തിരുവനന്തപുരം: കേരളം സഹകരണ ഉത്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡും ഇ-കൊമേഴ്സ് വിപണിയും ഒരുക്കുന്നു. കോപ് മാർട്ട് എന്ന പേരിൽ സഹകരണ വിപണ ശൃംഖല സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് തീരുമാനം. മാർക്കറ്റിങ്-കൺസ്യൂമർ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള സഹകരണ സംഘം രജിസ്ട്രാറുടെ നിർദേശമാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയത്. സഹകരണ ഉത്പന്നങ്ങൾക്ക് മാർക്കറ്റിങ്ങും ബ്രാൻഡിങ്ങും ഒരുക്കാൻ സന്നദ്ധത അറിയിച്ചവരിൽനിന്ന് എട്ട് സ്ഥാപനങ്ങളെ പ്രാഥമിക പരിശോധനയിൽ തിരഞ്ഞെടുത്തിട്ടുണ്ട്. വായ്പാമേഖലയിൽമാത്രം കേന്ദ്രീകരിക്കുന്ന സഹകരണ കാഴ്ചപ്പാട് മാറണമെന്ന നിലപാടാണ് രജിസ്ട്രാർ സ്വീകരിച്ചത്. ഗ്രാമീണ മേഖലയിൽപ്പോലും സഹകരണ സംഘങ്ങൾക്ക് സ്വാധീനമുണ്ടെങ്കിലും കൺസ്യൂമർ വിതരണ ശൃംഖലയില്ല. 72 സഹകരണ സംഘങ്ങളുടെതായി 172-ലേറെ ഉത്പന്നങ്ങളുണ്ട്. ഇവയെല്ലാം ഗുണമേന്മയുള്ളതും മായം കലരാത്തതുമാണ്. എന്നാൽ, ഒരോ സംഘത്തിന്റെയും പ്രവർത്തനപരിധിക്കപ്പുറം ഈ ഉത്പന്നങ്ങൾക്ക് വിപണി കിട്ടുന്നില്ല. ഇത് പരിഹരിക്കാനാണ് ഏകീകൃത ബ്രാൻഡും വിപണന ശൃംഖലയും ഒരുക്കാൻ രജിസ്ട്രാർ തീരുമാനിച്ചത്. 'സുഭിക്ഷകേരളം' പദ്ധതിയനുസരിച്ചും വ്യവസായം തുടങ്ങാനുള്ള നടപടികൾ ലഘൂകരിച്ചതുകൊണ്ടും ഭക്ഷ്യസംസ്കരണ മേഖലയിലടക്കം ഒട്ടേറെ സംരംഭങ്ങൾ പുതുതായി തുടങ്ങിയിട്ടുണ്ട്. ഈ സംരഭങ്ങളെയും സഹകരണ വിപണന ശൃംഖലയുടെ ഭാഗമാക്കും. നോഡൽ ഏജൻസിയായി ചുരുക്കപ്പട്ടികയിലുള്ള എട്ടുസ്ഥാപനങ്ങളുടെ പദ്ധതി അവതരണംകൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമഅനുമതി. ഡിസംബർ ആദ്യം വിപണന ശൃംഖല ഒരുക്കാനുള്ള നിർവഹണ ചുമതല സംഘങ്ങൾക്ക് കൈമാറാനാണ് ആലോചിക്കുന്നത്. അട്ടിമറിക്കും നീക്കം കൺസ്യൂമർ-മാർക്കറ്റിങ് സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള രജിസ്ട്രാറുടെ ശ്രമത്തെ അട്ടിമറിക്കാനുള്ള നീക്കവും ശക്തമാണ്. താത്പര്യപത്രം നൽകുന്നതിന് നിശ്ചയിച്ച യോഗ്യത പരിഗണിക്കാതെ മാർക്കറ്റിങ് സംഘങ്ങളല്ലാത്ത വൻകിട സ്ഥാപനങ്ങൾക്ക് കരാർ നൽകാനാണ് രജിസ്ട്രാർക്ക് മേൽ സമ്മർദം. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി അവതരണത്തിനായി ക്ഷണിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ കൺസ്യൂമർ-മാർക്കറ്റിങ് രംഗവുമായി ഒരു ബന്ധവുമില്ലാത്തവയുമുണ്ട്. content highlights:cop mart, cooperative marketing network
from mathrubhumi.latestnews.rssfeed https://ift.tt/3pQVoNV
via
IFTTT
No comments:
Post a Comment