കരുളായി : രണ്ടുമാസത്തോളമായി മൂത്തേടത്തെ റബ്ബർതോട്ടങ്ങളിലെ തേൻപെട്ടികളിൽനിന്ന് തേൻകവർന്ന കരടി ഒടുവിൽ വനംവകുപ്പിന്റെ വലയിലായി. നെല്ലിക്കുത്തിനുസമീപം പച്ചിളിപ്പാടത്തെ കൃഷിയിടത്തിലെ കുറ്റിക്കാട്ടിൽ പതുങ്ങിക്കിടന്ന കരടിയെ വനപാലകർ വലയിലാക്കുകയായിരുന്നു. കരുവാരക്കുണ്ടിൽനിന്ന് കൂടുകൊണ്ടുവന്ന് കരടിയെ കൂട്ടിൽകയറ്റാനുള്ള ശ്രമങ്ങൾ രാത്രിയും നടക്കുകയാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കടമ്പോടൻ മുസ്തഫ പച്ചിലിപ്പാടത്ത് നടത്തുന്ന കരനെൽക്കൃഷി നോക്കാനായി എത്തിയപ്പോഴാണ് നെല്ലിൽ പരിക്കേറ്റനിലയിൽ അവശനിലയിൽക്കിടക്കുന്ന കരടിയെ കാണുന്നത്. വിവരമറിഞ്ഞതോടെ സമീപത്തുണ്ടായിരുന്നവർ കൂടിയെത്തി. ഇവരെക്കണ്ടതോടെ സമീപത്തെ റബ്ബർതോട്ടത്തിലൂടെ ഓടിരക്ഷപ്പെട്ട കരടി ഒരുകിലോമീറ്റർ അപ്പുറത്തുള്ള കൃഷിയിടത്തിലെ കുറ്റിക്കാട്ടിൽ ഒളിക്കുകയായിരുന്നു. തുടർന്ന് കൽക്കുളം ഫോറസ്റ്റ്സ്റ്റേഷനിലെ ജീവനക്കാരെത്തി കരടിക്ക് സുരക്ഷയൊരുക്കി. ഷെഡ്യൂൾ ഒന്നിലുൾപ്പെടുന്ന വന്യമൃഗമായതിനാൽ ഇതിനെ പിടികൂടുന്നതിന് ഏറെ നിയമപ്രശ്നങ്ങളുള്ളതിനാൽ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചു. ഒരുമണിയോടെയാണ് കരടിയെ പിടികൂടാൻ അനുമതിലഭിച്ചത്. ഈസമയം നൂറുകണക്കിനാളുകളാണ് കരടിയെ കാണാനെത്തിയത്. ഇത് സ്ഥലത്തുള്ള വനപാലകർക്കും പോലീസിനും പ്രയാസങ്ങളുണ്ടാക്കി. വൈകുന്നേരം നാലുമണിയോടെ വനം റാപ്പിഡ് െറസ്പോൺസ് ടീമിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കരടി ഒളിച്ചിരുന്ന പ്രദേശത്തിനുചുറ്റും വലകെട്ടുകയും കരടി രക്ഷപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. രാത്രിയോടെയാണ് കരുവാരക്കുണ്ടിൽനിന്ന് കൂടെത്തിച്ചത്. കരടിയുടെ അരയ്ക്കുചുറ്റും മുതുകിനും സാരമായ പരിക്കുപറ്റിയിട്ടുണ്ട്. വനംവകുപ്പിലെ വെറ്ററിനറി സർജൻമാരായ ഡോ. അരുൺ സത്യൻ, ഡോ. മിനി എന്നിവുടെ മേൽനോട്ടത്തിലാണ് കരടിയെ പിടിക്കുന്നതിനുള്ള നടപടികളൊരുക്കിയത്. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ കെ. സജികുമാർ, കരുളായി റെയ്ഞ്ച് ഓഫീസർ കെ. രാഗേഷ്, പടുക്ക ഡെപ്യൂട്ടി റെയ്ഞ്ചർ ടി. രഘുലാൽ, ആർ.ആർ.ടി. ഡെപ്യൂട്ടി റെയ്ഞ്ചർ പി.എൻ. രാകേഷ്, എടക്കര പോലീസ് ഇൻസ്പെക്ടർ മനോജ് പറയട്ട, എസ്.ഐ വി. അമീറലി, മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി. രാധാമണി, വൈസ് പ്രസിഡന്റ് എ.ടി. റെജി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ടി. അനീഷ്, ഷൈല രാജൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/34GkXY9
via
IFTTT
No comments:
Post a Comment