സീതത്തോട്(പത്തനംതിട്ട): 'ഇപ്പം വരാമെന്ന് പറഞ്ഞ് പോയതാണല്ലോ പൊന്നുമോനേ. നാല്പതാം ദിവസം ഇങ്ങനെ തിരിച്ചുവരാനാണോ പോയത്...ദൈവമേ.' ഫാം ഉടമ പി.പി. മത്തായി (പൊന്നു-42)യുടെ മൃതദേഹം എത്തിച്ചതുമുതൽ പള്ളിയിലേക്കെടുക്കുംവരെ കുടപ്പന പടിഞ്ഞാറേചരുവിൽ വീട്ടിൽനിന്ന് കേട്ട ചോദ്യമായിരുന്നു ഇത്. ഭാര്യ ഷീബയും രണ്ട് കുട്ടികളും അമ്മയും അലമുറയിട്ടു കരഞ്ഞ് പലപ്പോഴും മൃതദേഹം സൂക്ഷിച്ചിരുന്ന മൊബൈൽ മോർച്ചറിക്ക് മുകളിലേക്ക് തളർന്നുവീണു. അവരെ സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടാതെ പലരും അകന്നുനിന്നു. കാരണം, 40 ദിവസമായി ഇൗ കുടുംബത്തോട് പറയാവുന്ന ആശ്വാസവാക്കുകളെല്ലാം അവർ പറഞ്ഞുതീർന്നിരുന്നു. വെള്ളിയാഴ്ച സി.ബി.ഐ. സംഘം നടത്തിയ മൃതദേഹം പരിശോധനയ്ക്കുശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാവിലെ പത്തിന് അരീക്കക്കാവിലേക്ക് നടന്ന വിലാപയാത്രയിൽ പ്രധാന സ്ഥലങ്ങളിലെല്ലാം മത്തായിയെ ഒരുനോക്ക് കാണാൻ ജനങ്ങൾ കൂടി. അരീക്കക്കാവിൽ മത്തായി താമസിച്ചിരുന്ന വീട്ടിൽ 12 മണിയോടെ മൃതദേഹം എത്തിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായായിരുന്നു പൊതുദർശനം. മലങ്കരസഭ സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്താ, നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാമാർ നികോദിമോസ് മെത്രാപ്പൊലീത്ത, ബസലേൽ റമ്പാൻ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഒട്ടേറെ വൈദികരുടെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷാ ചടങ്ങുകൾ. രണ്ടുമണിയോടെ അരീക്കക്കാവിൽനിന്ന് മൃതദേഹവുമായുള്ള വിലാപയാത്ര കുടപ്പനയിലെ കുടുംബവീട്ടിലേക്ക് നീങ്ങി. മത്തായിയുടെ ജന്മഗ്രാമമായ കുടപ്പനയിലും വലിയ ജനക്കൂട്ടമെത്തി. പൊതുദർശനത്തിനുശേഷം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം എത്തിച്ചു. അവിടുത്തെ പ്രാർഥനാ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം ശവസംസ്കാരം നടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ജൂലായ് 28-നാണ് മത്തായിയെ വീട്ടിൽനിന്ന് കൂട്ടികൊണ്ടുപോയത്. അന്ന് രാത്രിതന്നെ മൃതദേഹം കുടപ്പനയിലെ കുടുംബവീടിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി. തുടർന്ന് മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെച്ചൊല്ലി ഉയർന്നുവന്ന പ്രതിഷേധങ്ങൾ ശവസംസ്കാരം നീണ്ടുപോകാനിടയാക്കുകയായിരുന്നു. ഒടുവിൽ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തതോടെയാണ് കുടുംബം മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറായത്. മത്തായിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി ആന്റോ ആന്റണി എം.പി., എം.എൽ.എ. മാരായ പി.ജെ.ജോസഫ്, രാജു ഏബ്രഹാം, കെ.യു.ജനീഷ്കുമാർ, പി.സി. ജോർജ് എന്നിവരും ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്, മുൻ എം.പി. കെ.ഫ്രാൻസിസ് ജോർജ്, പി.മോഹൻരാജ്, പഴകുളം മധു, ജോസഫ് എം.പുതുശേരി, വിക്ടർ ടി.തോമസ് തുടങ്ങിയ നേതാക്കളുമെത്തി. Content Highlight: Mathayi Case: Body buried after 39 days
from mathrubhumi.latestnews.rssfeed https://ift.tt/3bv3V2d
via
IFTTT
No comments:
Post a Comment