തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് രാഹുൽഗാന്ധിയെ കൂടുതൽ സമയം കേരളത്തിൽ എത്തിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നു. ഉത്തരേന്ത്യയിലെ കർഷക പ്രക്ഷോഭത്തിലും യു.പി.യിൽ സമീപകാലത്ത് നടത്തിയ സമരങ്ങളിലും രാഹുലിന്റെ സാന്നിധ്യം ഊർജംപകർന്നുവെന്ന തിരിച്ചറിവിൽ നിന്നാണിത്. കേരളത്തിൽ നിന്നുള്ള എം.പി. എന്ന നിലയിൽക്കൂടി രാഹുലിന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നും അവർ കണക്കുകൂട്ടുന്നു. ബി.ജെ.പി.ക്ക് എതിരേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പ്രക്ഷോഭങ്ങൾ അദ്ദേഹത്തിന് മുസ്ലിം, ക്രിസ്ത്യൻ മത വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയും ആവേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രണ്ട് ഘടകകക്ഷികളാണ് യു.ഡി.എഫിൽനിന്ന് മറുപക്ഷത്തേക്ക് പോയത്. ലോക് താന്ത്രിക് ജനതാദൾ പഴയ മുന്നണിയിലേക്ക് തിരിച്ചുപോക്കാണ് നടത്തിയതെങ്കിൽ, യു.ഡി.എഫിന്റെ ശക്തമായ ഘടകമായി മൂന്ന് പതിറ്റാണ്ടിലേറെ നിലകൊണ്ട കേരള കോൺഗ്രസ് മാണി വിഭാഗം തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വെച്ച് മറുകണ്ടം ചാടിയത് യു.ഡി.എഫിനെ അസ്വസ്ഥരാക്കുന്നുണ്ട്. വയനാട്ടിൽനിന്നുള്ള എം.പി.എന്ന നിലയിൽ രാഹുലിന്റെ മണ്ഡലത്തിലെ ഓഫീസ് പ്രവർത്തനം കാര്യമായി നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാൽ ഏതാനും മാസങ്ങളായി അദ്ദേഹം മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. ഇത് എതിരാളികളുടെ വിമർശനത്തിനും കാരണമായി. കഴിഞ്ഞദിവസം അദ്ദേഹം കേരളത്തിലെത്തി. വരും മാസങ്ങളിൽ, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ രാഹുലിന്റെ സാന്നിധ്യം സംസ്ഥാനമാകെ ഉണ്ടാകണമെന്ന് പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. ഭിന്നാഭിപ്രായങ്ങളും ഗ്രൂപ്പ് പോരുകളും നിലവിൽ ഉണ്ടെങ്കിലും രാഹുലിന്റെ സാന്നിധ്യം ഇതെല്ലാം കുറയ്ക്കുമെന്ന് നേതാക്കളിൽ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു. വർഗീയതയ്ക്ക് എതിരായ പോരാട്ടങ്ങൾ നയിക്കാൻ രാഹുൽ തന്നെ മികച്ച വ്യക്തിത്വം എന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ഇതിന് അടിവരയിടുന്നു. Content Highlight: Plans to activate Rahul Gandhi in Kerala
from mathrubhumi.latestnews.rssfeed https://ift.tt/2Hj5N3p
via
IFTTT
No comments:
Post a Comment