ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുമെന്ന ഗതാഗത കമ്മീഷണറുടെ വാര്‍ത്താക്കുറിപ്പ് വന്നത് മുതല്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് ഹെല്‍മെറ്റ് വെയ്ക്കുന്ന കാര്യത്തില്‍ ഉപദേശിക്കാന്‍ വന്നാല്‍ മതി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ സംഭവത്തില്‍ ഡോ.മനോജ് വെള്ളനാട് നടത്തിയ പ്രതികരണം വൈറല്‍ ആവുകയാണ്. ഏറ്റവുമധികം ബൈക്ക് അപകടങ്ങള്‍ നടക്കുന്നത് ഏറ്റവും നല്ല റോഡുകളിലാണ്. ഏറ്റവും ഗുരുതരമായ ഇഞ്ചുറീസ് പറ്റുന്നതും അവിടങ്ങളിലാണ്. നല്ല റോഡുകള്‍ നമ്മുടെ അവകാശമാണ്. അതാവശ്യപ്പെടുന്നതില്‍ തെറ്റില്ല. പക്ഷെ, ഞാന്‍ ഹെല്‍മറ്റ് വയ്ക്കുന്നത്, നിങ്ങള്‍ റോഡ് നന്നാക്കിയിട്ടേ ഉള്ളൂവെന്ന് പറയുന്നത് മണ്ടത്തരമാണ്.-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്,
ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് എന്നെ ഹെല്‍മറ്റ് വയ്ക്കുന്ന കാര്യത്തില്‍ ഉപദേശിക്കാന്‍ വന്നാ മതി..
ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുമെന്ന ഗതാഗത കമ്മീഷണറുടെ വാര്‍ത്താക്കുറിപ്പ് വന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന ഡയലോഗാണ്..
ഇനി സ്ഥിരം ആശുപത്രികളില്‍ കേള്‍ക്കുന്ന ചില മറുപടികള്‍ കൂടി..
1. ഒന്ന് അടുത്ത ജംഗ്ഷന്‍ വരെ പോകാനായിട്ട് ഇറങ്ങിയതായിരുന്നു. കുറച്ചു ദൂരോല്ലെ ഉള്ളൂ. അതോണ്ടാ ഹെല്‍മറ്റ് എടുക്കാത്തത്.
2. രാത്രിയായോണ്ടാ സാറേ.. അല്ലെങ്കില്‍ ..
3. എനിക്ക് സ്‌കിന്‍ അലര്‍ജിയാ സാറേ.. ഡോക്ടര്‍ ഹെല്‍മറ്റ് വയ്ക്കരുതെന്ന് പറഞ്ഞിട്ടൊണ്ട്..
4. മുടിയൊക്കെ പൊഴിയുന്ന്, ഇത് വച്ചതിന് ശേഷം. അതാ.. പിന്നെ..
5. എനിക്കിതെടുത്ത് തലയില്‍ വയ്ക്കുമ്പൊ എന്തോ ഒരസ്വസ്ഥതയാണ്.
ഈ പറയുന്ന ആളിന്റെ മുഖമൊക്കെ നീരുവന്ന് വീങ്ങി ഇരിക്കുവായിരിക്കും. തലയിലും മുഖത്തും പത്തിരുപത് തയ്യലും കാണും. കണ്ണിങ്ങനെ കറുത്ത് പാണ്ടയുടെ മുഖം പോലെ ആയിക്കാണും. മൂക്കീന്നും ചെവീന്നും രക്തം ഒലിക്കുവായിരിക്കും. എന്താണ് ഹെല്‍മറ്റ് വയ്ക്കാതിരുന്നത്, വച്ചിരുന്നെങ്കിലുള്ള ഗുണം മനസിലായോ എന്ന് ചോദിക്കുമ്പോ വര്‍ഷങ്ങളായി കേള്‍ക്കുന്ന സ്ഥിരം മറുപടികളാണ് ഇവ. കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷമായി ഇതേ ചോദ്യം ഈ വരുന്ന എല്ലാവരോടും ഞാന്‍ ചോദിക്കാറുണ്ട്.
ബോധമുണ്ടായിരുന്നെങ്കില്‍ ഇതേ ഉത്തരങ്ങള്‍ തന്നെ പറയുമായിരുന്ന വേറെ ചിലരെ, ശ്വാസകോശത്തിലേക്ക് ട്യൂബിട്ട് ICUവിലേക്കോ, എമര്‍ജന്‍സി ഓപറേഷന്‍ തിയറ്ററിലേക്കോ, മോര്‍ച്ചറിയിലേക്കോ ഒക്കെ മാറ്റിയിട്ട് വന്നായിരിക്കും ഇവരോട് ഈ ചോദ്യം ചോദിക്കുന്നത് തന്നെ..
