ബെംഗളൂരു: കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പുനടന്ന രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി.ക്ക് ജയം. കോൺഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകൾ ബി.ജെ.പി. വൻ ഭൂരിപക്ഷത്തിന് പിടിച്ചെടുക്കുകയായിരുന്നു. സിറ്റിങ് സീറ്റുകൾ നിലനിർത്താൻ കഴിയാത്തത് കോൺഗ്രസിനും ജെ.ഡി.എസിനും തിരിച്ചടിയായി. ഇതോടെ കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിന് പിന്തുണപിൻവലിച്ച് രാജിവെച്ച 15 പേരിൽ 13 പേരെയും ഉപതിരഞ്ഞെടുപ്പിലൂടെ വിജയിപ്പിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിയമസഭയിൽ സുരക്ഷിത ഭൂരിപക്ഷം ഉറപ്പാക്കി. തുമകൂരുവിലെ സിറയിൽ ബി.ജെ.പി. അട്ടിമറിവിജയം നേടി. ഇതുവരെ വിജയിക്കാത്ത മണ്ഡലമാണ് കോൺഗ്രസ് നേതാവിന്റെ മകൻ രാജേഷ് ഗൗഡയെ സ്ഥാനാർഥിയാക്കി ബി.ജെ.പി. നേടിയത്. രാജേഷ് ഗൗഡയ്ക്ക് 74,522 വോട്ടും കോൺഗ്രസ് സ്ഥാനാർഥിയായ മുൻമന്ത്രി ടി.ബി. ജയചന്ദ്രയ്ക്ക് 61,572 വോട്ടും ലഭിച്ചു. ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റിൽ പാർട്ടിയുടെ സ്ഥാനാർഥിയായ അമ്മജമ്മ 35,982 വോട്ടുനേടി മൂന്നാം സ്ഥാനത്തായി. ഭൂരിപക്ഷം 12,949.ചിത്രദുർഗയിൽനിന്ന് മൂന്നുതവണ കോൺഗ്രസ് ടിക്കറ്റിലൂടെ എം.പി.യായ മുദലഗിരിയപ്പയുടെ മകനാണ് ഡോ. രാജേഷ് ഗൗഡ. രാജേഷ് ഗൗഡയെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് വിസമ്മതിച്ചതിനെത്തുടർന്നാണ് ബി.ജെ.പി.യെ സമീപിച്ചത്. ബെംഗളൂരുവിലെ ആർ.ആർ. നഗറിൽ ബി.ജെ.പി. സ്ഥാനാർഥി മുനിരത്ന ഗൗഡ വൻഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുനിരത്നയ്ക്ക് 1,25,734 വോട്ടും കോൺഗ്രസ് സ്ഥാനാർഥി കുസുമ രവിക്ക് 67,798 വോട്ടും ലഭിച്ചു. ജെ.ഡി.എസ്. സ്ഥാനാർഥി കൃഷ്ണമൂർത്തിക്ക് 10,251 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. 57,936 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. കഴിഞ്ഞ രണ്ടുതവണയും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച മുനിരത്ന പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുകയായിരുന്നു. മന്ത്രിസഭാവികസനത്തിൽ മുനിരത്ന മന്ത്രിയാകും. ആർ.ആർ. നഗറിലെ പരാജയം കോൺഗ്രസിനേറ്റ പരാജയത്തേക്കാൾ പാർട്ടി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനേറ്റ പ്രഹരംകൂടിയാണ്. ശിവകുമാറിന്റെ നോമിനിയായാണ് കുസുമ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് വിജയിച്ച ബെംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് ആർ.ആർ.നഗർ. ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയം ഗുണംചെയ്തത് യെദ്യൂരപ്പയ്ക്കാണ്. നേതൃത്വമാറ്റത്തിനായി പാർട്ടിക്കുള്ളിൽ നടക്കുന്ന നീക്കത്തിന് തടയിടാൻ ഇതിലൂടെ യെദ്യൂരപ്പയ്ക്ക് കഴിയും. ഇതോടെ നിയമസഭയിൽ ബി.ജെ.പി.യുടെ അംഗബലം സ്പീക്കർ അടക്കം 119 ആയി. കോൺഗ്രസിന് 67 അംഗങ്ങളും ജെ.ഡി.എസിന് 33 അംഗങ്ങളുമുണ്ട്. രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. നിയമസഭയിലെ അംഗബലംമൊത്തം അംഗബലം- 225 നിലവിലെ അംഗങ്ങൾ- 223 ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്- 2 ബി.ജെ.പി. (സ്പീക്കർ അടക്കം)-119 കോൺഗ്രസ്- 67 ജെ.ഡി.എസ്. - 33ബി.എസ്.പി. - 1 സ്വതന്ത്രർ- 2നാമനിർദേശം- 1
from mathrubhumi.latestnews.rssfeed https://ift.tt/32vhg7e
via
IFTTT
No comments:
Post a Comment