ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിരുദ്ധ ഭാരതം ലക്ഷ്യമിട്ട് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണപങ്കാളിത്തം കയ്യാളുന്ന ബിജെപിയുടെ നാലു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കെതിരേ സംസ്ഥാന പാര്‍ട്ടികളില്‍ തന്നെ അസംതൃപ്തി പെരുകുന്നതായും അതൃപ്തരായ എംഎല്‍എ മാര്‍ പല തവണ ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് മുഖ്യമന്ത്രിമാരെ മാറ്റണം എന്നാവശ്യപ്പെട്ട് ട്രിപ്പടിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പുര്‍, ഉത്തരാഖണ്ഡ്, ത്രിപുര, കര്‍ണാടക സംസ്ഥാനങ്ങളിലാണ് മുഖ്യമന്ത്രിമാര്‍ക്കെതിരേ പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
എന്‍ ബീരാന്‍ സിംഗിനെതിരേ വിമതസ്വരം
ഇത്തരത്തിലുള്ള ആദ്യ കുഴപ്പം തലപൊക്കിയത് മണിപ്പൂരിലെ മുഖ്യമന്ത്രി എന്‍ ബീരാന്‍ സിംഗിനെതിരേയാണ്. പാര്‍ട്ടി എംഎല്‍എ ആയ ബിശ്വജിത്ത് പരസ്യമായി രംഗത്ത വന്നിരുന്നു. അധികാരവുമായി ബന്ധപ്പെട്ട ബീരാന്‍ സിംഗും ബിശ്വജിത്തും തമ്മില്‍ കുറേക്കാലമായി നില നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് അടുത്ത കാലത്താണെന്ന് മാത്രം. സ്‌റ്റേറ്റ് യൂണിറ്റില്‍ ശക്തനായ നേതാവായിരുന്നിട്ടും കേന്ദ്ര നേതൃത്വം എന്‍ ബീരാനാണ് മുഖ്യമന്ത്രിസ്ഥാനം വെച്ചു നീട്ടിയത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ബാബാനന്ദാ സിംഗ് അധികാരത്തില്‍ താല്‍പ്പര്യമില്ലെന്ന നിലപാട് എടുത്തതോടെയാണ് ബീരാനോ ബിശ്വജിത്തോ എന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് ആവശ്യമായി വന്നത്.
ആസ്സാമിലെ സര്‍ബാനന്ദാ സോണോവാളിനെയും അരുണാചല്‍ പ്രദേശിലെ പേമാ ഖാണ്ടുവിനെയും പോലെ കേന്ദ്രം മണിപ്പൂരിലും യുവനേതാക്കളെ തെരഞ്ഞെടുത്തതും മുഖ്യമന്ത്രി പദത്തിലേക്കുള്ള മറ്റൊരു മുഖമായിരുന്ന കെ ജോയി കിഷന്‍ കോണ്‍ഗ്രസിലേക്ക് പോകുകയും ചെയ്തതോടെ ബിശ്വജിത്തിന് സാധ്യത കൂടിയിരുന്നു. എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ചാണ് എന്‍ ബീരാനെ കേന്ദ്രം ചുമതലയേല്‍പ്പിച്ചത്. ഇതോടെ ബീരാന്റേത് ഏകാധിപത്യ ഭരണമാണെന്ന് വിമര്‍ശനം ഉയര്‍ത്തിയ എംഎല്‍എ മാര്‍ക്കൊപ്പം ബിശ്വജിത്തും ചേര്‍ന്നതോടെ പല തവണയാണ് ഇംഫാലില്‍ നിന്നും പരാതിയുമായി നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റാനുള്ള ഇവരുടെ വാദത്തെ അനുനയിപ്പിച്ച് തിരിച്ചയയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. ബീരാനെതിരേ കോണ്‍ഗ്രസും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഉയര്‍ത്തുന്ന വിമര്‍ശനം ബിജെപി വിമതരുടെ പിന്തുണയോടെയാണെന്നാണ് ആരോപണം.
ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരേ ബിഷന്‍ സിംഗ് ചുഫാല്‍
സമാനഗതിയാണ് ഉത്തരാഖണ്ഡിലും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാാരം ബിജെപി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരേ ബിഷന്‍ സിംഗ് ചുഫാലിനെതിരേ വിമത സ്വരം ഉയരുന്നു എന്നതാണ്. പിത്തോരഗര്‍ ജില്ലയിലെ ദീദിഹട്ട് മണ്ഡലത്തിലെ എംഎല്‍എ യായ ചുഫാല്‍ സെപ്തംബര്‍ ആദ്യം പാര്‍ട്ടി പ്രസിഡന്റ് ജെപി നദ്ദയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയത് തന്റെ ആശങ്ക പങ്കുവെയ്ക്കാനായിരുന്നു എന്നാണ് വിവരം.
അഞ്ചു തവണ എംഎല്‍എയും 2009 മുതല്‍ 2013 വരെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നയാളാണ് ചുഫാല്‍. 2017 ല്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ചുഫാല്‍ ഉള്‍പ്പെടെ അനേകം മുഖങ്ങള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസ് താല്‍പ്പര്യം അനുസരിച്ച റാവത്തിനെയാണ് നേതൃത്വത്തിലേക്ക തെരഞ്ഞെടുത്തത്. ചുഫാല്‍ മന്ത്രിയാകാന്‍ കൊതിച്ചിരുന്നെങ്കിലും റാവത്ത് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. 12 ക്യാബിനറ്റ് ബെര്‍ത്തില്‍ രണ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും ആ വിടവ് നികത്താനോ ചുഫാലിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനോ റാവത്ത് തയ്യാറായിട്ടില്ല. ഈ സീറ്റുകള്‍ ഇപ്പോഴൂം ഒഴിഞ്ഞു തന്നെയിരിക്കുകയാണ്.
ബിപ്ലവ് കുമാര്‍ ദേവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍
മണിപ്പൂരിലേതിന് സമാനമാണ് ത്രിപുരയലെയും കാര്യങ്ങള്‍. ദീര്‍ഘകാലം ഭരണം നടത്തിയ മണിക് സര്‍ക്കാരിന്റെ ഇടതുപക്ഷത്തെ മറിച്ചിട്ട ശേഷമാണ് ബിജെപി 2018 തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത്്. സുദീപ് റോയി ബര്‍മാനാണ് ഇവിടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിന് എതിരാളിയാകുന്നത്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമ്പോള്‍ അധികാരത്തിലേക്ക് ബിജെപിയുടെ ഈ മേഖലയുടെ ചുമതല കയ്യാളുന്ന രാം മാധവ് സുദീപ് റോയ് ബര്‍മനെ മറികടന്ന് ബിപ്ലവ് ദേവിന് അവസരം നല്‍കുകയായിരുന്നു. തന്റെ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായ ബര്‍മാന്‍ കഴിഞ്ഞവര്‍ഷം മന്ത്രി സ്ഥാനത്ത് നീക്കിയത് മുതലാണ് ബിപ്ലവ് ദേവുമായി കലഹം തുടങ്ങിയത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ് ബിപ്ലവ് ദേവ് ബര്‍മാനെതിരേ ഉയര്‍ത്തിയ ആരോപണം. ഈ വര്‍ഷം ആഗസ്റ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബര്‍മാനെതിരേ കേസെടുക്കുകയൂം ചെയ്തു.
ഇപ്പോള്‍ മന്ത്രിസഭയില്‍ കാര്യമായ മാറ്റം വേണമെന്ന് പാര്‍ട്ടിയുടെ 36 എംഎല്‍എമാരില്‍ 25 പേരും ബര്‍മാന്റെ നേതൃത്വത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒക്‌ടോബര്‍ രണ്ടാം ആഴ്ച ബര്‍മാന്റെ നേതൃത്വത്തില്‍ ഡല്‍ഹിക്ക് പറന്ന ഇവര്‍ ജെപി നദ്ദയുമായും പാര്‍ട്ടി സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷുമായും അമിത്ഷായുമായും കൂടിക്കാഴ്ചയും നടത്തിയിരിക്കുകയാണ്. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ 11 ബിജെപി എംഎല്‍എമാരില്‍ നാലു പേര്‍ കേന്ദ്ര ബിപ്ലവ് കുമാര്‍ ദേവിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ തയ്യാറാകണമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറയുകയും ചെയ്തു.
