പാലോട് (തിരുവനന്തപുരം): വംശനാശം സംഭവിച്ചെന്ന് കരുതിയിരുന്ന വൃക്ഷത്തെ 185 വർഷത്തിനുശേഷം കൊല്ലം പരവൂരിലെ കൂനയിൽ ആയിരവല്ലി ശിവക്ഷേത്രത്തിലെ കാവിൽ കണ്ടെത്തി. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ (ടി.ബി.ജി.ആർ.ഐ.) ഗവേഷകസംഘമാണ് മധുക്ക ഡിപ്ലോസ്റ്റിമൻ എന്ന ശാസ്ത്രനാമമുള്ള മരത്തെ കണ്ടെത്തിയത്. ‘കാവിലിപ്പ’ എന്ന പ്രാദേശികനാമവും അവരതിന് നൽകി. സപ്പോട്ട മരത്തിന്റെ കുടുംബത്തിൽ വരുന്ന ഇലിപ്പ എന്ന സസ്യജനുസ്സിൽപ്പെട്ടവയാണിവ. മനോൻമണീയം സർവകലാശാലയിലെ പിഎച്ച്.ഡി. ഗവേഷണത്തിന്റെ ഭാഗമായി കാവുകളിലെ മരങ്ങളെപ്പറ്റി ഗവേഷണം നടത്തിയ എസ്. ശൈലജകുമാരിയാണ് ഇതിനെ ഗവേഷകശ്രദ്ധയിൽ കൊണ്ടുവന്നത്. ആറ്റിലിപ്പ എന്ന പേരിലാണ് ഈ മരം അറിയപ്പെട്ടിരുന്നത്. ആറ്റിലിപ്പയിൽനിന്ന് വ്യത്യസ്തമാണിതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. ഇ.എസ്. സന്തോഷ്‌കുമാർ, എ.കെ. ശ്രീകല, ബി. പാർഥിപൻ, ആർ. പ്രേംകുമാർ എന്നിവരും ഗവേഷകസംഘത്തിലുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഡോക്ടറായിരുന്ന റോബർട്ട് വൈറ്റ് ആണ് 1835-ൽ ഈയിനം മരത്തിന്റെ സാന്നിധ്യം ലോകത്തെ അറിയിച്ചത്. അദ്ദേഹം അത് കണ്ടതും കൊല്ലത്തുതന്നെയാണ്. അതിനുശേഷം ലോകത്തെങ്ങും കാവിലിപ്പയെ കണ്ടെത്തിയതായി രേഖകളില്ലെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. എവിടെയും കാണാതായതോടെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) ഇവയെ സമീപഭാവിയിൽത്തന്നെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2GEYJ09
via
IFTTT
No comments:
Post a Comment