അങ്കമാലി : സഹപ്രവര്‍ത്തകയായ പെണ്‍ സുഹൃത്തിനെ ശകാരിച്ച മേലുദ്യോഗസ്ഥനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന കേസില്‍ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസി എക്‌സിക്യുട്ടീവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. എക്‌സിക്യൂട്ടീവ് വേങ്ങൂര്‍ വെസ്റ്റ് പ്രളയിക്കാട് തെക്കുംപുറത്ത് ജിബു (40), ഇടുക്കി ദേവികുളം കുറ്റിവേലില്‍ നിഥിന്‍ (23), വേങ്ങൂര്‍ വെസ്റ്റ് പ്രളയിക്കാട് തെക്കുംപുറം അമല്‍ (29), ഇരുമ്പനം കൊല്ലംപടി മേക്കമാലി ബെന്‍ ബാബു (29) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ആശുപത്രി മാനേജരുമായി നേരത്തെ തന്നെ മാനസിക അകലത്തിലായിരുന്നു ജിബുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ, ജോലിസംബന്ധമായ വീഴ്ചയ്ക്കു മാനേജര്‍ പെണ്‍ സുഹൃത്തിനെ ശകാരിച്ച വിവരം അറിഞ്ഞതോടെ ജിബുവിനു മാനേജരോടുള്ള വൈരാഗ്യം വര്‍ധിച്ചു.
മാനേജര്‍ താമസിക്കുന്ന സ്ഥലത്തു ക്വട്ടേഷന്‍ സംഘത്തെ ജിബു രാത്രിയില്‍ കാറിലെത്തിച്ചു. ക്വട്ടേഷന്‍ സംഘം വീടു തല്ലിത്തകര്‍ത്ത് അകത്തുകയറി മാനേജരെ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ കഴുത്തില്‍ കിടന്നിരുന്ന ഏഴുപവന്റെ സ്വര്‍ണമാല കവരുകയും ചെയ്തു.
തനിക്ക് മര്‍ദനമേറ്റ വിവരം മാനേജര്‍ തന്നെയാണ് ആശുപത്രിയിലേയ്ക്ക് ഫോണ്‍ ചെയ്ത് അറിയിച്ചത്. വിളിച്ചയുടന്‍ മാനേജരെ ആശുപത്രിയിലെത്തി പരിചരിക്കുകയും വീട്ടിലേക്കു പോയപ്പോള്‍ അവിടെയെത്തി സുഖവിവരം തിരക്കുകയും ചെയ്തതിനാല്‍ ജിബുവിനെ ആരും സംശയിച്ചില്ല.
മാത്രമല്ല, ജിബുവും പെണ്‍ സുഹൃത്തും തമ്മിലുള്ള സൗഹൃദം ചോദ്യം ചെയ്യലില്‍ ഇരുവരും മറച്ചുവച്ചിരുന്നു. ഇതിനിടെ, ക്വട്ടേഷന്‍ സംഘത്തിന് ഒളിവില്‍ പോകുമ്പോഴുള്ള ചെലവിനു പെണ്‍ സുഹൃത്തിന്റെ മോതിരം പണയം വച്ച പണമാണു നല്‍കിയതെന്നു പോലീസ് കണ്ടെത്തിയതോടെയാണു ജിബുവിന്റെ പങ്കു വ്യക്തമായത്.
ആലുവ ഡിവൈഎസ്പി ജി.വേണുവിന്റെ നേതൃത്വത്തില്‍ അങ്കമാലി എസ്എച്ച്ഒ സോണി മത്തായി,എസ്‌ഐ ടി.എം.സൂഫി, ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിന്‍, കെ.ആര്‍. ജീമോന്‍, ബെന്നി ഐസക് എന്നിവരാണു പ്രതികളെ പിടികൂടിയത്.
from mangalam.com https://ift.tt/2U9ykve
via IFTTT
No comments:
Post a Comment