ഇരുചക്ര വാഹനമോടിക്കുമ്പോള്‍ അപകടമുണ്ടാവുന്നതിന് പുറപ്പെടുന്ന സ്ഥലത്തു നിന്നുള്ള ദൂരവുമായിട്ടോ സമയവുമായിട്ടോ നിങ്ങളുടെ മുടിയുടെയോ തൊലിയുടെയോ സ്വഭാവവുമായിട്ടോ ഒരു ബന്ധവുമില്ല. ഏതു നിമിഷവും എവിടെ വച്ചും ആര്‍ക്കും അപകടം സംഭവിക്കാം. ടൂ വീലര്‍ റൈഡ് ഒരുതരം സര്‍ക്കസാണ്..
സ്‌കിന്‍ അലര്‍ജി ഉള്ളതിന്റെ പേരില്‍ ഏതെങ്കിലും ഡോക്ടര്‍ ഹെല്‍മറ്റ് വയ്ക്കരുതെന്ന് പറയില്ല. പറയാന്‍ പാടില്ല. ഞാനാണെങ്കില്‍ പറയും, നീ എന്നാ ഇനി ബൈക്കോടിക്കണ്ടാ, ബസിലോ മറ്റോ യാത്ര ചെയ്താ മതീന്ന്. അലര്‍ജി, മുടി കൊഴിച്ചില്‍ ഒന്നും ഹെല്‍മറ്റിന്റെ കാര്യത്തില്‍ ഒരു എക്‌സ്‌ക്യൂസേ അല്ലാ.
നിങ്ങളുടെ മനോഹരമായ മുഖത്തിന് പുറകില്‍, സുന്ദരമായ മുടിയിഴകള്‍ക്ക് താഴെ തലച്ചോര്‍ എന്ന് പറയുന്ന ജെല്‍ പോലത്തെ ഒരു അവയവമുണ്ട്. അതിന് പരിക്കേല്‍ക്കാതിരിക്കാനാണ്, ഹെല്‍മറ്റ് വയ്ക്കാന്‍ പറയുന്നത്. നിന്റെ മുടിയോ, കൈയോ കാലോ പോലല്ലാ. ആ അവയവത്തിന് കേടുപറ്റിയാല്‍ പിന്നെ നീ നീയല്ലാ. പരിക്ക് ഗുരുതരമാണെങ്കില്‍ ഉടനേ മരിക്കും. ഇനി ഓപറേഷന്‍ ചെയ്ത് രക്ഷപ്പെടുത്തിയാലും സാധാ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ വര്‍ഷങ്ങളെടുക്കും. മടങ്ങി വന്നാലും പഴയ ആ ആളായിരിക്കില്ല നീ.
അതിനാല്‍ ഹെല്‍മറ്റ് ഒരു പ്രതിരോധമാണ്. അപകടത്തിന്റെ കാഠിന്യമനുസരിച്ച് അതിനെപ്പോഴും നിന്നെ രക്ഷിക്കാന്‍ കഴിയണമെന്നില്ല. പക്ഷെ, ഹെല്‍മറ്റുപയോഗിക്കുന്നത് തലച്ചോറിന് പരിക്കേല്‍ക്കാനുള്ള സാധ്യത 69 ശതമാനവും മരിക്കാനുള്ള സാധ്യത 42 ശതമാനവും കുറയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍.
ചിത്രം നോക്കൂ, നിങ്ങളുടെ മനോഹരമായ മുഖമായിരുന്നു ഈ ഹെല്‍മറ്റിന്റെ സ്ഥാനത്തെങ്കിലെന്ന് വെറുതേ സങ്കല്‍പ്പിക്കൂ. ആഹാ.. കളര്‍ഫുള്‍ അല്ലെ! ഈ സങ്കല്‍പ്പചിത്രം ഓരോ പ്രാവശ്യം വണ്ടിയെടുക്കുമ്പൊഴും നിങ്ങളുടെ മനസ്സിലേക്ക് വന്നാ മതി.
1. പിന്നെ, വാങ്ങുമ്പോള്‍ നല്ല ക്വാളിറ്റിയുള്ള ഹെല്‍മറ്റ് തന്നെ വാങ്ങുക. അതുകൊണ്ടു മാത്രം മരിക്കാതെ രക്ഷപെട്ട പലരെയും അറിയാം.
2. ചിന്‍ സ്ട്രാപ്പ് ധരിക്കാന്‍ മറക്കരുത്. അതുമൂലം മരിച്ചൊരാള്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്.
3. ഏറ്റവുമധികം ബൈക്ക് അപകടങ്ങള്‍ നടക്കുന്നത് ഏറ്റവും നല്ല റോഡുകളിലാണ്. ഏറ്റവും ഗുരുതരമായ ഇഞ്ചുറീസ് പറ്റുന്നതും അവിടങ്ങളിലാണ്. നല്ല റോഡുകള്‍ നമ്മുടെ അവകാശമാണ്. അതാവശ്യപ്പെടുന്നതില്‍ തെറ്റില്ല. പക്ഷെ, ഞാന്‍ ഹെല്‍മറ്റ് വയ്ക്കുന്നത്, നിങ്ങള്‍ റോഡ് നന്നാക്കിയിട്ടേ ഉള്ളൂവെന്ന് പറയുന്നത് മണ്ടത്തരമാണ്.
from mangalam.com https://ift.tt/3ozjxYK
via IFTTT
No comments:
Post a Comment