തിരുവനന്തപുരം: കുറ്റവാളികൾക്കെതിരേ സമൂഹവിരുദ്ധനിയമം(കാപ്പ) ചുമത്തുന്നതിനുള്ള അധികാരം ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് പോലീസ്, ജയിൽ പരിഷ്കരണസമിതി റിപ്പോർട്ടിൽ ശുപാർശ. കളക്ടർമാരുടെ ജോലിഭാരം കൂടിയ സാഹചര്യത്തിലും കാപ്പ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുന്നതിനാലും ഡി.ഐ.ജി. മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് ഈ നിയമം ചുമത്തുന്നതിനുള്ള അധികാരം നൽകണമെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമതി ശുപാർശ ചെയ്തു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ മഹാരാഷ്ട്രയിലുള്ളതുപോലെ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യനിയന്ത്രണനിയമം നിർമിക്കണമെന്നും പോലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കഴിവില്ലാത്തവരെയും പിരിച്ചുവിടണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കോടതിവളപ്പുകളിൽ ജയിൽസെൽ ആരംഭിക്കണം തടവുകാരെ നേരിട്ട് കോടതിയിൽ ഹാജരാക്കുന്നതിന് പകരം വീഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിക്കണം. എല്ലാ കോടതിവളപ്പുകളിലും ജയിൽസെല്ലുകൾ ആരംഭിക്കണമെന്നും മുൻ ജയിൽമേധാവി ഡോ. അലക്സാണ്ടർ ജേക്കബ്, സൈബർ സുരക്ഷാവിദഗ്ധൻ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവർ അംഗങ്ങളായ സമിതി റിപ്പോർട്ടിലുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരശേഖരണവും ബോധവത്കരണവും നടത്തണം. കേസ് ഡയറികൾ പൂർണമായും ഡിജിറ്റലാക്കണം. കെട്ടിക്കിടക്കുന്ന കേസുകൾ പൂർത്തിയാക്കാൻ പ്രത്യേക സംവിധാനമൊരുക്കണം. ക്രമസമാധാനപാലനവും അന്വേഷണവും രണ്ടുവിഭാഗമാക്കണം. വസ്തുതർക്കം, കുടുംബതർക്കം തുടങ്ങിയ ചെറിയതർക്കങ്ങൾ സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടിയുമായി ചേർന്ന് പരിഹരിക്കാനുള്ള ശ്രമങ്ങൾ വേണം. സാമ്പത്തിക നിരീക്ഷണവിഭാഗം വേണം സാമ്പത്തികതട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിൽ ഒരു സാമ്പത്തിക നിരീക്ഷണവിഭാഗം രൂപവത്കരിക്കണം. നിക്ഷേപങ്ങൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ നിയമാനുസൃതമാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുകയും വേണം. പോലീസ് നിയമത്തിന്റെ ചട്ടങ്ങൾ എത്രയുംവേഗം പ്രസിദ്ധപ്പെടുത്തണം. കേസന്വേഷണങ്ങൾക്ക് സൈബർതെളിവുകൾ, സൈബർ പരിശോധനകൾ തുടങ്ങിയവ ശക്തമാക്കണം. ജയിലുകളിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കണം. പുരുഷനഴ്സുമാരുടെ കുറവ് ഉൾപ്പടെയുളളവ വർധിപ്പിക്കണം. ജയിലുകളിൽ കൃഷി, ഭക്ഷണനിർമാണം എന്നിവയിലെ ഉത്പാദനം വർധിപ്പിക്കണം. തടവുകാർക്ക് ഇൻസെന്റീവ് നൽകണം. സംസ്ഥാനതലത്തിൽ ജയിൽ ഉപദേശകസമിതി രൂപവത്കരിക്കണമെന്നും വിരമിച്ച ജഡ്ജിയെ സമിതിയുടെ അധ്യക്ഷനാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. എല്ലാ ജില്ലകളിലും മൊബൈൽ ഫൊറൻസിക് ലാബുകൾ ആരംഭിക്കുന്നതിനൊപ്പം വിരലടയാള പരിശോധനാ ബ്യൂറോകൾ ആധുനികവത്കരിക്കാനും സമിതി ശുപാർശ ചെയ്യുന്നു. കാപ്പയെന്നാൽ ഇങ്ങനെ 2007- ലാണ് കേരള ആന്റിസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്( കാപ്പ) നിലവിൽ വന്നത്. പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നവരെ ഈ നിയമം ചുമത്തി ഒരുവർഷംവരെ ജയിലിലടയ്ക്കാം. ഗുണ്ട, റൗഡി എന്നീ വിഭാഗമായി പരിഗണിച്ചാണ് ശിക്ഷ തീരുമാനിക്കുന്നത്. കേസിൽ ഉൾപ്പെടുത്താവുന്നവരെ സംബന്ധിച്ച് 2014-ൽ നിയമഭേദഗതി വന്നു. ഒരാൾക്കുമേൽ ജില്ലാ പോലീസ് മേധാവി കളക്ടർക്ക് നൽകുന്ന ശുപാർശയോടെയാണ് നടപടികൾക്ക് തുടക്കമാകുന്നത്. സാമൂഹികസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരക്കാരെ കാപ്പനിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ കളക്ടറാണ് ഉത്തരവിടുന്നത്. ഇവരെ ഒരുവർഷംവരെ ഒരു പ്രദേശത്ത് പ്രവേശിക്കുന്നത് തടയാനും നിയമപ്രകാരം കഴിയും. ഒരു പ്രദേശം പ്രശ്നബാധിതമെന്ന് ഉത്തരവിടാനും ഈ നിയമപ്രകാരമാകും. Content Highlights;police should be empowered to impose KAAPA
from mathrubhumi.latestnews.rssfeed https://ift.tt/3dRRxu9
via
IFTTT
No comments:
Post a Comment