അധികകാലം മുമ്പല്ല, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞവര്‍ഷം; നെവാഡയില്‍നിന്നുള്ള ലൂസി ഫ്‌ളോര്‍സ് എന്ന വനിതാ രാഷ്ട്രീയനേതാവ് ഇപ്പോഴത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരേ ഒരു ആരോപണമുന്നയിച്ചു. മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ബൈഡന്‍ 2014-ല്‍ ഒരു പ്രചാരണപരിപാടിക്കിടെ തന്നെ ''അപമര്യാദയായി സ്പര്‍ശിച്ചു'' എന്നായിരുന്നു ഫ്‌ളോര്‍സിന്റെ ആരോപണം. ബൈഡന്‍ തന്റെ മുടി മണപ്പിച്ചു നോക്കിയെന്നും പിന്‍കഴുത്തില്‍ ചുംബിച്ചെന്നും അവര്‍ ആരോപിച്ചു.
ദിവസങ്ങള്‍ക്കുശേഷം, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായുള്ള ബൈഡന്റെ എതിരാളികളിലൊരാള്‍ ഫ്‌ളോര്‍സിനെ പിന്തുണച്ച് രംഗത്തുവന്നു. സമാനമായ രീതിയില്‍ ബൈഡനെതിരേ ആരോപണമുന്നയിച്ച മറ്റു സ്ത്രീകളെയും പിന്തുണച്ച ആ എതിരാളിയുടെ പേര് കമലാ ഹാരിസ് എന്നായിരുന്നു! സ്വന്തം അനുഭവം തുറന്നുപറയാന്‍ ധൈര്യം കാട്ടിയ സ്ത്രീകളെ താന്‍ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു കമലയുടെ പ്രസ്താവന. ഇന്ത്യന്‍ വംശജയായ അതേ കമലയാണിന്ന് ജോ ബൈഡനു കീഴില്‍ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്!
ബൈഡന്റെ വിമര്‍ശക; ഇപ്പോള്‍ വിശ്വസ്ത
യു.എസ്. രാഷ്ട്രീയത്തിലെ ഇടതുപക്ഷചായ്‌വുള്ള സെനറ്ററായാണു കലിഫോര്‍ണിയയില്‍നിന്നുള്ള മുന്‍അഭിഭാഷകകൂടിയായ കമല അറിയപ്പെടുന്നത്. ''വിജയത്തിനു തൊട്ടുമുമ്പുവരെ'' എഴുതിത്തള്ളപ്പെടുന്നയാള്‍ എന്ന വിശേഷണവും പൊതുവേ പരുക്കന്‍ സ്വഭാവക്കാരിയെന്നറിയപ്പെടുന്ന കമലയ്ക്കുണ്ട്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള പ്രചാരണത്തിനിടെ ബൈഡനും സ്വന്തം പാര്‍ട്ടിക്കാരിയായ കമലയുടെ നാവിന്റെ ചൂടറിഞ്ഞിട്ടുണ്ട്.
ബൈഡനെ വംശീയവാദിയെന്ന് ആക്ഷേപിച്ചായിരുന്നു കമലയുടെ പ്രചാരണം. 1970-കളിലെ വംശവിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ബൈഡന്‍ എതിര്‍ത്തെന്നായിരുന്നു ആരോപണം. തന്നെ വ്യക്തിഹത്യ ചെയ്ത് നേട്ടമുണ്ടാക്കാനാണു കമലയുടെ ശ്രമമെന്നു ബൈഡനും തിരിച്ചടിച്ചു. 18 മാസങ്ങള്‍ക്കിപ്പുറം ആ ഏറ്റുമുട്ടലെല്ലാം പഴങ്കഥയായി. കമല ബൈഡന്റെ ടീമിലെത്തി. ഇപ്പോള്‍ യു.എസ്. വൈസ് പ്രസിഡന്റ് പദവിക്കു തൊട്ടടുത്ത്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റും ഈ ഇന്ത്യന്‍ വംശജയാകും. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ രണ്ടാമത്തെ അധികാരകേന്ദ്രം.
