അരുവിത്തുറ : പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ച അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥിനി എസ്.മുംതാസിന് അഭിനന്ദനപ്രവാഹം. ഡൽഹിയിൽ നടന്ന ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗമികവിനാണ് പ്രധാനമന്ത്രിയുടെ കൈയടി ലഭിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് 2020-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനും മുംതാസിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എം.ജി.സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. വൊളന്റിയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിലൂടെയാണ് പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ മുംതാസിന് അവസരം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുംതാസിന്റെ പ്രസംഗത്തെ പ്രശംസിച്ചു. വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തതിലൂടെയും മുംതാസിനും അരുവിത്തുറ സെന്റ് ജോർജ് കോളേജിനും രാജ്യാന്തരപ്രശസ്തി ലഭിച്ചു. മുംതാസിന്റെ മികവിലൂടെ അരുവിത്തുറ കോളേജിന് അന്തർദേശീയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ഡൽഹിയിലുള്ള മുംതാസിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കോളേജ് രാഷ്ട്രത്തിന് നൽകിയ ഏറ്റവും മിടുക്കിയായ വിദ്യാർഥിനിയാണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളിൽ ഈ വിദ്യാർഥിനി എത്തുമെന്നും പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ തന്റെ അനുമോദനസന്ദേശത്തിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കോളേജിന്റെ അഭിമാനമായ മുംതാസിനെ കോളേജ് ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ അഭിനന്ദനം അറിയിച്ചു. കോളേജിൽ എത്തുന്ന മുംതാസിന് വൻ സ്വീകരണം നൽകാൻ കോളേജ് അധികാരികൾ തീരുമാനിച്ചു. പത്തനംതിട്ട മുണ്ടപ്ലാക്കുഴിയിൽ എം.ഇ.ഷാജി-റഷീദ ദമ്പതിമാരുടെ മകളാണ് മുംതാസ്. Content Highlights:Youth parliament competition winner Mumthas S, who won prime ministers applause
from mathrubhumi.latestnews.rssfeed https://ift.tt/2KdVsqS
via
IFTTT
No comments:
Post a Comment