തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തിൽ തങ്ങളുടെ ആശങ്കയിൽ വ്യക്തതതേടി എൻ.സി.പി. കേരള കോൺഗ്രസ് മുന്നണിയിലേക്കുവരുന്നതിന് എന്തെങ്കിലും ഉപാധിവെച്ചിട്ടുണ്ടോയെന്ന് ടി.പി.പീതാംബരൻ ചോദിച്ചു. ഉണ്ടെങ്കിൽ അക്കാര്യം പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപാധികളില്ലെന്ന് അവർതന്നെ വ്യക്തമാക്കിയതാണല്ലോയെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. സീറ്റിന്റെ കാര്യത്തിൽ വ്യക്തതകിട്ടിയില്ലെന്ന് വീണ്ടും എൻ.സി.പി. ആവർത്തിച്ചു. നിയമസഭാസീറ്റിന്റെകാര്യത്തിൽ ആ ഘട്ടത്തിൽ ചർച്ചയെന്നതാണ് ഇടതുമുന്നണിയുടെ കീഴ്വഴക്കമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും മാത്രമായിരുന്നു എൽ.ഡി.എഫ്. യോഗത്തിന്റെ അജൻഡ. ജോസ് കെ.മാണി മുന്നണി പ്രവേശനംതേടി തന്നെവന്നുകണ്ടകാര്യം കൺവീനർ എ. വിജയരാഘവൻ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ സി.പി.എമ്മിന് അനുകൂലനിലപാടാണെന്ന് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.എൽ.ഡി.എഫ്. എടുക്കുന്ന പൊതുതീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. ജോസ് കെ.മാണിയുടെ വരവിന്റെ ഭാഗമായി സീറ്റുകളെ സംബന്ധിച്ചുവന്ന വാർത്തകൾ അഭ്യൂഹംമാത്രമാണ്. ഇപ്പോൾ ഇതുസംബന്ധിച്ച് ചർച്ചനടത്തേണ്ടതില്ലെന്നും കാനം പറഞ്ഞു. കേരള കോൺഗ്രസിന്റെ വരവ് തങ്ങളുടെ പരിഗണന കുറയ്ക്കുന്നതാവരുതെന്ന് എൽ.ജെ.ഡി. നേതാക്കൾ ആവശ്യപ്പെട്ടു. മുന്നണിയിലെ മറ്റുകക്ഷികളെല്ലാം നേരത്തേ എൽ.ഡി.എഫിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പുകളിൽ മത്സരിച്ചവരാണ്. അതല്ലാതെയുള്ളത് എൽ.ജെ.ഡി.മാത്രമാണ്. അതിനാൽ, കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനം എൽ.ജെ.ഡി.യുടെ സീറ്റുപരിഗണനകളെ ബാധിക്കരുതെന്നായിരുന്നു നേതാക്കളുടെ ആവശ്യം. മറ്റ് കക്ഷിനേതാക്കളെല്ലാം കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനത്തെ സ്വാഗതംചെയ്തതല്ലാതെ കാര്യമായ അഭിപ്രായങ്ങളൊന്നും നടത്തിയില്ല.കക്ഷിനേതാക്കൾക്കുശേഷമാണ് മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭാസീറ്റുകളുടെ കാര്യത്തിൽ കാനം പറഞ്ഞതാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. ജനതാദൾ(എസ്.), എൽ.ജെ.ഡി. എന്നീ രണ്ട് ജനതാദളുകൾ ലയിക്കുന്നത് സീറ്റുപ്രശ്നം ലഘൂകരിക്കുമെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. എൽ.ജെ.ഡി. ഉന്നയിച്ച ആശങ്കയ്ക്ക് മറുപടിയായിട്ടായിരുന്നു ഇത്. സീറ്റുസംബന്ധിച്ച് കക്ഷിനേതാക്കൾക്ക് പ്രശ്നമുള്ള സ്ഥിതിക്ക് നിയമസഭാതിരഞ്ഞെടുപ്പിന് ഒരുമാസംമുമ്പ് ഇതേകുറിച്ച് ചർച്ചനടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി പ്രകടനപത്രിക അവതരിപ്പിക്കണമെന്നായിരുന്നു യോഗത്തിലുയർന്ന മറ്റൊരഭിപ്രായം. ഇതിനായി 10 ഘടകകക്ഷികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി എൽ.ഡി.എഫ്. കൺവീനറുടെ നേതൃത്വത്തിൽ ഉപസമിതിക്ക് രൂപംനൽകി. ഉപസമിതിയിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3joEC42
via
IFTTT
No comments:
Post a Comment