കൊച്ചി : പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി, ടെക്‌നോപാര്‍ക്ക് വികസനത്തിന്റെ ഭാഗമായ ടോറസ് കമ്പനിയുടെ ടെക്‌നോപാര്‍ക്ക് ഡൗണ്‍ടൗണ്‍ പദ്ധതി എന്നിവയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അന്വേഷിക്കുന്നു.
ശിവശങ്കറിനു വന്‍തുക കമ്മിഷന്‍ കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ്് അനേഷണം. സ്വര്‍ണക്കടത്ത്, െലെഫ് മിഷന്‍ എന്നിവ സംബന്ധിച്ച അന്വേഷണത്തിനിടെയാണു സ്വപ്‌ന സുരേഷിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും മൊഴിയില്‍നിന്ന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. പലവഴിക്കു കമ്മിഷനായി ലഭിച്ച കള്ളപ്പണം ശിവശങ്കര്‍ എവിടെ, ആരുവഴിയാണു നിക്ഷേപിച്ചതെന്നാണു അന്വേഷിക്കുന്നത്. ചില നിര്‍ണായക വിവരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നു ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.
ഐ.ടി. പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി റിയല്‍ എസ്‌റ്റേറ്റ് മാഫിയ കൈക്കലാക്കുകയാണ്. ഇതിനുപിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നുമാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. ഡൗണ്‍ടൗണ്‍ പദ്ധതിക്ക് ഏറ്റെടുത്ത ഭൂമിയിലെ തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തുമ്പോള്‍ ജലസംരക്ഷണത്തിനായുള്ള നടപടി വേണമെന്ന ചട്ടം അമേരിക്കന്‍ കമ്പനിയായ ടോറസ് പാലിച്ചില്ല. ഇതിനു പുറമേ തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെ 61 ഏക്കര്‍ കൂടി നികത്താനാണു ടെക്‌നോപാര്‍ക്ക് അനുമതി തേടിയത്. ഐ.ടി. സെക്രട്ടറിയായിരുന്ന ശിവശങ്കറാണു അനുമതി നല്‍കേണ്ടിയിരുന്നത്.
1028 കോടി രൂപയ്ക്കു ടെന്‍ഡര്‍ വിളിച്ച കെ. ഫോണ്‍ പദ്ധതി 1531 കോടിക്കു കരാര്‍ നല്‍കിയത് ഐ.ടി. സെക്രട്ടറി എന്നനിലയില്‍ എം. ശിവശങ്കര്‍ ഇടപെട്ടാണെന്നു രേഖകള്‍ സൂചിപ്പിക്കുന്നു. ഏഴു വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് കൂടി കണക്കാക്കിയതാണു കരാര്‍ തുക ഉയരാന്‍ കാരണമെന്നു വാദിച്ചാലും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇതു കണക്കുകൂട്ടാത്തതു ദുരൂഹമാണ്. മന്ത്രിസഭാ തീരുമാനത്തിനു കാത്തുനില്‍ക്കാതെ കരാര്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഐ.ടി.ഐ.എല്ലിനു ശിവശങ്കര്‍ നിര്‍ദേശം നല്‍കിയതിന്റെ തെളിവും ലഭിച്ചു.
ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നു കാണിച്ചു പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ടി.ഐ.എല്ലിനു കുറിപ്പയച്ചതു ശിവശങ്കറാണ്. ഉത്തരേന്ത്യയിലെയും കേരളത്തിലെയും കമ്പനികള്‍ക്കാണു വിവിധ കരാറുകള്‍ ലഭിച്ചത്. ശിവശങ്കറിനുവേണ്ടി സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണു ഇടനിലക്കാരായി നിന്നത്. കള്ളപ്പണം ഒളിപ്പിച്ചതും ഇവര്‍ വഴിയാണെന്നും സംശയമുണ്ട്. സ്വപ്‌നയുടെ ഇടപെടലില്‍ കമ്മിഷന്‍ പണം സ്വര്‍ണ്ണക്കടത്തിനും വിനിയോഗിച്ചിട്ടുണ്ട്. പിടിയിലായപ്പോള്‍ സ്വപ്‌ന ആദ്യം ശിവശങ്കറെ വിളിക്കാന്‍ കാരണവും ഇതാണെന്നു കരുതുന്നു.
from mangalam.com https://ift.tt/3meEC8O
via IFTTT
No comments:
Post a Comment