്മിന്നു തൊട്ടടുത്തുള്ള ചേർത്തല കിട്ടിയാൽകൊള്ളാമെന്നുണ്ട്. ഏതുസാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന മണ്ഡലമായാണ് അവർ ചേർത്തലയെ കാണുന്നത്. എന്നാൽ, ആ സിറ്റിങ് സീറ്റ് സി.പി.ഐ. വിട്ടുനൽകില്ല. മുതിർന്ന സി.പി.എം. നേതാവ് ടി.കെ. ദേവകുമാർ 2001-ൽ ഹരിപ്പാട്ടുനിന്ന് ജയിക്കുയും 2006-ൽ തോൽക്കുകയും ചെയ്തിരുന്നു. ഈ സീറ്റ് കിട്ടിയാൽ ദേവകുമാറിനെയോ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന ഏതെങ്കിലും യുവനേതാവിനെയോ മത്സരിപ്പിക്കാൻ കഴിയുമെന്നാണ് ഒരുവാദം. സി.പി.ഐ. തന്നെയാണു മത്സരിക്കുന്നതെങ്കിൽ ബിനോയ് വിശ്വം രംഗത്തുവരുമെന്നും പ്രചാരണമുണ്ട്. രണ്ടിടത്തെയും പ്രാദേശികവികാരംകൂടി കണക്കിലെടുത്താകും അന്തിമതീരുമാനം. സി.പി.ഐ.യുടെ സംസ്ഥാന എക്സിക്യുട്ടിവ് ഏഴാം തീയതിയാണ്. അതിനുശേഷമേ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ സംബന്ധിച്ച് എന്തെങ്കിലും ആലോചന തുടങ്ങൂവെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. മണ്ഡലങ്ങൾ വെച്ചുമാറുന്നതു സംബന്ധിച്ച അനൗദ്യോഗികചർച്ച നടക്കുന്നുണ്ടെങ്കിലും പാർട്ടിയുടെമുന്നിൽ ഈ വിഷയം വന്നിട്ടില്ലെന്നു മുതിർന്ന സി.പി.എം. നേതാവ് പറഞ്ഞു. Content Highlights: CPM and CPI to exchange Harippad and Aroor
from mathrubhumi.latestnews.rssfeed https://ift.tt/3bpa427
via
IFTTT
No comments:
Post a Comment