കൊച്ചി : കെ ഫോണ്‍ പദ്ധതി കരാറില്‍ യൂണിടാക്ക് കമ്പനിയുടമ സന്തോഷ് ഈപ്പനെ തിരുകിക്കയറ്റാമോയെന്നു സ്വപ്‌ന സുരേഷിനോടു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം. വാട്ട്‌സ്ആപ്പിലൂടെയായിരുന്നു ആശയവിനിമയം. സന്തോഷ് ഈപ്പനുമായി ശിവശങ്കറിന്റെ ബന്ധം വ്യക്തമാക്കുന്ന സ്വപ്‌നയുടെ മൊഴികളും ചാറ്റിങ് വിവരങ്ങളുമടക്കമുള്ളവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി.
സന്തോഷ് ഈപ്പനുമായി ശിവശങ്കറിന്റെ ബന്ധത്തിനു പിന്നില്‍ ലൈഫ് മിഷന്‍ കരാറില്‍നിന്നു ലഭിച്ച ഒരു കോടി രൂപ കോഴയാണെന്ന് ഇ.ഡി. വിശദീകരിച്ചു. താന്‍ കമ്മീഷന്‍ വാങ്ങിയതു മുഴുവന്‍ ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിച്ചത് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണെന്നും കഴിഞ്ഞ ചൊവ്വാഴ്ച സ്വപ്‌ന മൊഴി നല്‍കിയിരുന്നു. സന്തോഷിനു കെ ഫോണിലും ലൈഫ് മിഷനിലും ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്‌തെന്ന് ഇ.ഡി കണ്ടെത്തി.
യൂണിടാക്കിന് ഉപകരാര്‍ നല്‍കാന്‍ ശിപാര്‍ശ നല്‍കുന്നതു ശിവശങ്കറിന്റെ ജോലിയല്ല. അതു പഴയ ഇടപാടുകളുടെ പ്രത്യുപകാരമാണെന്നു വ്യക്തമാണ്. സന്തോഷിനു കൈമാറാനായി കെ ഫോണ്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ സ്വപ്‌ന ശിവശങ്കറിനോടു ചോദിച്ചിരുന്നു. വിശദാംശങ്ങള്‍ കിട്ടിയിട്ടില്ലെന്നും കിട്ടുമ്പോള്‍ നല്‍കാമെന്നും ശിവശങ്കര്‍ ചാറ്റിങ്ങില്‍ മറുപടി നല്‍കി. സന്തോഷുമായുള്ള ദീര്‍ഘകാല ഇടപാടുകളുടെ തെളിവായാണ് ഇ.ഡി. ഈ സന്ദേശങ്ങള്‍ സമര്‍പ്പിച്ചത്.
അന്വേഷണം വഴിതെറ്റിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും ചാറ്റിങ്ങുകളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയതോടെയാണു സ്വപ്‌നയും ശിവശങ്കറും പലതും സമ്മതിച്ചതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ലോക്കറിലെ പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്നേ ഈ ഘട്ടത്തില്‍ കരുതാനാകൂ. സന്തോഷുമായുള്ള ശിവശങ്കറിന്റെ അടുപ്പം വലിയ തെളിവാണ്. പല െലെഫ് കരാറുകളും യൂണിടാക്കിനു നല്‍കാന്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.
ഇതു തെറ്റാണെന്നു തെളിയിക്കാന്‍ ശിവശങ്കറിനു കഴിഞ്ഞിട്ടില്ല. ശിവശങ്കറും സ്വപ്‌നയും സ്വര്‍ണക്കടത്തിനു മുമ്പും പല ഇടപാടുകളും നടത്തിയതിനു തെളിവു കിട്ടിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് അന്വേഷണത്തിനിടെയാണു ലോക്കര്‍ പരിശോധിച്ചതും പണവും സ്വര്‍ണവും കണ്ടെത്തിയതും. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ലൈഫ് മിഷനിലെ കൈക്കൂലിയിലെത്തിച്ചു. കെ ഫോണ്‍, ഇ-മൊബിലിറ്റി, ഡൗണ്‍ടൗണ്‍ പദ്ധതികളെക്കുറിച്ചല്ല, ഈ പദ്ധതികളുടെ മറവില്‍ ശിവശങ്കര്‍ എന്ന വ്യക്തി നടത്തിയ ഇടപാടുകളെപ്പറ്റിയാണ് അന്വേഷിക്കുന്നതെന്ന് ഇ.ഡി. വിശദീകരിച്ചു.
from mangalam.com https://ift.tt/2UoOT6w
via IFTTT
No comments:
Post a Comment