കാസർകോട്: മഹാമാരിക്കും പേമാരിക്കും മുന്നിൽ തോറ്റില്ല, ആലക്കോട്ടെ ചുവന്ന മണ്ണിൽ വിളഞ്ഞ പൊൻകതിർ പത്തായത്തിലെത്തി. മണ്ണൊരുക്കി വിത്തിട്ടതും തുലാപ്പെയ്ത്തിനുമുമ്പേ കൊയ്തതും ഉദുമ എം.എൽ.എ. കെ.കുഞ്ഞിരാമൻ. ചുളിവില്ലാത്ത കുപ്പായമിട്ട് വരമ്പത്തുനിന്ന് കൂലി കൊടുക്കാനല്ല സി.പി.എമ്മിന്റെ ജില്ലാനേതാവ് കൂടിയായ ഈ എം.എൽ.എ.യ്ക്ക് ഇഷ്ടം, തൊഴിലാളികൾക്കൊപ്പം ചേറിലിറങ്ങി വിയർപ്പൊഴുക്കി ചോറുണ്ണാനുള്ള അരിയുണ്ടാക്കാനാണ്. കൃഷിയും പൊതുപ്രവർത്തനവും ഒരുപോലെ കൊണ്ടുപോവുകയാണ് എഴുപത്തിരണ്ടാം വയസ്സിലും നാടിന്റെ സ്വന്തം എം.എൽ.എ. അച്ഛൻ ചന്തുമണിയാണിയുടെ കൂടെക്കൂടി കുഞ്ഞുനാളിലേ തുടങ്ങിയതാണ് കുഞ്ഞിരാമന്റെ കൃഷിയുമായുള്ള ബന്ധം. വീടിനോട് ചേർന്നുള്ള രണ്ടേക്കർ വയലിലെ ഓരോ തരിമണ്ണും അതിലെ നീരൊഴുക്കും കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമാണ് അദ്ദേഹത്തിന്. വീട്ടിലേക്കാവശ്യമായ നെല്ല് മാറ്റിവെച്ച് ബാക്കി തൊഴിലാളികൾക്ക് കൂലിയായും കൊടുക്കും. അവരുടെ വിയർപ്പിന്റെ വിലയിലൊരു പങ്ക് നെല്ലായി കൊടുത്തില്ലെങ്കിൽ പിന്നെ കൃഷികൊണ്ട് എന്ത് അർഥമാണുള്ളതെന്നാണ് അടിയുറച്ച ഇടതുപക്ഷക്കാരന്റെ ചോദ്യം. പനയാൽ കൃഷിഭവനിൽനിന്ന് നൽകിയ നാലുപറ ഉമ വിത്താണ് ഇക്കുറി വിതച്ചത്. വിഷുകഴിഞ്ഞ് ലോക്‌ഡൗണിനിടയിൽ ഏപ്രിൽ 16-ന് കന്നിമണ്ണിൽ വിത്തെറിഞ്ഞു. കോഴിവളവും ചാണകവുമിട്ട് പാകപ്പെടുത്തിയ രണ്ടേക്കർ മണ്ണിൽ മഴ തുടങ്ങിയതോടെ പറിച്ചുനട്ടു. പള്ളിക്കര പഞ്ചായത്തിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികളെത്തിയാണ് പണി പൂർത്തിയാക്കിയത്. സഹോദരങ്ങളായ കെ.ദാമോദരനും കെ.നാരായണനും കെ.കാർത്ത്യായനിയും ഭാര്യ പി.പദ്മിനിയും വയലിലെ കാര്യങ്ങൾക്കെല്ലാം കുഞ്ഞിരാമനൊപ്പമുണ്ടാകും. ഞാറ് വളർന്നുതുടങ്ങിയപ്പോൾ തുടങ്ങിയ കീടശല്യം തീർക്കാൻ കൃഷി ഓഫീസർ കെ.വേണുഗോപാലൻ ജൈവകീടനാശിനിയുമായെത്തി.ഒക്ടോബർ ഒൻപതിനാണ് കൊയ്ത്ത് തുടങ്ങിയത്. യന്ത്രത്തിനായി കാത്തിരുന്നെങ്കിലും അത് എത്തില്ലെന്നായതോടെ എം.എൽ.എ. ബന്ധുക്കളെയും തൊഴിലാളികളെയുംകൂട്ടി അരയും തലയും മുറുക്കി കൊയ്ത്തിനിറങ്ങി. മെതിക്കാനും ആരെയും കാത്തുനിന്നില്ല. വയലിൽ കല്ലുവെച്ച് കറ്റതല്ലി മെതിക്കാനും കുഞ്ഞിരാമൻ മുന്നിൽനിന്നു. ഇക്കുറി 200 പറ നെല്ലാണ് കിട്ടിയതെന്നും മഴ ചതിച്ചില്ലായിരുന്നെങ്കിൽ വിളവ് ഇതിലും കൂടുമായിരുന്നെന്നും എം.എൽ.എ. പറഞ്ഞു. വയലിലെ വെള്ളം വലിയാനാണ് അടുത്ത കാത്തിരിപ്പ്, പച്ചക്കറിവിത്തിടാൻ.
from mathrubhumi.latestnews.rssfeed https://ift.tt/3dorBWM
via
IFTTT
No comments:
Post a Comment