യെദ്യുരപ്പ നേരിടുന്ന വടക്കന്‍ കര്‍ണാടകക്കാരുടെ സമ്മര്‍ദ്ദം
ബിജെപി ഭരിക്കുന്ന കര്‍ണാടകില്‍ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികകാലം വാഴില്ലെന്ന് പാര്‍ട്ടി എംഎല്‍എയായ പാട്ടീല്‍ യത്‌നാല്‍ പറഞ്ഞത് ഈ ആഴ്ച ആദ്യമായിരുന്നു. ഹൈക്കമാന്റ് അദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും വടക്കന്‍ കര്‍ണാടകയെ അദ്ദേഹം പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്നും ബിജെപിയുടെ കര്‍ണാടകത്തിലെ സീനിയര്‍ നേതാക്കളും അദ്ദേഹത്തെക്കൊണ്ടു മുഷിഞ്ഞെന്നും പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയായി ബിജെപി കാണുന്ന യത്‌നാല്‍ വടക്കന്‍ കര്‍ണാടകത്തില്‍ നിന്നും നിയമസഭയില്‍ എത്തിയ 100 ബിജെപി എംഎല്‍എമാരുടെ ശബ്ദമാണ്. വടക്കന്‍ കര്‍ണാടകയെ അപേക്ഷിച്ച് തെക്കന്‍ കര്‍ണാടകത്തില്‍ നിന്നും ബിജെപിയ്ക്കുള്ളത് 15 എംഎല്‍എ മാര്‍ മാത്രമാണ്.
യെദ്യൂരപ്പ തെക്കന്‍ കര്‍ണാടകത്തിലെ ഷിവമോഗയില്‍ നിന്നുള്ള നേതാവാണ്. മുഖ്യമന്ത്രിയുടെ മാറ്റം സംബന്ധിച്ച ഉറപ്പ് തനിക്ക് നല്‍കിയിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്നണ് യത്‌നാല്‍ പറയുന്നത്. അതേസമയം പ്രസ്താവനയെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി.റ്റി. രവി തള്ളിയിട്ടുണ്ട് . പാര്‍ട്ടിക്കുള്ളില്‍ മാറ്റം വരുമെന്നും യെദ്യൂരപ്പയെ ചിലപ്പോള്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റിയേക്കും തുടങ്ങിയ അഭ്യുഹങ്ങള്‍ സെപ്തംബറില്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് യദ്യൂരപ്പ ഡല്‍ഹിയില്‍ പോയി നദ്ദയും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ചയും നടത്തി. അടുത്തിടെ വടക്കന്‍ കര്‍ണാടകത്തില്‍ നിന്നും എട്ടു തവണ എംഎല്‍എ ആയിട്ടുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിയും മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയിരുന്നു.
യദ്യൂരപ്പയുടെ മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ തനിക്ക് താല്‍പ്പര്യം ഇല്ലെന്നും എന്നാല്‍ വടക്കന്‍ കര്‍ണാടകത്തില്‍ നിന്നും ഒരാള്‍ മുഖ്യമന്ത്രിയായാല്‍ അനുകൂലിക്കുമെന്നും പറഞ്ഞിരുന്നു. 2023 തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചു കൊണ്ടു ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നു. ഉത്തരാഖണ്ഡിനെ പോലെ കര്‍ണാടത്തിലും ക്യാബിനറ്റ് വികസനം കാത്തുകിടക്കുകയാണ്. ഇവിടുത്തെ 28 ക്യാബിനറ്റ് ബര്‍ത്തില്‍ ആറെണ്ണം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടു സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ ഇതുണ്ടാകുമെന്നാണ് കരുതുന്നത്.
from mangalam.com https://ift.tt/2TAOa1L
via IFTTT
No comments:
Post a Comment