തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ ചാർജ് കണക്കാക്കുന്നതിൽ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വരുത്തിയ മാറ്റം കേരളത്തിന് ഇരുട്ടടി. വർഷംതോറും ആയിരംകോടി രൂപയുടെ അധികബാധ്യതയാണ് കേരളത്തിനുണ്ടാകുന്നത്. കേരളം ഇപ്പോൾ നൽകുന്ന പ്രസരണചാർജ് 550 കോടിരൂപയിൽനിന്ന് 1500 കോടിയാവും. നവംബർ ഒന്നുമുതൽ ഇത് നിലവിൽവരും. അധികച്ചെലവ് ജനം നൽകേണ്ടിവരും അധികബാധ്യത ജനങ്ങളിൽനിന്ന് ഈടാക്കേണ്ടിവരും. അതിനായി യൂണീറ്റിന് 50 പൈസയെങ്കിലും കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി ബോർഡ് കണക്കാക്കുന്നു. സ്വകാര്യ വൈദ്യുതോത്പാദന കമ്പനികൾക്കായി പവർഗ്രിഡ് കോർപ്പറേഷൻ നിർമിച്ച ലൈനുകൾ ഉപയോഗിക്കപ്പെടാതെ കിടക്കുന്നതിന്റെ ബാധ്യത സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കാനാണ് നിരക്കിൽ മാറ്റംവരുത്തിയതെന്ന് വൈദ്യുതി ബോർഡ് ആരോപിക്കുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി ബോർഡ് അധികൃതർ പറഞ്ഞു. മാറ്റം ഇങ്ങനെ നേരത്തേ അന്തസ്സംസ്ഥാന ലൈനുകളുടെ ചാർജ് അവ കടന്നുപോകുന്ന സംസ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. ലൈനിന്റെ മുഴുവൻശേഷിയും ഉപയോഗിച്ചാലും ഇല്ലെങ്കിലും നൂറുശതമാനം ചാർജും ഉപയോഗത്തിന്റെ അനുപാതമനുസരിച്ച് ആ സംസ്ഥാനങ്ങൾ പങ്കിടണം. എന്നാൽ പുതിയ ചട്ടമനുസരിച്ച് ഉപയോഗിക്കാത്ത ശേഷിയുടെ ചാർജ് ഇന്ത്യയിലെ സംസ്ഥാനങ്ങളെല്ലാംകൂടി വീതംവെക്കണം. കേരളത്തിലൂടെ പോകുന്ന ലൈനുകളെല്ലാം ഏതാണ്ട് പൂർണശേഷിയിലാണ് വിനിയോഗിക്കുന്നത്. അതിന്റെ ചാർജ് സാധാരണപോലെ കേരളം നൽകണം. ചില സംസ്ഥാനങ്ങൾ ലൈൻ പൂർണമായി ഉപയോഗിക്കുന്നില്ല. സംസ്ഥാനങ്ങളിലെ ആ ഉപയോഗിക്കാത്ത ലൈനിന്റെ വിഹിതവുംകൂടി നൽകേണ്ടി വരുന്നതോടെ കേരളത്തിന്റെ ബാധ്യത മൂന്നിരട്ടിയാവുകയും ചെയ്യും.
from mathrubhumi.latestnews.rssfeed https://ift.tt/3dsrJ7L
via
IFTTT
No comments:
Post a Comment