ആലപ്പുഴ: മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സംവരണം, എയ്ഡഡ് സ്കൂളുകളിലെ 2016-മുതലുള്ള അധ്യാപക നിയമനത്തിനുള്ള അംഗീകാരം, ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ തുടങ്ങിയ തീരുമാനങ്ങളിലൂടെ സഭകളുടെ പിന്തുണനേടാൻ സർക്കാർ. ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയങ്ങൾക്കാണ് ചുരുങ്ങിയ ദിവസംകൊണ്ട് തീരുമാനമായിരിക്കുന്നത്. ജോസ് കെ. മാണിയുടെ വരവും ഇത്തരം അനുകൂല തീരുമാനങ്ങളുംവഴി മധ്യകേരളത്തിൽ മാറ്റമുണ്ടാക്കാനാകുമെന്നാണ് എൽ.ഡി.എഫ്. കരുതുന്നത്. എയ്ഡഡ് സ്കൂൾ അധ്യാപകനിയമനത്തിന് അംഗീകാരം കിട്ടുന്നത് സഭയ്ക്ക് വലിയനേട്ടമാണ്. മൂവായിരത്തോളം പേർക്കാണ് ഇതുവഴി നേട്ടമുണ്ടാകുക. ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് നോക്കുന്നില്ലെന്നും അനുഭാവപൂർവമായ നടപടിയുണ്ടായതിൽ സന്തോഷമുണ്ടെന്നും സഭാകേന്ദ്രങ്ങൾ പ്രതികരിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തികം എന്നിവയിലെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായ കമ്മിഷനെയാണ് വെക്കുന്നത്. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഒരു വിഭാഗത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നുവെന്ന് ഏതാനും വർഷങ്ങളായി കെ.സി.ബി.സി. ആരോപിക്കുന്നുണ്ട്. വിഷയം പഠിക്കാനുള്ള തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി സിറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു. ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികളുടെ നടത്തിപ്പിൽപ്പോലും ക്രൈസ്തവർക്ക് അർഹമായ പരിഗണനലഭിക്കാത്ത സാഹചര്യത്തിൽ കമ്മിഷന്റെ നിയമനം പ്രതീക്ഷനൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.രണ്ടുവർഷത്തോളമായി വലിയ അനക്കമില്ലാതെ കിടന്ന സിയാൽ മോഡൽ റബ്ബർകമ്പനിയും വീണ്ടും ചലിച്ചുതുടങ്ങി. കഴിഞ്ഞദിവസം മുഖ്യമന്ത്രി, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ വെബിനാർ നടന്നു.സർക്കാരിന് 26 ശതമാനം ഓഹരിയും ബാക്കി സ്വകാര്യ കമ്പനികൾക്കും നൽകുന്നതാണ് പദ്ധതി. സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിവിധയിടങ്ങളിലെ സമുദായ-പൗരപ്രമുഖരെ കണ്ടപ്പോഴാണ് സഭാ നേതൃത്വത്തിൽനിന്ന് ഇത്തരമൊരു നിർദേശം ഉയർന്നുവന്നത്. തുടക്കത്തിൽ സാമാന്യം വേഗതയിൽ നീങ്ങിയ നടപടികൾ പിന്നീട് മന്ദഗതിയിലായി. കേരള റബ്ബർ ലിമിറ്റഡ്(കെ.ആർ.എൽ.) എന്ന കമ്പനി രൂപവത്കരിച്ച്, കോട്ടയം ജില്ലയിൽ 500 ഏക്കർ ഭൂമി കണ്ടെത്താൻ കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തിയിരുന്നു. വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3mTr6I3
via
IFTTT
No comments:
Post a Comment