ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അലഹബാദ് ഹൈക്കോടതി മേൽനോട്ടംവഹിക്കട്ടെയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാൽ നോക്കാമെന്നും സുപ്രീംകോടതി. ഹാഥ്റസ് സംഭവത്തിൽ സി.ബി.ഐ.യോ എസ്.ഐ.ടി.യോ കോടതിയുടെ മേൽനോട്ടത്തോടെ അന്വേഷിക്കണമെന്ന ഹർജികൾ വിധിപറയാൻ മാറ്റിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം. ഉത്തർപ്രദേശിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാൽ ഡൽഹിയിലെ കോടതിയിലേക്ക് മാറ്റണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന് ഉന്നാവ് കേസിലേതുപോലെ സി.ആർ.പി.എഫിന്റെ സംരക്ഷണംവേണമെന്നും ആവശ്യമുയർന്നു. സുരക്ഷ നൽകുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. യുവതിയുടെ പേരുവിവരങ്ങൾ ഒരുകാരണവശാലും പുറത്തുവിടരുതെന്ന് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് പരിപൂർണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മേത്ത പറഞ്ഞു. കേസന്വേഷണത്തിനുശേഷം വിചാരണ ഡൽഹിയിലേക്കുമാറ്റണമെന്ന് കുടുംബത്തിനുവേണ്ടി അഡ്വ. സീമ കുശ്വാഹ ആവശ്യപ്പെട്ടു. കേസിൽ സുപ്രീംകോടതിതന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങും വാദിച്ചു. കേസിൽ കക്ഷിചേരാനെത്തിയ ചില സംഘടനകളെ സോളിസിറ്റർ ജനറൽ എതിർത്തു. ഹാഥ്റസ് സംഭവത്തിന്റെ പേരിൽ പണംപിരിക്കാൻ ആരെയും അനുവദിക്കരുതെന്നും മുൻപും ഇത് കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Hathras Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/34XxXsA
via
IFTTT
No comments:
Post a Comment