കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ പ്രധാന പങ്കാളിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചതിലൂടെ എൻ.ഐ.എ. നടത്തിയത് തന്ത്രപരമായ നീക്കം. സ്വർണക്കടത്തിനെക്കുറിച്ച് എല്ലാമറിയുന്ന ആളെ മാപ്പുസാക്ഷിയാക്കിയതിലൂടെ കോടതിയിൽ കേസിന് ബലം നല്കാൻ എൻ.ഐ.എ.ക്ക് കഴിയുമെന്നാണ് നിയമ വൃത്തങ്ങൾ വിലയിരുത്തുന്നത്. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതിനു പിന്നാലെ സ്വപ്ന സുരേഷ് ഒളിവിൽ പോയിരുന്നു. അന്ന് സ്വപ്നയോടൊപ്പം സന്ദീപ് നായരും ഉണ്ടായിരുന്നു. ബെംഗളൂരുവിൽനിന്ന് ഇരുവരേയും ഒന്നിച്ചാണ് അറസ്റ്റ് ചെയ്തത്. ഇതിന്റെ പിന്നാലെയാണ് യു.എ.പി.എ. അടക്കമുള്ള വകുപ്പുകൾ ചുമത്തുന്നത്. എൻ.ഐ.എ.യുടെ കേസിൽ നാലാം പ്രതിയായിരുന്നു സന്ദീപ് നായർ.അന്വേഷണത്തിന്റെ ആദ്യഘട്ടം പിന്നിട്ടതോടെ സന്ദീപ് നായരെ കേസിൽ മാപ്പു സാക്ഷിയാക്കാനാകുമെന്ന് എൻ.ഐ.എ.ക്ക് മനസ്സിലായി. മജിസ്‌ട്രേറ്റിനു മുന്നിൽ സന്ദീപ് നായർ നല്കിയ 164 സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരിക്കുന്നത്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ, റമീസ് എന്നിവർ സ്വർണക്കടത്തിലെ ഒരു കണ്ണിയായി പ്രവർത്തിച്ചിരുന്നുവെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്. ഈ കണ്ണിയിൽ നിന്നൊരാളെ അടർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് നേട്ടം.നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടായിരുന്നു സ്വപ്ന സുരേഷ് ആദ്യം സ്വീകരിച്ചത്. എന്നാൽ സ്വർണക്കടത്ത് പിടിച്ചതിനു പിന്നാലെ ഒളിവിൽ പോയതിനാൽ തന്നെ ആ വാദത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായിരുന്നു. ഇവിടെയാണ് സന്ദീപ് നായരുടെ മൊഴി നിർണായകമാകുക. ഒളിവിൽ കഴിയവേ സ്വപ്ന ആരുമായൊക്കെ ബന്ധപ്പെട്ടുവെന്ന് തെളിയിക്കാൻ സന്ദീപിന്റെ മൊഴിയിലൂടെ കഴിയും.സ്വർണക്കടത്ത് കേസിൽ വിചാരണ നേരത്തെ ആരംഭിക്കുന്നതിനു പോലും ഇതിലൂടെ സാധിക്കുമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേസിൽ 33 പ്രതികളാണുള്ളത്. 21 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇപ്പോൾ അറസ്റ്റ് ചെയ്തവരുടെ വിചാരണ നടത്തുന്നതിനായി കുറ്റപത്രം രണ്ടായി നല്കാനുള്ള സാധ്യതയും ഉണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/35uXYRh
via
IFTTT
No comments:
Post a Comment