പാലക്കാട് : വ്യാവസായിക ആവശ്യങ്ങൾക്കുൾപ്പെടെ ഉപയോഗിക്കുന്ന ഡീനാച്വേഡ് സ്പിരിറ്റോ, സാനിറ്റൈസറോ... കഞ്ചിക്കോട് ചെല്ലങ്കാവ് കോളനിയിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യം ഏതെന്നത് ദുരൂഹമായി തുടരുന്നു.കോളനിവാസികളായ സ്ത്രീകളടക്കം ഉപയോഗിച്ച ഈ ദ്രാവകം എവിടെനിന്നാണ് എത്തിയതെന്നതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുനിന്ന് ആരെങ്കിലും എത്തിച്ചതാവാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. ശനിയാഴ്ചവൈകീട്ടും ഞായറാഴ്ച രാവിലെയുമായി മദ്യപിച്ചവരാണ് അവശനിലയിലായി മരിച്ചത്. ഞായറാഴ്ചരാവിലെയും ഉച്ചയ്ക്കുമായി മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. ഇതുൾപ്പെടെ തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ചയുമായി അഞ്ചുപേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. ജില്ലാ ആശുപത്രി മോർച്ചറിയിൽ ഡോ. പി.ബി. ഗുജ്റാൾ, ഡോ. ജെറി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. വിഷദ്രാവകം അകത്തുചെന്നതാണ് മരണകാരണം. ആമാശയത്തിൽനിന്നുൾപ്പെടെ ലഭിച്ച സ്രവ സാമ്പിളുകൾ (വിസ്ര) ബുധനാഴ്ച കോടതിയിൽ സമർപ്പിച്ചശേഷം കാക്കനാട് ഫോറൻസിക് ലാബറട്ടറിയിലേക്ക് പരിശോധനയ്ക്കയക്കും. ഈ പരിശോധനാഫലം വന്നാലേ ശാസ്ത്രീയമായി കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ. ചെല്ലങ്കാവ് കോളനിയിലും പരിസരത്തെ കൊട്ടാമുട്ടി മലയിലും കോവിഡ് അടച്ചിടൽകാലത്ത് പതിവായി വാറ്റ് നടന്നിരുന്നുവെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച സൂചന. കോളനിവാസികൾ ഇടയ്ക്കെല്ലാം ഒരുമിച്ചിരുന്ന് മദ്യപിക്കുമായിരുന്നുവെന്നും അറിവായിട്ടുണ്ട്. പതിവായി പണിയില്ലാത്ത അവസ്ഥയിൽ ഇവർക്ക് മദ്യം ലഭിച്ചതെങ്ങിനെയെന്നകാര്യം അന്വേഷിക്കുന്നുണ്ട്.‘നിറമില്ലാത്ത വെള്ളംപോലുള്ള ദ്രാവകത്തിന് വല്ലാത്ത മണമുണ്ടായിരുന്നു, സോപ്പിന്റെ ഗന്ധവും രുചിയുമുണ്ടായിരുന്നു.’ -എന്നാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവർ പറയുന്നത്. എല്ലാവരും ഒരേരീതിയിലാണ് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ കൈമാറിയത്. മരിച്ച ശിവനാണ് ഇത് കൊണ്ടുവന്നിരുന്നതെന്നും ഇവർ വ്യക്തമാക്കി. അതിർത്തികടന്നെത്തിയ സ്പിരിറ്റിൽ സാനിറ്റൈസർപോലുള്ള വല്ല ദ്രാവങ്ങളും ചേർത്തതാണോ എന്നസംശയവും ഉയർന്നിട്ടുണ്ട്. കഞ്ചിക്കോട് വ്യവസായമേഖലയിൽ വിവിധസ്ഥാപനങ്ങളിൽ ഡീനാച്വേഡ് സ്പിരിറ്റ് എത്തുന്നുണ്ട്. ഇത് പുറത്തുനിന്നാരെങ്കിലും ശിവന് കൈമാറിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.വ്യാവസായിക ആവശ്യത്തിനുള്ള സ്പിരിറ്റിന് നിറം നൽകാറുണ്ടെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. വ്യാജമദ്യംകഴിച്ച ശിവൻ, അനുജൻ മൂർത്തി, ബന്ധുവായ അരുൺ എന്നിവർ ചൊവ്വാഴ്ച മരിച്ചതോടെ ഉറവിടംസംബന്ധിച്ച വിവരം ലഭിക്കുന്നതിനുള്ള സാധ്യത മങ്ങുകയാണ്. ഡീനാച്വേഡ് സ്പിരിറ്റ് :പ്രധാനമായും വ്യാവസായികാവശ്യങ്ങൾക്കുള്ളതാണ് ഡീനാച്വേഡ് സ്പിരിറ്റ്. സാധാരണ ആൽക്കഹോളിൽ വുഡ് നാഫ്ത, മീഥേൻ, പിറഡിൻ, കോട്ടോസൈൻ തുടങ്ങിയ വിഷാംശമുള്ള ദ്രാവകങ്ങൾ ചേർത്ത് ഭക്ഷ്യയോഗ്യമല്ലാതാക്കിയാണ് ഇത് നിർമിക്കുന്നത്. എളുപ്പത്തിൽ വേർതിരിച്ചറിയാനാവില്ല. ഒരേനിറം, മണം, രുചി. ആശുപത്രികളിൽ ഉപയോഗിക്കുന്ന സർജിക്കൽ സ്പിരിറ്റ് ഡീനാച്വേഡ് സ്പിരിറ്റിന് ഉദാഹരണം. ഇതുകഴിച്ച് കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരണമുണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് അടുത്തകാലത്തായി നീലനിറം നൽകിയാണ് ഡീനാച്വേഡ് സ്പിരിറ്റ് വിപണിയിലെത്തിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Hiwntv
via
IFTTT
No comments:
Post a Comment