കമലയ്ക്ക് അത്ര അകലെയല്ല, വൈറ്റ്ഹൗസ്
ജോ ബൈഡന്റെ ഏറ്റവും വലിയ വിമര്‍ശക എന്ന നിലയില്‍നിന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തയായ വൈസ് പ്രസിഡന്റ് എന്ന നിലയിലേക്കുള്ള കമലയുടെ വളര്‍ച്ച. എഴുപത്തിയെട്ടുകാരനായ ബൈഡന് ഏതെങ്കിലും കാരണവശാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെവന്നാല്‍, സ്വാഭാവികമായും കമല അടുത്ത പ്രസിഡന്റാകുമെന്ന് 59% അമേരിക്കന്‍ വോട്ടര്‍മാര്‍ കരുതുന്നു. എതിരാളികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സംബന്ധിച്ച് അത് ഏറെ ആശങ്കാജനകമായിരിക്കും.
മധ്യവര്‍ത്തിയായ ബൈഡനെക്കാള്‍, തീവ്രനിലപാടുകാരിയായ അമ്പത്താറുകാരി കമലയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭയക്കുന്നു. ഗര്‍ഭഛിദ്രം, തോക്ക് സംസ്‌ക്കാരം, നികുതി പരിഷ്‌കരണം, ലൈംഗികത്തൊഴില്‍ കുറ്റകൃത്യമല്ലാതാക്കല്‍, മയക്കുമരുന്നിനു നിയമസാധുത തുടങ്ങിയ വിഷയങ്ങളില്‍ പുരോഗമനപരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നിലപാടാണു കമലയുടേത്. കറുത്തവംശജര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ പോലീസ് നവീകരണവും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെയെല്ലാം ഫലമായി, തെരഞ്ഞെടുപ്പില്‍ ബൈഡനെക്കാള്‍ ട്രംപ് ക്യാമ്പിന്റെ നോട്ടപ്പുള്ളിയായതു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലയാണ്. തീവ്ര ഇടതുപക്ഷത്തിന്റെ ''ട്രോജന്‍ കുതിര'' എന്നാണു ട്രംപ് പക്ഷം അവര്‍ക്കു നല്‍കിയ വിളിപ്പേര്‍. സാമ്പത്തികനിലപാടുകളുടെ പേരില്‍, ''കമ്യൂണിസ്റ്റ് ആശയപ്രചാരക''യെന്നാണു കമലയെ കഴിഞ്ഞയാഴ്ചപോലും എതിരാളികള്‍ വിശേഷിപ്പിച്ചത്. ഒട്ടേറെ അഭിമുഖങ്ങളില്‍ കമല തന്റെ ലിബറല്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോളജ് പഠനകാലത്തു താന്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്താനും അവര്‍ ധൈര്യം കാട്ടി.
വേരുകള്‍ ആഫ്രിക്കയിലും തമിഴ്‌നാട്ടിലും
-
1960-കളില്‍ അമേരിക്കയിലേക്കു കുടിയേറിയ വ്യത്യസ്തരാജ്യക്കാരായ ദമ്പതികളുടെ മകളാണു കമല. ജെമെക്കന്‍ പൗരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രഫ. ഡോണള്‍ഡ് ഹാരിസാണു പിതാവ്. ഇന്ത്യക്കാരിയായ ശ്യാമള മാതാവും. തമിഴ്‌നാട് സ്വദേശിയായ ശ്യാമള ജീവിച്ചിരിപ്പില്ല. അമേരിക്കയിലേക്കു കുടിയേറിയ ഡോണള്‍ഡും ശ്യാമളയും ബെര്‍ക്ക്‌ലി സര്‍വകലാശാലയില്‍ കണ്ടുമുട്ടി, പിന്നീട് വിവാഹിതരാവുകയായിരുന്നു. ഒരേസമയം പള്ളിയിലും ക്ഷേത്രത്തിലും വിശ്വസിച്ചിരുന്ന മതേതരവാദിയായാണു കമല വളര്‍ന്നത്. വിയറ്റ്‌നാമിലെ ബോംബാക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കുഞ്ഞുകമല അന്നത്തെ പ്രസിഡന്റ് നിക്‌സണു കത്തെഴുതുമായിരുന്നെന്നു സഹോദരി മായ ഓര്‍മിക്കുന്നു!!
യുവതിയായ കമലയും വയോധിക കാമുകനും!
മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞശേഷം ബെര്‍ക്ക്‌ലിയിലും കാനഡയിലെ ക്യുബെക്കിലുമായി വളര്‍ന്ന കമല പിന്നീട് അഭിഭാഷകയായി കലിഫോര്‍ണിയയില്‍ മടങ്ങിയെത്തി. 1990-കളില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രോസിക്യൂട്ടര്‍ ഓഫീസില്‍ ജോലിചെയ്തു. 1993-ല്‍ മുന്‍ മേയറും വിവാഹമോചിതനുമായ വില്ലി ബ്രൗണുമായി പ്രണയത്തിലായി. അന്ന് അറുപതുകാരനായ വില്ലിയും കമലയും തമ്മില്‍ 30 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. വില്ലിയുടെ പിന്തുണയോടെ ഔദ്യോഗികജീവിതമാരംഭിച്ച കമല 2003-ല്‍ സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായി തെരഞ്ഞെടുക്കപ്പെട്ടു.
എന്തായാലും വില്ലിയുമൊത്തുള്ള പ്രണയകാലം പിന്നീടു കമല തന്റെ ജീവിതരേഖയില്‍നിന്നു മായ്ച്ചു. ''നമ്മള്‍ പുലര്‍ത്തുന്ന സത്യങ്ങള്‍'' എന്ന പേരില്‍ കഴിഞ്ഞവര്‍ഷമിറങ്ങിയ ആത്മകഥയില്‍ വയോധികനായ മുന്‍കാമുകനെപ്പറ്റിയുള്ള പരാമര്‍ശമേയില്ല! ജൂതവംശജനും വിവാഹമോചിതനുമായ അഭിഭാഷകന്‍ ഡഗ് എംഹോഫാണു കമലയുടെ ഭര്‍ത്താവ്. ആദ്യവിവാഹത്തില്‍ എംഹോഫിനു രണ്ട് മക്കളുണ്ട്.
ഒബാമയുടെ പ്രീതിഭാജനം
2011-ല്‍ കമല കലിഫോര്‍ണിയ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും മികച്ച അറ്റോര്‍ണി ജനറലെന്നു മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കമലയെ വിശേഷിപ്പിച്ചതും ചരിത്രം. അറ്റോര്‍ണി ജനറലെന്ന നിലയില്‍ കമലയുടെ പല നിലപാടുകളും വന്‍വിവാദമായി. മയക്കുമരുന്ന് കേസ് പ്രതികള്‍ക്കു തടവുശിക്ഷ ഒഴിവാക്കല്‍, വധശിക്ഷ, മക്കളുടെ അലസതയ്ക്കു മാതാപിതാക്കള്‍ക്കു ശിക്ഷ എന്നിവയെല്ലാം അതില്‍ ചിലതു മാത്രം.
2016-ല്‍ യു.എസ്. സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട കമലയ്ക്ക് അഭിഭാഷകവൃത്തിയിലെ പരിചയസമ്പത്ത് മുതല്‍ക്കൂട്ടായി. ട്രംപ് ഭരണകൂടത്തെ ഇഴകീറി വിമര്‍ശിക്കുന്നതിലുള്ള സാമര്‍ഥ്യം അവര്‍ക്കു താരപദവി സമ്മാനിച്ചു. ''ഫാഷന്‍ ബൈബിള്‍'' എന്നു വിശേഷിപ്പിക്കപ്പെടുന്ന വോഗ് മാഗസിനിലും കമല ഇടംനേടി. 2018 ആയപ്പോഴേക്കു ''ഭാവി പ്രസിഡന്റ് സ്ഥാനാര്‍ഥി'' എന്ന വിശേഷണത്തിനും അവര്‍ പാത്രീഭവിച്ചു. കഴിഞ്ഞവര്‍ഷം കമല തന്റെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. എന്നാല്‍, പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ ബൈഡനോടു തോറ്റു.
സംഭവബഹുലമായ ജീവിതത്തിനുടമയായ കമലയ്ക്ക് വൈറ്റ്ഹൗസ് അത്ര അകലെയല്ലെന്നാണു യു.എസ്. രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് ഒരു ഇന്ത്യന്‍ വംശജയാകും.
from mangalam.com https://ift.tt/3k39Z4G
via IFTTT
No comments:
Post a Comment