ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി. കടുത്ത പ്രതിരോധത്തിലായി. സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും യു.പി.യിൽ ബി.ജെ.പി.ക്കുള്ള ദളിത് വിഭാഗങ്ങളുടെ പിന്തുണയിൽ സംഭവം വിള്ളൽവീഴ്ത്തിയേക്കും. ഈ മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാതിരഞ്ഞെടുപ്പിലും ഹാഥ്‌റസ് പ്രധാന ചർച്ചയാകും. പ്രധാനമന്ത്രിയുൾപ്പെടെ ബി.ജെ.പി.യുടെ ദേശീയനേതാക്കൾ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.ബി.ജെ.പി.യുടെ ദേശീയ നേതൃത്വത്തെയും ഹാഥ്‌റസ് സംഭവം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉമാഭാരതിക്കുപിന്നാലെ ദളിത് എം.പി.മാരും വിയോജിപ്പുയർത്തിയത് നേതൃത്വത്തിന് ക്ഷീണമായി. പട്ടിക ജാതി-വർഗ ക്ഷേമമന്ത്രാലയത്തിന്റെ പാർലമെന്ററികാര്യസമിതി അധ്യക്ഷനും എം.പി.യുമായ കിരീട് സോളങ്കി, ലോക്‌സഭാംഗങ്ങളായ വിനോദ് കുമാർ ശങ്കർ, ഉപേന്ദ്ര സിങ് റാവത്ത് തുടങ്ങിയവർ തുറന്ന വിമർശനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.ബി.ജെ.പി.ക്കുള്ളിൽ ആർ.എസ്.എസിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് യോഗി ആദിത്യനാഥ്. ആർ.എസ്.എസ്. ഇടപെട്ടാണ് യോഗിയെ 2017-ൽ യു.പി. മുഖ്യമന്ത്രിയായി നിയമിച്ചത്. അയോധ്യയിലെ രാമക്ഷേത്രനിർമാണമുൾപ്പടെയുള്ള ഹിന്ദുത്വ അജൻഡകൾ നടപ്പാക്കാൻ യോഗി വേണമെന്ന നിലപാടായിരുന്നു സംഘത്തിന്. ഈ സാഹചര്യത്തിൽ ബി.ജെ.പി. ദേശീയ നേതാക്കളുടെ മൗനം ശ്രദ്ധേയമാണ്.യോഗിസർക്കാരിനെതിരേ ഉയരുന്ന പ്രതിഷേധം ദളിത് വോട്ടുബാങ്കിൽ ചോർച്ചയുണ്ടാക്കുമെന്ന ഭയം ദേശീയ നേതൃത്വത്തിനുണ്ട്. യു.പി.യിലെ ദളിത് വിഭാഗങ്ങളിൽ നിർണായക സ്വാധീനമുള്ള വാല്മീകി സമുദായത്തിൽപ്പെട്ട യുവതിയാണ് കൊല്ലപ്പെട്ടത്. ബിഹാർ, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ സമുദായത്തിന് നിർണായകസ്വാധീനമുണ്ട്. പടിഞ്ഞാറൻ യു.പി.യിലെ 25 ജില്ലകളിൽ സമുദായം നിർണായകമാണ്. വർഷങ്ങളായി ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരാണിവർ. 1970-കൾവരെ ഇവർ കോൺഗ്രസിനാണ് വോട്ടുചെയ്തിരുന്നത്. എഴുപതുകളിൽ ആർ.എസ്.എസ്. ഇവർക്കിടയിൽ പ്രവർത്തനം വിപുലമാക്കിയതോടെ ഹൈന്ദവരാഷ്ട്രീയധാരയ്ക്കൊപ്പമായി. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് ദുർബലമായിത്തുടങ്ങിയതോടെ, ബി.ജെ.പി.യുടെ വലിയ വോട്ടുബാങ്കായി വാല്മീകി സമുദായം മാറി. ഹാഥ്റസ് സംഭവവും അതിനെതിരേ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തിലുള്ള പ്രതിഷേധവും ഇവരെ വീണ്ടും കോൺഗ്രസിനോട് അടുപ്പിക്കുമോ എന്നാണ് ബി.ജെ.പി.യുടെ ആശങ്ക.
from mathrubhumi.latestnews.rssfeed https://ift.tt/2SrqVXc
via
IFTTT
No comments:
Post a Comment