ന്യൂഡൽഹി: ജമ്മുവിലെ നഗ്രോടയിൽ കഴിഞ്ഞദിവസം നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചതിലൂടെ സൈന്യം തകർത്തത് രാജ്യത്ത് വൻ ഭീകരാക്രമണം നടത്താനുള്ള പാക് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ഉന്നതതലയോഗത്തിനുശേഷമാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യസെക്രട്ടറി ഹർഷ് വർധന ശ്രംഗ്ല, ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. 2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ വൻ സ്ഫോടനങ്ങൾക്കും നശീകരണത്തിനുമായി ആയുധശേഖരങ്ങളോടെ എത്തിയ ഭീകരരെയാണ് സുരക്ഷാസേന വധിച്ചതെന്നാണ് ഔദ്യോഗികകേന്ദ്രങ്ങൾ സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി. ‘നമ്മുടെ സുരക്ഷാസേന വീണ്ടും ധൈര്യവും പ്രൊഫഷണലിസവും പ്രകടമാക്കി. അവരുടെ ജാഗ്രത ജമ്മുകശ്മീരിൽ താഴെത്തട്ടിലുള്ള ജനാധിപത്യ പ്രവർത്തനങ്ങൾ ലക്ഷ്യംവെച്ചുള്ള ഗൂഢാലോചന തകർത്തു’ -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പുൽവാമ മാതൃകയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട് പാക്ക് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിയ ഭീകരരെയാണ് സുരക്ഷാസേന വധിച്ചതെന്ന് ഐ.ജി. മുകേഷ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ നഗ്രോടയിൽ ബാൻ ടോൾപ്ളാസയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. പാകിസ്താൻകാരായ ഇവർ അതിർത്തിയിലെ സാംബ മേഖലയിലൂടെ നുഴഞ്ഞുകയറിയതായാണ് സംശയം.
from mathrubhumi.latestnews.rssfeed https://ift.tt/3pQKPKz
via
IFTTT
No comments:
Post a Comment