തിരുവനന്തപുരം: സി.പി.ഐ. മന്ത്രിമാർ ആരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. രണ്ടുതവണ വിജയിച്ചവർ മത്സരിക്കേണ്ടെന്ന പൊതുനയം നടപ്പാകുകയാണെങ്കിൽ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ എന്നീ മന്ത്രിമാർ ഒഴിവാകും. സി. ദിവകാരൻ, മുല്ലക്കര രത്നാകരൻ, ജി.എസ്. ജയലാൽ ഇ.എസ്. ബിജിമോൾ, ഇ.കെ. വിജയൻ, ഗീതാ ഗോപി, ചിറ്റയം ഗോപകുമാർ, വി. ശശി തുടങ്ങിയവരൊക്കെ ഒഴിവാക്കപ്പെടാം. രണ്ട് ടേമെന്ന നിബന്ധന പൊതുവേ പാലിക്കാറുണ്ടെങ്കിലും അത് നിർബന്ധമല്ല. കഴിഞ്ഞപ്രാവശ്യം സി. ദിവാകരൻ വി.എസ്. സുനിൽകുമാർ, മുല്ലക്കര രത്നാകരൻ, ബിജിമോൾ തുടങ്ങിയവർക്കൊന്നും ഈ മാനദണ്ഡം ബാധകമാക്കിയിരുന്നില്ല. ജയസാധ്യതയും സീനിയോറിറ്റിയുമൊക്കെ അനുസരിച്ച് ഈ നിബന്ധനയിൽ ഇളവ് അനുവദിക്കാറുണ്ട്. മറ്റുമന്ത്രിമാർ എം.എൽ.എ.യായി മൂന്ന് ടേം കഴിഞ്ഞവരായതിനാൽ രണ്ട് ടേം മാത്രമിരുന്ന ഇ. ചന്ദ്രശേഖരന് ഒരവസരംകൂടി ലഭിച്ചേക്കാം. ശക്തികേന്ദ്രമായ കൊല്ലത്ത് പാർട്ടി നേരിടുന്ന ആഭ്യന്തരപ്രശ്നങ്ങൾ ചില്ലറയല്ല. ജില്ലാസമ്മേളനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടുവന്ന സെക്രട്ടറിക്ക് സ്ഥാനമൊഴിയേണ്ടിവന്നു. പകരം സെക്രട്ടറിയെ സംസ്ഥാനനേതൃത്വം നിർദേശിച്ചെങ്കിലും എതിർപ്പുമൂലം അത് നടപ്പാക്കാനായില്ല. നിലവിൽ സെക്രട്ടറിയുടെ ചുമതല മുല്ലക്കര രത്നാകരന് നൽകിയിരിക്കയാണ്. മറ്റൊരു പ്രമുഖ നേതാവ് പി.എസ്. സുപാൽ നടപടി നേരിടുന്നു. ജി.എസ്. ജയലാൽ എം.എൽ.എ.യ്ക്കെതിരേയും നടപടിയുണ്ടായി. ഈ പ്രശ്നങ്ങളൊക്കെ കൊല്ലം ജില്ലയിലെ സ്ഥാനാർഥിനിർണയത്തിൽ പ്രതിഫലിക്കാം.മലബാർ മേഖലയിൽ സി.പി.ഐ.ക്ക് താരതമ്യേന സീറ്റ് കുറവാണ്. കേരള കോൺഗ്രസുകൂടി ഇടതുമുന്നണിയിൽ എത്തിയതോടെ സി.പി.ഐയുടെ ചില സീറ്റുകളിൽ മാറ്റംവന്നേക്കാം. കഴിഞ്ഞ പ്രാവശ്യം സി.പി.ഐ. മത്സരിച്ച ഇരിക്കൂർ ഇക്കുറി കേരള കോൺഗ്രസിന് നൽകിയേക്കും. സി.പി.ഐ.ക്ക് അഴീക്കോടോ കണ്ണൂരോ ആയിരിക്കും ലഭിക്കുക. കാഞ്ഞിരപ്പള്ളി ജോസ് കെ.മാണിക്ക് നൽകിയാൽ പകരം സീറ്റ് ഏതെന്ന ചോദ്യത്തിനും ഉത്തരമായിട്ടില്ല. യുവജനനേതാക്കൾക്കായിരിക്കും മുന്തിയ പരിഗണന. എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. നേതാക്കളായിരുന്ന ശുഭേഷ് സുധാകർ, ജിസ്‌മോൻ, മഹേഷ് കക്കത്ത് തുടങ്ങിയവർക്ക് സാധ്യതയുണ്ട്. പി.പ്രസാദ്, ചിഞ്ചുറാണി, പി.വസന്തം തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നു. ഔദ്യോഗികമായി ചർച്ചകൾ തുടങ്ങിയിട്ടില്ല. ജില്ലാ കൗൺസിലുകളിൽനിന്ന് പട്ടിക വാങ്ങിയാകും സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/3bm0s7X
via
IFTTT
No comments:
Post a Comment