കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏരിയ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മത്സരിക്കേണ്ടെന്ന് സി.പി.എം. തീരുമാനം. ഇവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നാണ് നിർദേശം. ഏരിയ, ലോക്കൽ സെക്രട്ടറിമാർ മത്സരിച്ചാൽ അവരുടെ പരിധിയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താളംതെറ്റുമെന്ന് പാർട്ടി വിലയിരുത്തുന്നു.ഏതെങ്കിലും മണ്ഡലങ്ങളിൽ വിജയിക്കാൻ ഏരിയ, ലോക്കൽ സെക്രട്ടറിമാർ മത്സരിച്ചേ മതിയാകൂവെങ്കിൽ അവർക്ക് ഇളവുനൽകും. ഇതിന് അതത് ജില്ലാ കമ്മിറ്റികളുടെ തീരുമാനം വേണം. ഇളവ് ലഭിക്കുന്നവർ നിർബന്ധമായും സെക്രട്ടറിസ്ഥാനം രാജിവെക്കേണ്ടിവരും. രണ്ട് ടേം പൂർത്തിയാക്കിയ തദ്ദേശസ്ഥാപന പ്രതിനിധികളെ മത്സരത്തിൽനിന്ന് ഒഴിവാക്കും. ജയസാധ്യത കണക്കിലെടുത്ത് ആർക്കെങ്കിലും ഇളവ് നൽകണമെങ്കിൽ ജില്ലാ കമ്മിറ്റികൾക്ക് തീരുമാനമെടുക്കാം. വനിതാ സംവരണ വാർഡുകളിൽ വിജയിച്ച്, കഴിവുതെളിയിച്ച ജനപ്രതിനിധികളെ ഇത്തവണ മറ്റ് സംവരണ വാർഡുകളിലോ ജനറൽ സീറ്റുകളിലോ പരിഗണിക്കണമെന്ന് സംസ്ഥാന കമ്മിറ്റി പ്രത്യേകം പറഞ്ഞിട്ടുണ്ട്.സഹകരണ ജീവനക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സി.പി.എം. സംസ്ഥാന നേതൃത്വം നേരത്തേ കീഴ്‌ഘടകങ്ങളോട് നിർദേശിച്ചിരുന്നു. ആശാപ്രവർത്തകർക്ക് മത്സരിക്കാൻ വിലക്കില്ല. വിജയിച്ചാൽ അഞ്ചുവർഷം അവധിയെടുക്കണമെന്ന് മാത്രം.കേരള കോൺഗ്രസ് ജോസ് കെ.മാണി ഗ്രൂപ്പിനെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ മാത്രമേ ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ച നടത്താവൂയെന്നാണ് നിർദേശം. വിജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കേണ്ട പ്രധാന കാര്യമെന്നാണ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളോട് പറഞ്ഞിരിക്കുന്നത്. മണ്ഡലങ്ങളിലെ സാമൂഹിക യാഥാർഥ്യം കണക്കിലെടുത്ത് മാത്രമേ സ്ഥാനാർഥിനിർണയം പാടുള്ളൂവെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3iWO1ji
via
IFTTT
No comments:
Post a Comment