റബിൻസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചപ്പോൾ കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിൻസ് ഹമീദ് അറസ്റ്റിൽ. യു.എ.ഇ.യിൽനിന്ന് നാടുകടത്തിയ റബിൻസി(42)നെ ഇന്റർപോളിന്റെ സഹായത്തോടെ തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിച്ചാണ് എൻ.ഐ.എ. അറസ്റ്റുചെയ്തത്. യു.എ.പി.എ. (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) ചുമത്തിയ കേസിലെ 10-ാം പ്രതിയാണു റബിൻസ്. സ്വപ്നാ സുരേഷ് അടക്കമുള്ള പ്രതികൾ പിടിയിലായതോടെ ദുബായിൽ ഒളിവിൽപ്പോയ റബിൻസിനെ യു.എ.ഇ. പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച 4.30-നാണ് ദുബായിൽനിന്ന് റബിൻസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. അഞ്ചാംപ്രതി കെ.ടി. റമീസ്, ആറാം പ്രതി എ.എം. ജലാൽ എന്നിവർക്കൊപ്പം ഗൂഢാലോചന നടത്തി ദുബായിൽനിന്നും നയതന്ത്ര പാഴ്സലിൽ കേരളത്തിലേക്കു സ്വർണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണ് റബിൻസ്. സ്വർണക്കടത്തിനുള്ള പണം ഹവാലയായി ദുബായിൽ എത്തിക്കാനും സ്വർണം ശേഖരിക്കാനും റമീസ് ചുമതലപ്പെടുത്തിയിരുന്നതു റബിൻസിനെയാണ്. സ്വർണം രൂപമാറ്റം വരുത്തി ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചു നയതന്ത്ര പാഴ്സൽ വഴി കടത്താൻ സഹായിച്ചതും റബിൻസാണ്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം റബിൻസിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഒരുതവണ തെളിവില്ലാതെ രക്ഷപ്പെട്ടു ദുബായിലുണ്ടായിരുന്ന സമയത്ത് റബിൻസും ഫൈസൽ ഫരീദും ചേർന്നാണ് സ്വർണക്കടത്തിന്റെ ഗൂഢാലോചന നടത്തിയതെന്നാണ് എൻ.ഐ.എ. പറയുന്നത്. 2015-ൽ നെടുമ്പാശ്ശേരി സ്വർണക്കള്ളക്കടത്തുകേസിൽ അറസ്റ്റിലായ പെരുമറ്റം സ്വദേശികളുടെ അടുത്തബന്ധുവാണു റബിൻസ്. അന്നു തെളിവുകളുടെ അഭാവത്തിലാണു പ്രതിപ്പട്ടികയിൽനിന്ന് ഒഴിവായത്. ഒപ്പമുണ്ടായിരുന്ന എട്ടുപേർ കേസിൽ പിടിക്കപ്പെട്ടതോടെ റബിൻസ് വിദേശത്തേക്കു കടന്നു. അവിടെവെച്ചാണ് റമീസുമായി അടുക്കുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സ്വർണക്കടത്തുകേസിൽ പ്രതികൾക്കെതിരേ യു.എ.പി.എ. ചുമത്തിയ എൻ.ഐ.എ.യുടെ അന്വേഷണത്തിൽ നിർണായകമാകുന്നതാണ് റബിൻസിന്റെ അറസ്റ്റ്. Content Highlight: Gold Smuggling Case: Rabins K Hameed arrested
from mathrubhumi.latestnews.rssfeed https://ift.tt/34vWMwT
via
IFTTT
No comments:
Post a Comment