തിരുവനന്തപുരം: പെൻഷൻ നിർണയിക്കാൻ സേവനകാലാവധി കണക്കാക്കുന്ന രീതിയിൽ സർക്കാർ മാറ്റംവരുത്തിയതിൽ ജീവനക്കാർക്ക് പ്രതിഷേധം. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഇടതുസംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. ആറുമാസത്തിൽ കൂടുതലുള്ള സർവീസ് നേരത്തേ ഒരുവർഷമായി കണക്കാക്കിയിരുന്നു. ആറുമാസത്തിൽ കുറവുള്ളത് ഒഴിവാക്കിയിരുന്നു. ഇതുമാറ്റി. ഇനി മൂന്നുമുതൽ ഒമ്പതുവരെ മാസമുള്ള സർവീസ് കാലാവധി അരവർഷമായും ഒമ്പതുമാസത്തിൽ കൂടുതലുള്ളത് ഒരുവർഷമായും കണക്കാക്കും. മുഴുവൻ പെൻഷൻ അനുവദിക്കാനുള്ള കാലാവധി കണക്കാക്കുന്നതിലും മാറ്റമുണ്ട്.ഇത് ഒട്ടേറെ ജീവനക്കാർക്ക് പെൻഷനും ആനുകൂല്യവും കുറയാൻ കാരണമാകുമെന്ന് ജീവനക്കാർ പറയുന്നു. ഭൂരിഭാഗം ജീവനക്കാർക്കും ഗുണകരമല്ലാത്ത പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ഭരണാനുകൂല സംഘടനകളുടെ പൊതുവേദിയായ ഫെസ്റ്റോ ആവശ്യപ്പെട്ടു. മിനിമം പെൻഷനും ഫുൾ പെൻഷനും കണക്കാക്കാൻ ലഭിക്കുന്ന ഇളവ് സംബന്ധിച്ച് അവ്യക്തതയുണ്ട്. സർവീസ് കാലയളവിൽ വരുന്ന അധിവർഷങ്ങളിലെ അധിക ദിവസങ്ങൾകൂടി പെൻഷൻ യോഗ്യതയുള്ള ദിവസങ്ങളായി പരിഗണിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് നടപ്പാക്കുന്നതോടൊപ്പമാണ് ആറുമാസത്തിൽ ഒരുദിവസം കൂടുതലുള്ളവർക്ക് ഒരുവർഷത്തെ ആനുകൂല്യം ലഭിക്കുന്നത് അവസാനിപ്പിച്ചത്. ചർച്ചയില്ലാതെ ചട്ടം ഭേദഗതിചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫെസ്റ്റോ പ്രസിഡന്റ് കെ.സി.ഹരികൃഷ്ണനും ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടിയും പറഞ്ഞു. അനവസരത്തിൽ ജീവനക്കാരെ ദ്രോഹിക്കാനെടുത്ത തീരുമാനമാണിതെന്ന് എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ ആരോപിച്ചു. സേവനകാലയളവ് കണക്കാക്കുന്നതുസംബന്ധിച്ച് ഒട്ടേറെ ജീവനക്കാർ കോടതിയെ സമീപിക്കുന്നത് സർക്കാരിന് പണനഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാൽ അതിനുള്ള മാനദണ്ഡങ്ങൾ ഏകീകരിക്കുകയാണ് ചെയ്തതെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു. മറ്റുമാറ്റങ്ങൾ ഇങ്ങനെ * മൂന്നുമാസത്തിൽ കുറവുള്ള സർവീസ് ഒഴിവാക്കും. നേരത്തേ ആറുമാസത്തിൽ കുറവുള്ളത് ഒഴിവാക്കിയിരുന്നു. * മിനിമം പെൻഷനുവേണ്ടി ഒമ്പതുവർഷവും ഒരു ദിവസവുമെന്നത് പത്തുവർഷമായി കണക്കാക്കിയിരുന്നത് തുടരും. * 29 വർഷവും ഒരു ദിവസവും ജോലിചയ്താൽ 30 വർഷമായി കണക്കാക്കി ഫുൾപെൻഷൻ അനുവദിക്കുന്നത് നിർത്തി. * 32 വർഷവും ഒരുദിവസവും സർവീസുണ്ടെങ്കിൽ 33 വർഷമായി കണക്കാക്കി ഗ്രാറ്റ്വിറ്റി നൽകിയിരുന്നത് ഇനി തുടരില്ല. * അധിവർഷത്തെ അധികദിവസങ്ങളും പെൻഷന് കണക്കാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3jxdIrQ
via
IFTTT
No comments:
Post a Comment