കോട്ടയം: മന്നം ജയന്തിദിനത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആശംസ അറിയിച്ചതും അതിന് എൻ.എസ്.എസ്. നന്ദി രേഖപ്പെടുത്തിയതും രാഷ്ട്രീയചർച്ചകൾക്കു വഴിയൊരുക്കുന്നു. ‘സാമൂഹിക സേവനം, സാമൂഹിക നീതി, സാംസ്കാരിക പുനരുദ്ധാരണം എന്നിവയ്ക്ക് മന്നത്ത് പദ്മനാഭൻ നൽകിയ സംഭാവനകളോട് തലമുറകൾ കൃതജ്ഞതയുള്ളവരായിരിക്കും. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സമ്പൂർണമായി സമർപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജയന്തി ദിനത്തിൽ അദ്ദേഹത്തോടുള്ള എന്റെ ആദരവ് അർപ്പിക്കുന്നു’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. മോദിക്കും അമിത്ഷായ്ക്കും നന്ദിയറിയിച്ച് എൻ.എസ്.എസ്. കത്തയക്കുകയും െചയ്തു. മോദിയുടെയും അമിത്ഷായുടെയും സന്ദേശങ്ങൾ ചേർത്ത് എൻ.എസ്.എസ്. പ്രസിദ്ധീകരണമായ സർവീസിൽ വന്ന മുഖപ്രസംഗം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫെയ്‌സ്ബുക്കിലിട്ടതാണ് ഇപ്പോൾ ചർച്ചകൾക്കു വഴിവെച്ചത്. ഈ പോസ്റ്റിനെത്തുടർന്ന് ബി.ജെ.പി. അനുകൂല സമീപനത്തിലേക്ക് എൻ.എസ്.എസ്. വരുന്നുവെന്ന ചർച്ചകളുണ്ടായി.ഇത്തരം ചർച്ചകളെ എൻ.എസ്.എസ്. നേതൃത്വം തള്ളി. സംഘടനയുടെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച് സമുദായ ആചാര്യനെ അനുസ്മരിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ എൻ.എസ്.എസ്. നന്ദിയറിയിച്ച് കത്തയക്കുകയും ചെയ്തു. എൻ.എസ്.എസിനോട് ആര് ഇൗ രീതിയിൽ പെരുമാറിയാലും സമാന സമീപനമാണു സ്വീകരിക്കുക. ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2KtBngn
via
IFTTT
No comments:
Post a Comment