ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികബില്ലുകളെ മറികടക്കാൻ കേരളവും നിയമനിർമാണത്തിന്. കോർപ്പറേറ്റുകൾക്കുപകരം സഹകരണമേഖലയ്ക്ക് ഊന്നൽ നൽകിയുള്ള നിയമമാണ് കേരളത്തിൽ നടപ്പാക്കുക. ഇതുസംബന്ധിച്ചു പ്രാഥമികചർച്ചകൾ പൂർത്തിയായതായി സി.പി.എം. കേന്ദ്രനേതൃത്വത്തിലെ പ്രമുഖൻ 'മാതൃഭൂമി'യോടുപറഞ്ഞു. കാർഷികോത്പാദനം, സംസ്കരണം, വിപണനം എന്നിവയിൽ കർഷകർക്ക് കൂടുതൽ ഗുണകരമായിട്ടുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടാവും കേരളത്തിലെ നിയമം. സംസ്കരണരംഗത്ത് വ്യാവസായികവികസനം സാധ്യമാക്കും. ഇതിൽ സഹകരണസൊസൈറ്റികൾക്കുപുറമേ, ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ഉറപ്പാക്കും. ശീതീകരണസംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിനുപുറമേ വിപണനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യവികസനമൊരുക്കും. മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനുപുറമേ കർഷകന് ലാഭംകിട്ടുന്ന വ്യാവസായികവളർച്ചകൂടി ലക്ഷ്യമിട്ടുള്ള സമഗ്രനയമായിരിക്കും നടപ്പാക്കുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ കാർഷികോത്പാദന വിപണനസമിതികൾ (എ.പി.എം.സി.) കേരളത്തിൽ പ്രസക്തമല്ല. അതുകൊണ്ടുതന്നെ പഞ്ചാബിലും മറ്റുസംസ്ഥാനങ്ങളിലും നടപ്പാക്കിയതുപോലെ എ.പി.എം.സി.യെ കണ്ടുകൊണ്ടുള്ള നിയമമാവില്ല കേരളത്തിൽ. സംസ്കരണവും മൂല്യവർധനയും വിപണനവും കഴിഞ്ഞശേഷം അതിലൊരുഭാഗം കർഷകന് ലാഭംകിട്ടുന്നതരത്തിലുള്ള രീതിയിൽ നിയമനിർമാണം നടത്തണമെന്നാണ് ചർച്ചകളിലുയർന്ന ആവശ്യം. സഹകരണമേഖലയിൽ ഉത്പന്നം വിൽക്കുമ്പോൾ സാധാരണത്തെക്കാൾ ഉയർന്നവില കിട്ടുമെങ്കിലും മൊത്തം വിപണനമൂല്യത്തിന്റെ ഒരു ഗുണവും കർഷകന് കിട്ടുന്നില്ല. ഇതുപരിഹരിക്കുന്ന വ്യവസ്ഥയും പരിഗണിച്ചുവരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായും പാർട്ടിതലത്തിലുമുള്ള കൂടിയാലോചനകളിലാണ് കിസാൻസഭ ഉൾപ്പെടെയുള്ള സംഘടനകൾ. Content Highlights:farm Law- Kerala to alternative law, emphasis on co-operative sector
from mathrubhumi.latestnews.rssfeed https://ift.tt/34kusNy
via
IFTTT
No comments:
Post a Comment