ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന-ജില്ലാഭരണസിരാകേന്ദ്രങ്ങൾ കർഷകസംഘടനകൾ തിങ്കളാഴ്ച ഉപരോധിക്കും. സിംഘുവിലെ സമരഭൂമിയിൽ കർഷകനേതാക്കൾ നിരാഹാരം അനുഷ്ഠിക്കും. അവർക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി. ലഖ്വീന്ദർ സിങ് ജാഖർ രാജിവെച്ചു. ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതൽ കർഷകർ സിംഘുവിലേക്കെത്തി. പഞ്ചാബിൽനിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. കർഷകപ്രക്ഷോഭം 18-ാം ദിവസത്തിലേക്കുകടന്ന ഞായറാഴ്ച കർഷകർ ജയ്പുർ ദേശീയപാത കൂടി ഉപരോധിച്ചു. രാജസ്ഥാനിലെ അൽവർ ജില്ലയിൽനിന്നുള്ള കർഷകരുടെ മാർച്ച് ഹരിയാണ അതിർത്തിയിൽ തടഞ്ഞതോടെയാണിത്. തങ്ങളെ ഡൽഹിയിലേക്കു യാത്രചെയ്യാൻ അനുവദിക്കുകയാണെങ്കിൽ ഉപരോധം അവസാനിപ്പിക്കാമെന്ന് കർഷകർ നിലപാടെടുത്തു. ചർച്ചയെത്തുടർന്ന് ഇതുവഴി ഭാഗികമായി ഗതാഗതം അനുവദിച്ചു. ഇതുവരെ, ഉത്തർപ്രദേശ്, ഹരിയാണ അതിർത്തികൾ സ്തംഭിപ്പിച്ച കർഷകസംഘടനകൾ സമരം കൂടുതൽ അതിർത്തികളിലേക്കു വ്യാപിപ്പിക്കുകയാണ്. ഡൽഹി-ആഗ്ര അതിർത്തിയും സ്തംഭിപ്പിച്ചേക്കും. ജയ്പുർ-ഡൽഹി അതിർത്തിയിലെ ഷാജഹാൻപുരിൽ നടന്ന പ്രക്ഷോഭത്തിൽ എൻ.ഡി.എ. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയിലെ എം.പി. ഹനുമാൻ ബേനിവാൾ പങ്കെടുത്തതും ശ്രദ്ധേയമായി. കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻ.ഡി.എ. മുന്നണി വിടുമെന്ന് നേരത്തേ ബേനിവാൾ പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി സംഘടനകളും വിദ്യാർഥികളും വനിതകളുമൊക്കെ തിങ്കളാഴ്ച സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഡൽഹിയിലെ ഐ.ടി.ഒ.യ്ക്കു സമീപം ഷഹീദ് പാർക്കിൽ തൊഴിലാളി സംഘടനകളും മറ്റും ഐക്യദാർഢ്യപ്രതിഷേധം നടത്തും. ഹരിയാണയിലെ റിവാഡിയിൽ ഡൽഹി-ജയ്പുർ ദേശീയപാതാ ഉപരോധത്തിന് കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള, ജോ. സെക്രട്ടറി വിജു കൃഷ്ണൻ, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹികപ്രവർത്തക മേധാ പട്കർ തുടങ്ങിയവർ നേതൃത്വം നൽകി. നൂറു കണക്കിനു ട്രാക്ടറുകളിൽ കർഷകർ ഡൽഹിയിലേക്കു തിരിച്ചു. ഇതിനിടെ, ഗുരുഗ്രാം അതിർത്തിയിൽ സുരക്ഷയ്ക്കായി നാലായിരത്തിലേറെ പോലീസുകാരെ വിന്യസിച്ചു. അമിത് ഷായുടെ വസതിയിൽ യോഗം സമരം കൂടുതൽ ശക്തമായതോടെ, ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെത്തി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും സഹമന്ത്രി സോം പ്രകാശും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബിലെ ബി.ജെ.പി. അധ്യക്ഷനും യോഗത്തിൽ പങ്കെടുത്തതായി അറിയുന്നു. കർഷകസമരക്കാരുമായി ചർച്ചയ്ക്കു വാതിൽ തുറന്നിട്ടതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ-ഭാനോ വിഭാഗവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഡൽഹി-നോയ്ഡ അതിർത്തിയായ ചില്ലയിൽ വാഹനഗതാഗതം അനുവദിച്ചു. പത്തു ദിവസമായി കർഷകസമരത്തെ തുടർന്ന് അടഞ്ഞു കിടക്കുകയായിരുന്നു ഈ അതിർത്തി. എന്നാൽ, യു.പി.-ഡൽഹി അതിർത്തിയായ ഗാസിപ്പുർ ഇനിയും തുറന്നിട്ടില്ല. Content Highlights:farmers protest in delhi- Strike on Jaipur National Highway
from mathrubhumi.latestnews.rssfeed https://ift.tt/3md1ncJ
via
IFTTT
No comments:
Post a Comment