കൊച്ചി: വയലാറും പുന്നപ്രയും ചെങ്കൊടിയേന്തുന്നതിനും മുന്നേ അയൽവാസിയായ സുഹൃത്തിന്റെ മകന് ലെനിൻ എന്നുപേരിട്ട കേശവൻ തനിക്ക് മകൻ പിറന്നപ്പോൾ പേരുതേടി പോയത് റഷ്യയിലേക്കല്ല. അർഥതലങ്ങൾ ഏറെയുള്ള ഒരു പേര് മകനായി അദ്ദേഹം കണ്ടുപിടിച്ചു. മകൻ നാളെ അർഥപൂർണമായ ഒരു ജീവിതത്തിന്റെ ഉടമയാകുമെന്നും സാർഥകമായ സാഹിത്യലോകത്തെ വരിക്കുമെന്നും ഉറപ്പിച്ചതുപോലെയുള്ള ഒരുപേര്...സാനു. മലയാള സാഹിത്യലോകത്തും സാംസ്കാരികരംഗത്തും സാനു പ്രപഞ്ചം സൃഷ്ടിച്ച എം.കെ. സാനു ചൊവ്വാഴ്ച 93-ാം പിറന്നാളിന്റെ നിറവിലെത്തുമ്പോൾ കേരളം കൈകൂപ്പി പറയുന്നത് ഒന്നുമാത്രം...സാനുമാഷ്, മനുഷ്യനെ സ്നേഹിച്ച ഒരാൾ. ഭൂമിയിലെ വർഷങ്ങൾ ഭൂമിയിൽ 93 വർഷങ്ങൾ പിന്നിടുന്ന ജീവിതത്തെ എങ്ങനെയാണ് മാഷ് വാക്കുകളിൽ വരച്ചിടുന്നത്? ചോദ്യത്തിനു ശാന്തമായ ഒരു പുഞ്ചിരിയായിരുന്നു ആദ്യ മറുപടി. ''ഇത്രയുംകാലം ഞാൻ ജീവിച്ചിരിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. ജീവിച്ചകാലത്ത് വല്ലതുമൊക്കെ സമൂഹത്തിനുവേണ്ടി ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നാണ് വിശ്വാസം. ഒരുപാടുപേരുടെ സ്നേഹവും കരുതലുമൊക്കെ ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. ഭൂമിയിലെ വർഷങ്ങളിൽ ഏറ്റവുംപ്രിയപ്പെട്ടത് ഏതാണെന്നു ചോദിച്ചാൽ, അതു അധ്യാപകനായിരുന്ന കാലമാണ്. ഇരുപതാംവയസ്സിൽ അധ്യാപകനായി 40 വർഷത്തോളം പഠിപ്പിക്കാൻ കഴിഞ്ഞതിൽപ്പരം ഭാഗ്യവും സന്തോഷവും വേറെയൊന്നുമില്ല'' -സാനു മാഷ് പറഞ്ഞു. 'മനസ്സിനും ആത്മാവിനും സന്തോഷം നൽകുന്ന കാലഘട്ടം' -മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്ന കാലത്തെ മാഷ് ഒരു വാചകത്തിൽ അടയാളപ്പെടുത്തി. മൗനത്തിന് പരിധിയുണ്ട് സാംസ്കാരികകേരളത്തിന്റെ പ്രതികരണമുഖം എന്ന വിലാസത്തെപ്പറ്റി ചോദിച്ചപ്പോഴും പുഞ്ചിരിയായിരുന്നു ആദ്യ മറുപടി. ''മൗനമായിരിക്കുന്നതിനും ഒരുപരിധിയുണ്ട്. അങ്ങേയറ്റം കഴിയുമ്പോഴാണ് ഏതു വിഷയമായാലും ഞാൻ പ്രതികരിക്കാറുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ടൗൺഹാളിൽ പ്രസംഗിക്കാൻ പോയത് അത്തരമൊരു മൗനലംഘനമായിരുന്നു. ജാതി, മത ഭേദങ്ങൾക്കപ്പുറം മനുഷ്യനെയാണ് ശ്രീനാരായണഗുരു കണ്ടത്. എന്നാൽ, ഗുരുവിന്റെ ദർശനങ്ങളെ ഗുരുവിന്റെ പേരിലുള്ള സംഘടനയിലെ ചിലർ കാണാതിരുന്നപ്പോഴും പ്രതികരിച്ചിട്ടുണ്ട്. മരണംവരെ മൗനമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'' -സാനു മാഷ് പറഞ്ഞു. കോവിഡ് കാലത്തെ പിറന്നാൾ കോവിഡ് കാലത്തെ പിറന്നാളിനെപ്പറ്റി ചോദിച്ചപ്പോൾ, പതിവുപോലെ ഒരുദിനം എന്നായിരുന്നു പ്രതികരണം. ''തുലാമാസത്തിലെ വിശാഖം നാളിലാണ് ജനനം. ജന്മദിനങ്ങൾ ഒരിക്കലും അങ്ങനെ ആഘോഷിച്ചിട്ടില്ല. ഇത്തവണ കോവിഡ് കാലത്ത് പിറന്നാൾ വരുമ്പോഴും അങ്ങനെത്തന്നെ. ലോക്ഡൗണിൽ പുറത്തൊന്നും പോകാൻകഴിയാതെ ഞാൻ വിഷാദാവസ്ഥയിലേക്കു പോയതാണ്. പിന്നെ അതൊക്കെ മാറി. കോവിഡ് കാലത്ത് വീട്ടിലിരുന്ന് കേസരി ബാലകൃഷ്ണപിള്ളുടെ ജീവചരിത്രപഠനം എഴുതിത്തീർത്തു. ഈ പിറന്നാളിന്റെ ഏറ്റവുംവലിയ സന്തോഷവും അതാണ്. ഇനി ഒരാഗ്രഹം കൂടിയേ ബാക്കിയുള്ളൂ, പകൽമുഴുവൻ ജോലിചെയ്ത് വൈകുന്നേരമാകുമ്പോൾ ഒന്നുറങ്ങാൻ കൊതിക്കുന്നതുപോലെ ഒരാളെയും ബുദ്ധിമുട്ടിക്കാതെ ഈ ലോകത്തോടു വിടപറയണം''. Content Highlight: M. K. Sanu turns 70
from mathrubhumi.latestnews.rssfeed https://ift.tt/3kxTvmd
via
IFTTT
No comments:
Post a Comment