കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പാഴ്‌സലുകള്‍ വിട്ടുകിട്ടാനായി എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയില്‍. ശിവശങ്കറാണ് എല്ലാ ഇടപാടുകളുടെയും സൂത്രധാരന്‍ (കിങ്പിന്‍) എന്നു വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കവേ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയെ അറിയിച്ചു.
''ശിവശങ്കറാണു യഥാര്‍ഥ ഗുണഭോക്താവെന്നും സ്വപ്‌ന വെറും കാലാളാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ചരടുകള്‍ വലിച്ചതു ശിവശങ്കറാണെന്നും സ്വപ്‌നയുടെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിനാണെന്നും കരുതാം. ഈ സാധ്യതയാണ് അന്വേഷിക്കുന്നത്.'' മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തു. മുഖം സ്വപ്‌നയുടേതാണെങ്കിലും കുറ്റകൃത്യത്തില്‍നിന്നുള്ള ലാഭം ശിവശങ്കറിന്റേതാകാം. അദ്ദേഹത്തിന്റെ പെരുമാറ്റം പൂര്‍ണമായ പങ്കാളിത്തത്തിന്റേതാണ്. ഇത്തരം കേസുകളില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ കോടതികള്‍ വിവേചനാധികാരം ഉപയോഗിക്കരുതെന്ന സുപ്രീം കോടതിവിധികള്‍ ചൂണ്ടിക്കാട്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണു ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അവകാശമല്ലെന്നു കസ്റ്റംസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ ചൂണ്ടിക്കാട്ടി. മുഖ്യപ്രതിയായ സ്വപ്‌നയുടെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു.
കസ്റ്റംസിനു മുന്നില്‍ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയേണ്ടിവരുമെന്നതിനാലാണു രക്തസമ്മര്‍ദം കൂടിയതും ആശുപത്രിയില്‍ പോകേണ്ടിവന്നതും. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ തേടിയത് തിരക്കഥയുടെ ഭാഗമാണ്. അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്നും കസ്റ്റംസ് വാദിച്ചു.
''ഇരയാക്കപ്പെട്ടു; ജോലിയും കുടുംബവും നശിച്ചു''
താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്ന് എം. ശിവശങ്കര്‍ െഹെക്കോടതിയില്‍. ആരോപണങ്ങള്‍ മൂലം കുടുംബവും ജോലിയുമെല്ലാം നശിച്ചു. അന്വേഷണ ഏജന്‍സികളും മറ്റും പുറത്തുവിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകളില്‍ മുറി കിട്ടുന്നില്ല. സമൂഹത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു. അന്വേഷണത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയാണ്. നോട്ടീസ് കിട്ടിയപ്പോഴൊക്കെ അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ഹാജരായിട്ടുണ്ട്. പലതവണയായി 90 മണിക്കൂറുകളോളം ചോദ്യംചെയ്തു. എന്നിട്ടും യാതൊരു തെളിവും കിട്ടിയില്ല. സൂത്രധാരനെന്ന ഊഹത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാനാണ് ഇ.ഡിയുടെ നീക്കമെന്നും ശിവശങ്കറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനു പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28-ന്; അതുവരെ അറസ്റ്റ് അരുത്
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട ഇ.ഡി, കസ്റ്റംസ് കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതിവിധി 28-ന്. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് അശോക് മേനോന്‍ നിര്‍ദേശിച്ചു. തെളിവുകളുടെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ ഇ.ഡി. മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. എന്‍.ഐ.എ. അറസ്റ്റിനു തുനിഞ്ഞേക്കുമെന്ന ആശങ്കയില്‍ ശിവശങ്കര്‍ നേരത്തേ എന്‍.ഐ.എ. കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നും അറസ്റ്റ് ചെയ്യാന്‍ ആലോചിച്ചിട്ടില്ലെന്നു എന്‍.ഐ.എ. അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി ഹര്‍ജി തീര്‍പ്പാക്കി.
from mangalam.com https://ift.tt/37zO4zl
via IFTTT
No comments:
Post a Comment