കൊല്ലം : സംസ്ഥാന സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനുപകരം തുല്യതുകയ്ക്കുള്ള കൂപ്പൺ വിതരണം ചെയ്യണമെന്ന് ശുപാർശ. കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നൽകി. സാധനങ്ങൾ കിറ്റാക്കി നൽകുന്നതിനുപകരം കൂപ്പൺ നൽകിയാൽ വിതരണച്ചെലവിനത്തിൽ ഒരുമാസം 16 മുതൽ 20 വരെ കോടിരൂപ ലാഭിക്കാമെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്.ഇതുവരെ ഓണക്കിറ്റ് വിതരണം പൂർത്തിയായിട്ടില്ല. നാലുമാസംകൂടി കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത കിറ്റിന് ആവശ്യമായ സാധനങ്ങൾ സംഭരിക്കാൻ സപ്ലൈകോ തുടങ്ങിയിട്ടില്ല. കൂപ്പൺ നൽകിയാൽ കിറ്റിന്റെ മൂല്യത്തെയും സാധനങ്ങളുടെ ഗുണനിലവാരത്തെയും അളവിനെയും സംബന്ധിച്ച പരാതികൾ ഒഴിവാക്കാനാകും. ഇതിന്റെ പേരിൽ സിവിൽ സപ്ലൈസ് ജീവനക്കാർ അനുഭവിക്കുന്ന മാനസികപീഡനത്തിനും പരിഹാരമാകും.കൂപ്പൺ നൽകിയാൽ സൗകര്യപ്രദമായ സപ്ലൈകോ ഔട്ട്‌ലെറ്റിൽനിന്ന് ഉപഭോക്താവിന് മരുന്നുകളോ ആവശ്യമുള്ള പലചരക്ക് സാധനങ്ങളോ വാങ്ങാനാകും. കൂപ്പണിന്റെ മൂല്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്ന സാഹചര്യം വഴി സപ്ലൈകോയുടെ വിറ്റുവരവ് വർധിക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ നേരിടുന്ന തടസ്സം ഒഴിവാക്കാം. സാമ്പത്തിക ഭദ്രതയുള്ളവർക്ക് കൂപ്പൺ തിരികെനൽകി സർക്കാരിനെ സഹായിക്കാനാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.വിജിലൻസ് നടത്തിയ പരിശോധനയിൽ ഓണക്കിറ്റിലെ ശർക്കരയുടെ തൂക്കക്കുറവുമായി ബന്ധപ്പെട്ട കേസുകളിൽ നിരപരാധികളായ പല ജീവനക്കാരും സംശയത്തിന്റെ നിഴലിലാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബി.പത്മകുമാർ പറഞ്ഞു. ക്രമക്കേടുകൾ കാണിച്ച വിതരണക്കാരെ ഒരുമാസത്തേക്ക് വിലക്കുക മാത്രമാണ് ചെയ്തത്. വിലക്ക് കാലാവധികഴിഞ്ഞ സാഹചര്യത്തിൽ ടെൻഡർ നടപടികളിൽ അവർക്ക് പങ്കെടുക്കാൻ കഴിയും. കാലാവധികഴിഞ്ഞതും കേടായതും തൂക്കത്തിൽ കുറഞ്ഞതും ആരോഗ്യത്തിന് ഹാനികരമെന്ന് പരിശോധനയിൽ തെളിഞ്ഞതുമായ ശർക്കരയും പപ്പടവും കഴിച്ച ജനത്തിന്റെ കാര്യം ആര് ശ്രദ്ധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3mhbD4Q
via
IFTTT
No comments:
Post a Comment