തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൊള്ളയടിക്കാന്‍ ദേവസ്വം മരാമത്ത് വകുപ്പിലെ ഉന്നതര്‍. നടക്കാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്‍ മാറിയെടുക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
നടപടികള്‍ പാലിക്കാതെ 50 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ബില്ല് മാറിയതിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതിനു പിന്നാലെയാണ് ഇക്കാര്യവും പുറത്തുവരുന്നത്. മാവേലിക്കര, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം വൈക്കം എന്നിവിടങ്ങളില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരിലാണു തട്ടിപ്പ്. ഓരോ സ്ഥലത്തും കോടികളുടെ വെട്ടിപ്പിനാണു നീക്കം. മുന്‍ബോര്‍ഡിന്റെ കാലത്ത് ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല സെക്ഷനുകളില്‍ നിര്‍മാണം നടന്നത്.
ഇതിന് മുന്‍ ബോര്‍ഡ് ഭരണസമിതി കണ്ണടച്ച് സാങ്കേതിക-ഭരണാനുമതി നല്‍കി. നേരിട്ടു പരിശോധന നടത്താതെ ബില്ലുകള്‍ പാസാക്കാന്‍ മരാമത്ത് വിഭാഗത്തിലെ ചില ഉന്നതര്‍ അനുമതിയും നല്‍കിയതോടെയാണ് തട്ടിപ്പിനു കളമൊരുങ്ങിയത്. കോട്ടയത്തു നടന്നത് കോടികളുടെ വെട്ടിപ്പാണ്.
വൈക്കത്ത് ഒരു കോടി രൂപയുടെ കോംപ്ലക്‌സ് നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍, 50 ലക്ഷം രൂപയുടെ നിര്‍മാണംപോലും അവിടെ നടന്നിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മുഴുവന്‍ തുകയുടെയും ബില്ല് പാസാക്കാന്‍ നീക്കം നടക്കുന്നത്. പലയിടങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആരംഭിച്ചയിടങ്ങളില്‍ 30 ശതമാനം പോലും ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുമില്ല.
ബില്ലുകള്‍ മാറിയെടുക്കാനുള്ള നീക്കത്തിനെതിരേ ചില കരാറുകാര്‍ ദേവസ്വം വിജിലന്‍സിനു നല്‍കിയ പരാതികള്‍ നടപടിയെടുക്കാതെ ഒതുക്കി. വിജിലന്‍സ് അന്വേഷണത്തിനായി ഫയലുകള്‍ ആവശ്യപ്പെട്ടതോടെ ഉന്നതന്റെ ബിനാമികളായിരുന്ന എന്‍ജിനീയര്‍മാര്‍ അവധിയെടുത്ത് മുങ്ങി. ഈ ഉന്നതന്‍ ബോര്‍ഡില്‍നിന്ന് വിരമിച്ചെങ്കിലും ഭരണകക്ഷിയിലുള്ള സ്വാധീനം ഉപയോഗിച്ച് അന്വേഷണം മുളയിലേ നുള്ളി.
ഇക്കാര്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മരാമത്ത് വിഭാഗത്തില്‍ ഓഡിറ്റ് നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. മരാമത്തിലെ 18 വിഭാഗങ്ങളിലെയും നോണ്‍ കേഡര്‍ എ.ഇമാരെ പൂര്‍ണമായി ഒഴിവാക്കി രണ്ടു സെക്ഷന്റെ വീതം ചാര്‍ജ് കേഡര്‍ എ.ഇമാര്‍ക്കു നല്‍കി അഴിമതി മറച്ചുവയ്ക്കാനുള്ള ശ്രമവും നടന്നു.
അതേസമയം, അഴിമതിയാരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തെളിവു ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുന്‍ ബോര്‍ഡ് സാങ്കേതിക-ഭരണാനുമതി നല്‍കിയ പ്രവര്‍ത്തനങ്ങളില്‍ പുതിയ ബോര്‍ഡിന് ഇടപെടുന്നതില്‍ പരിമതികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/35wIKu7
via IFTTT
No comments:
Post a Comment