കൊച്ചി: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരേ നേതാക്കള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസ്. ഇന്നലെ ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തിയ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോടാണ് ആര്‍.എസ്.എസ്. നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന ബി.ജെ.പിയില്‍ ഉരുണ്ടുകൂടിയ പടലപ്പിണക്കത്തില്‍ അതൃപ്തിയുള്ള ആര്‍.എസ്.എസ്, സുരേന്ദ്രനെ വിളിപ്പിച്ചതാണെന്നും സൂചനയുണ്ട്.
ആര്‍.എസ്.എസ്. സംസ്ഥാന കാര്യവാഹ് പി.എന്‍. ഹരികൃഷ്ണനുമായിട്ടായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി. സംഘടനാ സെക്രട്ടറി എം. ഗണേശന്‍ സന്നിഹിതനായിരുന്നു. രാവിലെ പത്തരയ്ക്കു കോഴിക്കോട്ടുനിന്നാണ് സുരേന്ദ്രന്‍ ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തിയത്. രണ്ടു മണിക്കൂറോളം ചര്‍ച്ച നീണ്ടു. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പി.എം. വേലായുധന്‍ തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളടക്കം പരാതികളുമായി രംഗത്തുവന്ന സാഹചര്യത്തിലുള്ള കൂടിക്കാഴ്ച സമവായപാത സൃഷ്ടിക്കാനാണെന്നാണ് വിലയിരുത്തല്‍.
തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായതോടെ പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നതില്‍ ആര്‍.എസ്.എസ്. നേതൃത്വം നീരസം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കു ലഭിച്ച അനുകൂല സാഹചര്യം മുതലാക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും ആര്‍.എസ്.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്. കെ. സുരേന്ദ്രനെതിരേ 21 ല്‍ പരം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനു പരാതി അയച്ചിരുന്നു.
സുരേന്ദ്രന്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നെന്നും തങ്ങള്‍ക്കു അര്‍ഹമായ പ്രാധാന്യം നേതൃനിരയില്‍ നല്‍കിയില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം, ബി.ജെ.പിയിലെ മുന്‍നിര നേതാക്കള്‍ പരസ്യപ്രതിഷേധം ഒഴിവാക്കേണ്ടിയിരുന്നെന്ന അഭിപ്രായവും ആര്‍.എസ്.എസിനുണ്ട്. വിമര്‍ശനവും പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടിയിരുന്നുവെന്ന് ആര്‍.എസ്.എസ്. നേതൃത്വം സൂചിപ്പിച്ചു. ഇപ്പോഴത്തെ പ്രതിസന്ധികള്‍ സംഘടനാതലത്തില്‍തന്നെ പരിഹരിക്കണമെന്നാണ് അവരുടെ നിലപാട്.
ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തിയതു പതിവു സന്ദര്‍ശനത്തിന്റെ ഭാഗംമാത്രമാണെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ബി.ജെ.പി. സജ്ജമാണ്. വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്നത് എന്‍.ഡി.എയും ബി.ജെ.പിയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/355YGoc
via IFTTT
No comments:
Post a Comment