തിരുവനന്തപുരം: ഇല്ലാത്ത പദ്ധതിക്ക് സഹകരണ ബാങ്കുകളിൽനിന്ന് 50 കോടിരൂപ വായ്പ സംഘടിപ്പിക്കാൻ ഇടപെടണമെന്ന് കാണിച്ച് ഖാദിബോർഡ് സെക്രട്ടറി കെ.എ. രതീഷ് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കത്തയച്ചു. ബോർഡ് ചെയർപേഴ്‌സണോ അംഗങ്ങളോ അറിയാതെയായിരുന്നു ഇത്. കണ്ണൂർ പാപ്പിനിശ്ശേരിയിൽ കൊമേഴ്‌സ്യൽ കോംപ്ലക്‌സ് പണിയാനാണ് പണമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പാപ്പിനിശ്ശേരിയിലെ ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള 1.58 ഏക്കർ സ്ഥലത്ത് വ്യാപാരസമുച്ചയം നിർമിക്കുന്ന പദ്ധതി രതീഷ് സ്വന്തം നിലയിൽ ആസൂത്രണം ചെയ്തതാണ്. ബോർഡ് ചെയർപേഴ്‌സണായ ശോഭനാ ജോർജ് പോലും അറിയാതെ ഇതിന് മന്ത്രി ഇ.പി. ജയരാജനെക്കൊണ്ട് കല്ലിടൽകർമംപോലും നിശ്ചയിച്ചിരുന്നു. ഖാദി ബോർഡ് ഇത്തരമൊരു പദ്ധതി തയ്യാറാക്കുകയോ ആസൂത്രണം നടത്തുകയോ ചെയ്തിരുന്നില്ല. ഇത് വിവാദമായതിന് പിന്നാലെയാണ് അതേപദ്ധതിയുമായി സി.പി.എം. പിന്തുണയിൽ 50 കോടി വായ്പയെടുക്കാനുള്ള നീക്കമുണ്ടായത്. സർക്കാർ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പാർട്ടി നേതാക്കൾക്ക് ഇത്തരം കാര്യങ്ങൾക്ക് കത്തെഴുതുന്നത് ചട്ടവിരുദ്ധമാണ്. ഖാദി ബോർഡിന് വായ്പ എടുക്കണമെങ്കിൽ സർക്കാർ അനുമതി വേണം. ബോർഡാണ് അക്കാര്യം സർക്കാരിനോട് ആവശ്യപ്പെടേണ്ടത്. എന്നാൽ, പാപ്പിനിശ്ശേരിയിൽ വ്യാപാര സമുച്ചയം പണിയാനുള്ള ഒരു പദ്ധതിയും ബോർഡ് തയ്യാറാക്കിയിട്ടില്ല. ഇത്തരമൊരു നീക്കം രതീഷിന്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ കണ്ണൂരിലെ സി.പി.എം. നേതാവായ ബോർഡ് അംഗം അതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് ശേഷമാണ് ബോർഡ് അംഗങ്ങളാരും അറിയാതെ 50 കോടി തരപ്പെടുത്താൻ എം.വി. ജയരാജന് കത്ത് എഴുതിയത്. സഹകരണ ബാങ്കുകൾക്ക് വായ്പ അനുവദിക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം. ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥൻ പാർട്ടി നേതാക്കൾക്ക് കത്തെഴുതേണ്ട കാര്യമില്ലെന്ന് ചെയർപേഴ്‌സൺ ശോഭനാ ജോർജ് പറഞ്ഞു. ഇതേക്കുറിച്ച് അദ്ദേഹം ബോർഡിനെ അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു പദ്ധതിയും ബോർഡ് പരിഗണിച്ചിട്ടില്ല. ഇല്ലാത്ത പദ്ധതി ചൂണ്ടിക്കാട്ടി സി.പി.എം. ജില്ലാ സെക്രട്ടറിക്ക് കത്ത് എഴുതിയതിനെ കുറിച്ച് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ശോഭനാ ജോർജ് പറഞ്ഞു. കശുവണ്ടി കോർപ്പറേഷൻ എം.ഡി. യായിരിക്കെ തോട്ടണ്ടി ഇടപാടിൽ 500 കോടിയുടെ അഴിമതി നടന്നുവെന്ന പരാതിയിൽ സി.ബി.ഐ. അന്വേഷണം നേരിടുന്ന കെ.എ. രതീഷ് കേസിൽ ഒന്നാംപ്രതിയാണ്. പക്ഷേ, കുറ്റപത്രം നൽകുന്നതിന് സർക്കാർ ഇതുവരെ സി.ബി.ഐ.ക്ക് അനുമതി നൽകിയിട്ടില്ല. സ്വന്തം ശമ്പളം കുത്തനെ കൂട്ടാൻ സ്വയം ശുപാർശചെയ്ത് ഖാദി ബോർഡിലും അദ്ദേഹം വിവാദമുണ്ടാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/36YOfDM
via
IFTTT
No comments:
Post a Comment